വെടി വെച്ചാലും പിന്നോട്ടില്ലെന്ന് കര്‍ഷകര്‍; അവസാനം പൊലീസ് പിന്‍മാറി: ശശി തരൂര്‍ അടക്കം എട്ട് പേര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം

വെടി വെച്ചാലും പിന്നോട്ടില്ലെന്ന് കര്‍ഷകര്‍;  അവസാനം പൊലീസ് പിന്‍മാറി:  ശശി തരൂര്‍ അടക്കം എട്ട് പേര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍ റാലിക്കിടെയുണ്ടായ സംഘര്‍ഷങ്ങളുടെ പേരില്‍ പ്രക്ഷോഭ കേന്ദ്രങ്ങളില്‍ നിന്നു കര്‍ഷകരെ ബലം പ്രയോഗിച്ചു ഒഴിപ്പിക്കാനുള്ള നീക്കത്തില്‍ നിന്ന് പൊലീസും കേന്ദ്രസേനയും അവസാനം പിന്‍മാറി.

ഡല്‍ഹി യുപി അതിര്‍ത്തിയിലുള്ള ഗാസിപ്പുരിലെ പ്രക്ഷോഭ കേന്ദ്രം ഇന്നലെ രാത്രി 11 ന് ഒഴിപ്പിക്കണമെന്ന് ജില്ലാ ഭരണകൂടം ഉത്തരവിട്ടിരുന്നു. വെടി വച്ചാലും പിന്നോട്ടില്ലെന്ന് കര്‍ഷക നേതാവ് രാകേഷ് ടികായതും ഒപ്പമുള്ള കര്‍ഷകരും പ്രഖ്യാപിച്ച് വേദിയില്‍ നിലയുറപ്പിച്ചതോടെ സ്ഥലത്തെത്തിയ പൊലീസും ദ്രുതകര്‍മ സേനയും പിന്‍മാറുകയായിരുന്നു.

കര്‍ഷകര്‍ നിലപാട് കടുപ്പിച്ചതോടെയാണ് ഒഴിപ്പിക്കാനുള്ള ശ്രമം ഉപേക്ഷിച്ച് യുപി പൊലീസും ദ്രുതകര്‍മ സേനയും രാത്രി ഒരു മണിക്ക് മടങ്ങിയത്. ജില്ലാ മജിസ്ട്രേട്ട് അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ ഗാസിപ്പുരിലെ പ്രക്ഷോഭകേന്ദ്രത്തിനു മുന്നില്‍ എത്തിയിരുന്നു.

സമരവേദി ഒഴിപ്പിക്കാന്‍ പൊലീസ് നീക്കം തുടങ്ങിയെന്ന വാര്‍ത്തയെത്തിയതോടെ പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശില്‍ നിന്ന് നിരവധി കര്‍ഷകര്‍ എത്തിയതോടെ സമരവേദി സജീവമായി. അതിര്‍ത്തി ഒഴിപ്പിക്കണമെന്ന ജില്ലാ മജിസ്ട്രേറ്റിന്റെ ഉത്തരവ് നിലനില്‍ക്കുന്നുണ്ടെങ്കിലും സമരവേദി ഒഴിയാന്‍ കര്‍ഷകര്‍ക്ക് കൂടുതല്‍ സാവകാശം നല്‍കിയേക്കും.

അതേസമയം വിവാദ നിയമങ്ങള്‍ പിന്‍വലിക്കാതെ മടങ്ങില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കര്‍ഷകര്‍. ഡല്‍ഹി ഹരിയാന അതിര്‍ത്തിയിലെ സിംഘു, തിക്രി എന്നിവിടങ്ങളില്‍നിന്നും ഡല്‍ഹിയിലേക്കുള്ള എല്ലാ വഴികളും അടച്ചു. സംഘര്‍ഷങ്ങളുടെ പേരില്‍ കര്‍ഷക നേതാക്കള്‍ക്കെതിരെ ചുമത്തിയ 33 എഫ്‌ഐആറുകളില്‍ ചിലതില്‍ രാജ്യദ്രോഹക്കുറ്റവും യുഎപിഎയുമുണ്ട്.

സമാധാനപരമായി സമരം ചെയ്യാനുള്ള അവകാശം സുപ്രീം കോടതി നല്‍കിയിട്ടുണ്ടെന്നു ഗാസിപ്പുരില്‍ വന്‍ പൊലീസ് സേനയെ സാക്ഷിയാക്കി ടികായത് പറഞ്ഞു. ഗാസിപ്പുരില്‍ വൈദ്യുതിയും ജലവിതരണവും മുടക്കിയതിനു പിന്നാലെയാണു പ്രദേശം ഒഴിപ്പിക്കാന്‍ ഉത്തരവിറക്കിയത്. ടികായതിന്റെ സുരക്ഷയ്ക്കായി കര്‍ഷകര്‍ വലയം തീര്‍ത്തു. ജലപീരങ്കിയും മറ്റു സന്നാഹങ്ങളെത്തിച്ച പൊലീസ് രാത്രി ഏഴോടെ സമരകേന്ദ്രം പൂര്‍ണമായി വളഞ്ഞിരുന്നു. രാത്രി വൈകി അയല്‍ഗ്രാമങ്ങളില്‍ നിന്ന് കൂടുതല്‍ കര്‍ഷകര്‍ എത്തി.എന്തു സംഭവിച്ചാലും മുട്ടുമടക്കില്ലെന്ന് രാഷ്ട്രീയ കിസാന്‍ മഹാസംഘും അഖിലേന്ത്യാ കര്‍ഷക സമര ഏകോപന സമിതിയും പ്രഖ്യാപിച്ചു.

അതിനിടെ റിപ്പബ്ലിക് ദിനത്തിലെ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് ശശി തരൂര്‍ എംപി, മാധ്യമപ്രവര്‍ത്തകരായ രാജ്ദീപ് സര്‍ദേശായി, മൃണാള്‍ പാണ്ഡെ, വിനോദ് കെ. ജോസ് എന്നിവര്‍ അടക്കം എട്ട് പേര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തു. മധ്യ ഡല്‍ഹിയില്‍ കര്‍ഷകന്‍ മരണമടഞ്ഞതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ തെറ്റായ സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്‌തെന്നു ചൂണ്ടിക്കാട്ടി യുപി പൊലീസാണ് കേസെടുത്തത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.