കിഫ്ബി മസാല ബോണ്ട് കേസില്‍ തോമസ് ഐസക്കിന് ആശ്വാസം; തിരഞ്ഞെടുപ്പ് കഴിയും വരെ ചോദ്യം ചെയ്യരുതെന്ന് ഇ.ഡിയോട് ഹൈക്കോടതി

കിഫ്ബി മസാല ബോണ്ട് കേസില്‍ തോമസ് ഐസക്കിന് ആശ്വാസം; തിരഞ്ഞെടുപ്പ് കഴിയും വരെ ചോദ്യം ചെയ്യരുതെന്ന് ഇ.ഡിയോട് ഹൈക്കോടതി

കൊച്ചി: കിഫ്ബി മസാല ബോണ്ട് കേസില്‍ മുന്‍ ധനമന്ത്രിയും പത്തനംതിട്ടയിലെ ഇടത് സ്ഥാനാര്‍ഥിയുമായ തോമസ് ഐസക്കിന് ആശ്വാസം.

തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ തോമസ് ഐസക്കിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നത് ഹൈക്കോടതി വിലക്കി. തോമസ് ഐസക് സ്ഥാനാര്‍ഥിയാണെന്നും ഇത്തരമൊരു സമയത്ത് ശല്യം ചെയ്യേണ്ടതില്ലെന്നും ജസ്റ്റിസ് ടി.ആര്‍ രവി വ്യക്തമാക്കി.

എന്നാല്‍ ഇ.ഡി തന്റെ മുന്‍പാകെ ഹാജരാക്കിയ ചില ഫയലുകള്‍ പരിശോധിച്ചതില്‍ നിന്ന് ചില കാര്യങ്ങളില്‍ വിശദീകരണം ആവശ്യമുണ്ടെന്നും കോടതി വ്യക്തമാക്കി. ഇത് ഐസക്കിനെ വിളിപ്പിച്ച് വേണോ രേഖാമൂലം മതിയോ തുടങ്ങിയ കാര്യങ്ങള്‍ ഇ.ഡിക്ക് തീരുമാനിക്കാമെന്നും കോടതി വാക്കാല്‍ വ്യക്തമാക്കി.

കേസ് വീണ്ടും മെയ് 22 ന് പരിഗണിക്കും. ചോദ്യം ചെയ്യലിന് ഐസക്കിന് ഹാജരാകാനുള്ള ഒരു തിയതി അറിയിക്കാന്‍ ഇതിനിടെ ഇ.ഡി ആവശ്യപ്പെട്ടെങ്കിലും അത് നിര്‍ദേശിക്കുന്നില്ലെന്ന് കോടതി പറഞ്ഞു.

മസാല ബോണ്ട് സമാഹരണത്തില്‍ കിഫ്ബി വിദേശ നാണയ ചട്ടം ലംഘിച്ചുവെന്നും റിസര്‍വ് ബാങ്കിന്റെ അനുമതി വാങ്ങിയിരുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തുന്നത്.

മസാല ബോണ്ടുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി നിരന്തരം സമന്‍സ് അയയ്ക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി തോമസ് ഐസക്ക് സമര്‍പ്പിച്ച ഹര്‍ജിയും കിഫ്ബിയുടെ ഹര്‍ജിയുമാണ് ഹൈക്കോടതി മുമ്പാകെയുള്ളത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.