സിഡ്നി: ഓസ്‌ട്രേലിയയിലെ ഷോപ്പിങ് മാളില്‍ ഒരു മണിക്കൂറോളം പരിഭ്രാന്തി വിതച്ച് ആറ് പേരെ കുത്തിക്കൊന്ന പ്രതിയുടെ ലക്ഷ്യം സ്ത്രീകളായിരുന്നെന്ന സംശയത്തില്‍ പോലീസ്. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും സ്ത്രീകളായതിനാല്‍ സ്ത്രീകളെ ബോധപൂര്‍വം ലക്ഷ്യം വെച്ച് നടത്തിയ ആക്രമണമാണോ കഴിഞ്ഞ ദിവസമുണ്ടായതെന്ന തലത്തിലാണ് പോലീസ് അന്വേഷണം കേന്ദ്രീകരിക്കുന്നത്. പ്രതിക്ക് മാനസിക പ്രശ്‌നങ്ങളുള്ളതായി പോലീസ് പറയുന്നു.
ഓസ്ട്രേലിയന്‍ വംശജനായ 40 വയസ് പ്രായമുള്ള പ്രതി ജോയല്‍ കൗച്ചിനെ വനിതാ പോലീസ് ഉദ്യോഗസ്ഥ ആമി സ്‌കോട്ട് വെടിവെച്ച് വീഴ്ത്തുകയായിരുന്നു. ഇയാളുടെ സ്വദേശം ബ്രിസ്‌ബേനിനടുത്തുള്ള ടൂവൂംബയാണെന്ന് സമൂഹ മാധ്യമ പ്രൊഫൈല്‍ പറയുന്നു.
ആക്രമണത്തിലേക്ക് നയിച്ച കാരണമോ പ്രേരണയോ ഇപ്പോഴും വ്യക്തമല്ല. കുടുംബവുമായി നടത്തിയ ഫോണ്‍ സന്ദേശങ്ങള്‍ വഴി ഒരുമാസം മുന്‍പ് കൗച്ചി സിഡ്നിയിലെത്തിയതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം. ദൃശ്യങ്ങളില്‍ മനഃപൂര്‍വം സ്ത്രീകളെ മാത്രം ലക്ഷ്യം വെച്ച് ആക്രമണം നടത്തുന്നതായി ശ്രദ്ധയില്‍ പെട്ടതോടെയാണ് അത്തരമൊരു സൂചനയിലേക്ക് അന്വേഷണം കേന്ദ്രീകരിക്കാന്‍ പോലീസ് തീരുമാനിക്കുന്നത്.
ജോയല്‍ കൗച്ചി കുത്തികൊലപ്പെടുത്തിയ ആറുപേരില്‍ അഞ്ച് പേരും സ്ത്രീകളായിരുന്നു. മാളിലെ സുരക്ഷാ ഉദ്യോഗസ്ഥനായിരുന്ന പാകിസ്താന്‍ വംശജന്‍ ഫറാസ് താഹിര്‍ മാത്രമാണ് കൊല്ലപ്പെട്ടവരില്‍ പുരുഷന്‍. ഒമ്പതു മാസം പ്രായമുള്ള കുഞ്ഞ് ഉള്‍പ്പെടെ ഒമ്പതുപേര്‍ക്ക് ആക്രമണത്തില്‍ പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. സ്ത്രീകളെ മാത്രം ലക്ഷ്യം വെച്ച് നടന്ന ആക്രമണത്തില്‍ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബാനീസ് ആശങ്ക പ്രകടിപ്പിക്കുകയും സമഗ്രമായ അന്വേഷണത്തിന് നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.
സിഡ്നിയി ബോണ്ടി ജങ്ഷനിലെ വെസ്റ്റ്ഫീല്‍ഡ് ഷോപ്പിങ് മാളിലാണ് ആക്രമണം ഉണ്ടായത്. സംഭവത്തിന് പിന്നാലെ തന്നെ മാളിലുണ്ടായിരുന്ന മുഴുവന്‍ ആളുകളെയും പോലീസ് സുരക്ഷിതമായി പുറത്തെത്തിച്ചു. മകന്റെ പ്രവൃത്തികളെ അപലപിച്ച് രംഗത്തെത്തിയ കൗച്ചിയുടെ മാതാപിതാക്കളാണ് കൗമാരപ്രായം മുതല്‍ ഇയാള്‍ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവിച്ചിരുന്നതായി പോലീസിനോട് വെളിപ്പെടുത്തിയത്.
അക്രമം നടക്കുന്ന സമയം നിരവധി പേരാണ് മാളിലുണ്ടായിരുന്നത്. സംഭവത്തിന് പിന്നാലെ അധികാരികള്‍ ഷോപ്പിങ് മാള്‍ അടപ്പിക്കുകയും മാളിലുണ്ടായിരുന്ന ആളുകളെയെല്ലാം സുരക്ഷിതമായി പുറത്തെത്തിക്കുകയും പ്രദേശത്തുണ്ടായിരുന്നവരോട് എല്ലാം അവിടെനിന്ന് ഒഴിഞ്ഞുപോകണമെന്ന് നിര്‍ദേശിക്കുകയും ചെയ്തിരുന്നു.
ഷോപ്പിങ് മാളില്‍ നടന്ന സംഭവം അറിഞ്ഞ് തന്റെ ഹൃദയം തകര്‍ന്നുവെന്നും മകനെ ഇതിലേക്ക് നയിച്ചത് എന്താണെന്ന് അറിയില്ലെന്നും ജോയലിന്റെ അച്ഛന്‍ ആന്‍ഡ്രൂ കൗച്ചി പറഞ്ഞു.
'ഇത് ഭയാനകമായ സംഭവമാണ്. എന്നോട് ക്ഷമിക്കണം. മരിച്ചവരെ തിരികെ കൊണ്ടുവരാന്‍ എനിക്കാകില്ല. അവന് മാനസിക വിഭ്രാന്തി ഉണ്ടെന്ന് തിരിച്ചറിഞ്ഞപ്പോള്‍ എന്നാലാകുന്നത് ചെയ്യാന്‍ ശ്രമിച്ചിരുന്നു. അവന്‍ എന്റെ മകനാണ്. നിങ്ങള്‍ക്ക് അവനൊരു ചെകുത്താനാവും. എന്നാല്‍ എനിക്ക് അവന്‍ രോഗിയായ മകനാണ്. അവന് ആളുകളോട് ഇടപെടാനറിയില്ല. അവന്‍ അസ്വസ്ഥനായിരുന്നു' - വാര്‍ത്ത ഏജന്‍സിയായ എ.എഫ്.പിക്ക് നല്‍കിയ പ്രതികരണത്തില്‍ അദ്ദേഹം പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26