മോഡിയുടെ രാജസ്ഥാന്‍ പ്രസംഗം വിവാദത്തില്‍: നടപടി വേണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍

മോഡിയുടെ രാജസ്ഥാന്‍ പ്രസംഗം വിവാദത്തില്‍:  നടപടി വേണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍

ന്യൂഡല്‍ഹി: രാജ്യത്തിന്റെ സ്വത്ത് കോണ്‍ഗ്രസ് മുസ്ലിങ്ങള്‍ക്ക് നല്‍കുമെന്ന പ്രധാമന്ത്രി നരേന്ദ്ര മോഡിയുടെ രാജസ്ഥാന്‍ പ്രസംഗത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍.

മോഡിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അടിയന്തരമായി നടപടിയെടുക്കണമെന്ന് കോണ്‍ഗ്രസും സിപിഎമ്മും തൃണമൂല്‍ കോണ്‍ഗ്രസും ആവശ്യപ്പെട്ടു. മോഡിയുടേത് രാജ്യത്തിന്റെ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ മാറ്റാനുള്ള ശ്രമമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.

എന്ത് രാഷ്ട്രീയവും സംസ്‌കാരവും ആണിതെന്ന് മുന്‍ കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ ചോദിച്ചു. രാജ്യത്തെ രാഷ്ട്രീയത്തിനും സംസ്‌കാരത്തിനും യോജിക്കാത്ത രീതി. ഒരു ഭാഗത്ത് രാമനെയും രാമ ക്ഷേത്രത്തേയും കുറിച്ച് പറയുന്ന മോഡി മറുഭാഗത്ത് വിദ്വേഷം പരത്തുന്നു. സ്വതന്ത്ര ഇന്ത്യയില്‍ ഒരു പ്രധാനമന്ത്രിയും ഉപയോഗിക്കാത്ത ഭാഷയാണെന്നും കപില്‍ സിബല്‍ കുറ്റപ്പെടുത്തി.

പ്രധാനമന്ത്രിയുടേത് വിഷം നിറഞ്ഞ ഭാഷയാണെന്ന് ജയറാം രമേശ് വിമര്‍ശിച്ചു. വിഭാഗീയത ഉണ്ടാക്കാനുള്ള ശ്രമം എന്നാണ് സിപിഎം നേതാവ് പ്രകാശ് കാരാട്ട് പ്രതികരിച്ചത്. മോഡിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അടിയന്തരമായി നടപടിയെടുക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു. ഏകാധിപതി നിരാശയിലാണെന്നും സിപിഎം പ്രതികരിച്ചു.

മോഡിയുടെ വിവാദ പ്രസംഗത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് കൂട്ട പരാതി നല്‍കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആഹ്വാനം ചെയ്തു. തിരഞ്ഞെടുപ്പ് കമ്മീഷന് ഇമെയിലിലൂടെ കൂട്ട പരാതി നല്‍കാനാണ് പൊതുജനങ്ങളോടുള്ള ആഹ്വാനം. പ്രതിപക്ഷത്തെ അവഗണിക്കുന്ന തിരഞ്ഞെടുപ്പ് കമ്മീഷന്‍ മോഡിക്കും ബിജെപിക്കും സര്‍വ്വ സ്വാതന്ത്ര്യവും നല്‍കുന്നുവെന്ന് തൃണമൂല്‍ എംപി സാകേത് ഗോഖലെ വിമര്‍ശിച്ചു.

കോണ്‍ഗ്രസ് ആദ്യ പരിഗണന നല്‍കുന്നത് മുസ്ലിങ്ങള്‍ക്കാണെന്ന് മോഡി ഇന്നലെ രാജസ്ഥാനിലെ റാലിയിലാണ് പറഞ്ഞത്. കൂടുതല്‍ കുട്ടികളുള്ളവര്‍ക്കും നുഴഞ്ഞു കയറിയവര്‍ക്കും കോണ്‍ഗ്രസ് രാജ്യത്തിന്റെ സ്വത്ത് നല്‍കും.

അവരുടെ പ്രകടന പത്രികയില്‍ അങ്ങനെയാണ് പറയുന്നത്. അമ്മമാരേ, പെങ്ങന്‍മാരേ നിങ്ങളുടെ കെട്ടുതാലി വരെ അവര്‍ വെറുതെ വിടില്ല. നിങ്ങളുടെ സ്വത്ത് കൂടുതല്‍ മക്കളുള്ള ആ നുഴഞ്ഞു കയറ്റക്കാര്‍ക്ക് കൊടുക്കണോ എന്നും മോഡി ചോദിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.