പൂരം കലക്കിയത് തൃശൂരില്‍ സുരേഷ് ഗോപിയെ ജയിപ്പിക്കാന്‍; ജുഡീഷ്യല്‍ അന്വേഷണം വേണം: കെ. മുരളീധരന്‍

പൂരം കലക്കിയത് തൃശൂരില്‍ സുരേഷ് ഗോപിയെ ജയിപ്പിക്കാന്‍; ജുഡീഷ്യല്‍ അന്വേഷണം വേണം: കെ. മുരളീധരന്‍

തൃശൂര്‍: തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയെ ജയിപ്പിക്കാന്‍ വേണ്ടിയാണ് പൊലീസ് ഇടപെടലില്‍ പൂരം കലക്കിയതെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ. മുരളീധരന്‍. സിപിഎമ്മിന്റെ അജണ്ട നടപ്പാക്കാന്‍ കമ്മീഷണറെ ഉപയോഗിച്ചു. സുരേഷ് ഗോപി പ്രശ്നം പരിഹരിച്ചെന്ന് ബിജെപി സൈബര്‍ പ്രചാരണം തുടങ്ങി കഴിഞ്ഞതായും മുരളീധരന്‍ പറഞ്ഞു.

വോട്ടു കച്ചവടത്തിനുള്ള അന്തര്‍ധാരയാണ് ഇതോടെ പുറത്തായത്. പൂരത്തിനെ മറയാക്കിയത് തീര്‍ത്തും ദൗര്‍ഭാഗ്യകരമാണ്. വോട്ടെടുപ്പ് കഴിഞ്ഞാല്‍ കമ്മീഷണറെ തിരികെ ഇവിടെ കൊണ്ടു വരും. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും കെ. മുരളീധരന്‍ ആവശ്യപ്പെട്ടു. തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ എന്തു വന്നാലും യുഡിഎഫ് ജയിക്കുമെന്നും അദേഹം മാധ്യമങ്ങളോട് പറഞ്ഞു.

പൂരവുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ തൃശൂര്‍ പൊലീസ് കമ്മീഷണര്‍ അങ്കിത് അശോകിനെ മാറ്റാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡിസിപി സുദര്‍ശനനെയും മാറ്റും. പരാതി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ക്രമസമാധാന ചുമതയുള്ള എഡിജിപിക്ക് ആഭ്യന്തര വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

തൃശൂര്‍ പൂരത്തിന്റെ കുടമാറ്റത്തിന് ശേഷമുള്ള ചടങ്ങുകളാണ് പൊലീസ് നിയന്ത്രണത്തില്‍ അലങ്കോലപ്പെട്ടത്. ഇതുവഴി വെടിക്കെട്ട് ഉള്‍പ്പെടെയുള്ള മറ്റ് ചടങ്ങുകള്‍ മണിക്കൂറുകള്‍ വൈകിയിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് ഇത് രാഷ്ട്രീയ വിവാദമായി മാറുകയും ചെയ്തു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.