ന്യൂഡല്‍ഹി: വ്യക്തമായ തെളിവുകളില്ലാതെ സംശയത്തിന്റെ അടിസ്ഥാനത്തില്‍ വോട്ടിങ് മെഷീന്‍ സംബന്ധിച്ച് എങ്ങനെ നിര്‍ദേശം നല്‍കാനാകുമെന്ന് സുപ്രീം കോടതി.
വിവിപാറ്റിലെ മുഴുവന്‍ സ്ലിപ്പുകളും എണ്ണണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ചോദ്യം. ഇത് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉദ്യോഗസ്ഥരുടെ വിശദീകരണം കേട്ട കോടതി ഹര്‍ജി വിധി പറയാനായി മാറ്റി. ജസ്റ്റിസുമാരായ സഞ്ജിവ് ഖന്ന ദിപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേട്ടത്.
വിവിപാറ്റ് മെഷിനുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് കമ്മിഷനോട് കോടതി വിശദീകരണം തേടിയിരുന്നു. ഒരു സാഹചര്യത്തിലും വോട്ടിങ് മെഷിനില്‍ കൃത്രിമം നടത്താന്‍ സാധിക്കില്ലെന്നും നൂറ് ശതമാനം വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണുക എന്നത് പ്രായോഗികമല്ലെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി.
കണ്‍ട്രോള്‍ യൂണിറ്റ്, വിവിപാറ്റ്, ബാലറ്റ് യൂണിറ്റ് എന്നിവയടങ്ങിയടതാണ് വോട്ടിങ് മെഷീന്‍. ഇതിലെ ഓരോ യൂണിറ്റിലും ഒറ്റത്തവണ മാത്രമേ മൈക്രോ കണ്‍ട്രോളര്‍ ഉപയോഗിച്ച് പ്രോഗ്രാം ചെയ്യാന്‍ സാധിക്കുകയുള്ളൂവെന്നും കമ്മിഷന്‍ വിശദീകരിച്ചു.
റീ പ്രോഗ്രാം ചെയ്യാന്‍ സാധിക്കില്ലെന്ന് പറയുന്നത് തെറ്റാണെന്ന് അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ ചൂണ്ടിക്കാട്ടിയെങ്കിലും തിരഞ്ഞെടുപ്പ് കമ്മിഷന്റെ സാങ്കേതിക റിപ്പോര്‍ട്ടില്‍ വിശ്വാസമുണ്ടെന്ന് കോടതി പറഞ്ഞു.
വോട്ടെടുപ്പ് നിയന്ത്രിക്കാന്‍ കോടതിക്ക് അധികാരം ഇല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. മറ്റൊരു ഭരണഘടന സ്ഥാപനമായ തിരഞ്ഞെടുപ്പ് കമ്മിഷനാണ് വോട്ടെടുപ്പ് നടത്താനുള്ള അധികാരമെന്നും കോടതി ചൂണ്ടിക്കാട്ടി.
കോടതി ആരാഞ്ഞ ചോദ്യങ്ങളും കമ്മിഷന്റെ വിശദീകരണവും:
സുപ്രീം കോടതി: മൈക്രോ കണ്‍ട്രോളര്‍ കണ്‍ട്രോളിങ് യൂണിറ്റിലാണോ വിവി പാറ്റിലാണോ ഉള്ളത്?
തിരഞ്ഞെടുപ്പ് കമ്മിഷന്‍ : ബാലറ്റ് യൂണിറ്റ്, കണ്‍ട്രോള്‍ യൂണിറ്റ്, വിവിപാറ്റ് യൂണിറ്റ് എന്നീ മൂന്ന് യൂണിറ്റുകള്‍ക്കും സ്വന്തമായ മൈക്രോ കണ്‍ട്രോളര്‍ ഉണ്ട്. ആര്‍ക്കും ഇടപെടാന്‍ സാധിക്കാത്ത തരത്തില്‍ സുരക്ഷിതമായാണ് ഇവ സ്ഥാപിച്ചിരിക്കുന്നത്.
സുപ്രീം കോടതി: മൈക്രോ കണ്‍ട്രോളര്‍ ഒരു തവണയാണോ പ്രോഗ്രാം ചെയ്യുന്നത്?
തിരെഞ്ഞെടുപ്പ് കമ്മിഷന്‍ : അതെ. ഒറ്റത്തവണ മാത്രമാണ് പ്രോഗ്രാം ചെയ്യുന്നത്. മൈക്രോ കണ്‍ട്രോളര്‍ ഒരിക്കല്‍ സ്ഥാപിച്ച് കഴിഞ്ഞാല്‍ പിന്നെ ആര്‍ക്കും മാറ്റാനാകില്ല.
സുപ്രീം കോടതി: ചിഹ്നങ്ങള്‍ ലോഡ് ചെയ്യുന്ന യൂണിറ്റുകള്‍ എത്ര ?
തിരഞ്ഞെടുപ്പ് കമ്മിഷന്‍ : ഇലക്ട്രോണിക് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ, ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡ് എന്നീ രണ്ട് സ്ഥാപനങ്ങള്‍ ആണ് ചിഹ്നങ്ങള്‍ ലോഡ് ചെയ്യുന്ന യൂണിറ്റുകള്‍ നിര്‍മിക്കുന്നത്. ഇലക്ട്രോണിക് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ 1400 യൂണിറ്റുകളും ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡ് 3400 യൂണിറ്റുകളും നിര്‍മിച്ചിട്ടുണ്ട്.
സുപ്രീം കോടതി : വോട്ടിങ് മെഷീന്‍ സീല്‍ ചെയ്തു സൂക്ഷിക്കുമ്പോള്‍ കണ്‍ട്രോള്‍ യൂണിറ്റും വിവിപാറ്റും സീല്‍ ചെയ്യന്നുണ്ടോ ?
തിരഞ്ഞെടുപ്പ് കമ്മിഷന്‍: പോളിങ് പൂര്‍ത്തിയായ ശേഷം ബാലറ്റ് യൂണിറ്റ്, കണ്‍ട്രോള്‍ യൂണിറ്റ്, വിവിപാറ്റ് യൂണിറ്റ് എന്നീ മൂന്ന് യൂണിറ്റുകളും സീല്‍ ചെയ്യും.
സുപ്രീം കോടതി : ഇലക്ടോണിക് വോട്ടിങ് മെഷീനിലെ ഡേറ്റ 45 ദിവസത്തില്‍ കൂടുതല്‍ സൂക്ഷിക്കാറുണ്ടോ?
തിരഞ്ഞെടുപ്പ് കമ്മിഷന്‍: എല്ലാ ഇലക്ട്രോണിക് വോട്ടിങ് മെഷിനുകളിലെയും ഡാറ്റ 45 ദിവസം വരെ സൂക്ഷിക്കും. 46-ാമത്തെ ദിവസം ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് കത്ത് എഴുതി ഏതെങ്കിലും തിരഞ്ഞെടുപ്പ് കേസുകള്‍ ഉണ്ടോയെന്ന് ആരായും. കേസുകള്‍ ഉള്ള മണ്ഡലങ്ങളിലെ ഡാറ്റ മാത്രം സൂക്ഷിക്കും.
എന്നാല്‍ ബാലറ്റ് യൂണിറ്റ്, കണ്‍ട്രോള്‍ യൂണിറ്റ്, വിവിപാറ്റ് യൂണിറ്റ് എന്നീ മൂന്ന് യൂണിറ്റുകളിലെയും മൈക്രോ കണ്‍ട്രോളര്‍ യൂണിറ്റുകള്‍ ഒറ്റ തവണ മാത്രമേ പ്രോഗ്രാം ചെയ്യാന്‍ കഴിയുകയുള്ളൂ എന്ന തിരെഞ്ഞെടുപ്പ് കമ്മീഷന്റെ വാദത്തില്‍ സംശയം പ്രകടിപ്പിച്ച് പ്രശാന്ത് ഭൂഷണ്‍. മൈക്രോ കണ്‍ട്രോളര്‍ യൂണിറ്റുകള്‍ക്ക് ഒപ്പം ഫ്ളാഷ് മെമ്മറി ഉണ്ടെന്നും അവ വീണ്ടും പ്രോഗ്രാം ചെയ്യാമെന്നുമാണ് ഭൂഷന്റെ വാദം.
ബാലറ്റ് യൂണിറ്റില്‍ നിന്ന് വിവിപാറ്റ് യൂണിറ്റിലേക്കും അവിടെ നിന്ന് കണ്‍ട്രോള്‍ യൂണിറ്റിലേക്കും സിഗ്‌നല്‍ പോകും എന്നാണ് കമ്മിഷന്‍ വ്യക്തമാക്കിയിട്ടുള്ളത്. വിവിപാറ്റ് യൂണിറ്റിലെ ഫ്ളാഷ് മെമ്മറിയില്‍ ഏതെങ്കിലും അപകടകരമായ പ്രോഗ്രാം ഉണ്ടെങ്കില്‍ അവ പ്രശ്നം ആണെന്ന് ഭൂഷണ്‍ വാദിച്ചു.
എന്നാല്‍ ഇത്തരം കാര്യങ്ങളില്‍ കമ്മിഷന്റെ സാങ്കേതിക വിദഗ്ദ്ധരുടെ നിലപാട് ആണ് അംഗീകരിക്കാന്‍ കഴിയുകയുള്ളൂവെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.