കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എം.എം വര്‍ഗീസിന് വീണ്ടും നോട്ടീസ് അയച്ച് എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ്. അടുത്ത തിങ്കളാഴ്ച കൊച്ചി ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം. മുന്‍പ് മൂന്ന് തവണ നോട്ടീസ് അയച്ചിരുന്നുവെങ്കിലും തിരഞ്ഞെടുപ്പ് പ്രചാരണ ചുമതലയുളളതിനാല്‍ ഹാജരാകാന്‍ സാധിക്കില്ലെന്ന് വര്‍ഗീസ് ഇ.ഡിയെ അറിയിക്കുകയായിരുന്നു.
ഇതിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് ഹാജരാകാന്‍ ഇ.ഡി നിര്‍ദേശിച്ചത്. കരുവന്നൂര്‍ സഹകരണ ബാങ്കിലെ സിപിഎം നിയന്ത്രണത്തിലുള്ള രഹസ്യ അക്കൗണ്ടുകളെക്കുറിച്ചും ബിനാമി വായ്പ നല്‍കിയതില്‍ സിപിഎം നേതാക്കളുടെ ഇടപെടലിലുമാണ് വര്‍ഗീസിനെ ചോദ്യം ചെയ്യുന്നത്. അതേസമയം കേസില്‍ പ്രതികളില്‍ നിന്ന് കണ്ടുകെട്ടിയ സ്വത്തും പണവും തട്ടിപ്പിനിരയായ നിക്ഷേപകര്‍ക്ക് തിരിച്ചുനല്‍കാമെന്ന് ഇഡി ഈ മാസം 16 ന് അറിയിച്ചിരുന്നു. 54 പ്രതികളില്‍ നിന്ന് 108 കോടിയുടെ സ്വത്തുക്കളാണ് ഇ.ഡി കണ്ടുകെട്ടിയത്.
തനിക്ക് നഷ്ടമായ പണം കണ്ടുകെട്ടിയതില്‍ നിന്ന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മഹാദേവന്‍ എന്ന നിക്ഷേപകന്‍ കൊച്ചിയിലെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം (പിഎംഎല്‍എ) കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതിയെ സമീപിച്ചിരുന്നു. ഈ ഹര്‍ജിയില്‍ ഇ.ഡി സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് പണം നല്‍കാന്‍ തടസമില്ലെന്ന് അറിയിച്ചത്.
മഹാദേവന് 33,27,500 രൂപയുടെ നിക്ഷേപം കരുവന്നൂര്‍ ബാങ്കിലുണ്ട്.വ്യാജരേഖകള്‍ ചമച്ചും അനധികൃതമായും പ്രതികള്‍ ഗൂഢാലോചന നടത്തി 300 കോടിയുടെ തട്ടിപ്പ് കരുവന്നൂര്‍ ബാങ്കില്‍ നടത്തിയെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍. നിക്ഷേപകരില്‍ നിന്ന് തട്ടിയെടുത്ത കോടികള്‍ റിയല്‍ എസ്റ്റേറ്റ്, ബിസിനസ് മേഖലകളില്‍ മുതല്‍മുടക്കിയെന്ന് ഇ.ഡിയുടെ സത്യവാങ്മൂലത്തില്‍ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.