'കണ്ടപാടെ മമ്മി എന്ന് വിളിച്ച് അവള്‍ ഓടിവന്ന് കെട്ടിപ്പിടിച്ചു'; യമന്‍ ഭരണകൂടത്തിന് നന്ദി പറഞ്ഞ് നിമിഷ പ്രിയയുടെ അമ്മ

 'കണ്ടപാടെ മമ്മി എന്ന് വിളിച്ച് അവള്‍ ഓടിവന്ന് കെട്ടിപ്പിടിച്ചു'; യമന്‍ ഭരണകൂടത്തിന് നന്ദി പറഞ്ഞ് നിമിഷ പ്രിയയുടെ അമ്മ

കൊച്ചി: മകളെ കാണാന്‍ അനുമതി നല്‍കിയ യമന്‍ ഭരണകൂടത്തിന് നന്ദി പറഞ്ഞ് നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി. അധികൃതരുടെ കൃപയാല്‍ മകള്‍ സുഖമായി ഇരിക്കുന്നു. സനയിലെ ജയിലില്‍ കഴിയുന്ന നിമിഷയെ കണ്ടതിന് ശേഷം വീഡിയോ സന്ദേശത്തിലൂടെയാണ് പ്രേമകുമാരി ഇക്കാര്യം അറിയിച്ചത്. നിമിഷയുടെ വിവാഹത്തിന് ശേഷം ആദ്യമായാണ് അമ്മയും മകളും പരസ്പരം നേരില്‍ കാണുന്നത്.

തന്നെ കണ്ടപ്പോള്‍ നിമിഷ ഓടിവന്ന് കെട്ടിപ്പിടിച്ചു. മകളെ കാണാനാകില്ലെന്നായിരുന്നു വിചാരിച്ചത്. അവളെ കണ്ടപാടെ മോളെ എന്ന് വിളിച്ച് താനും പൊട്ടിക്കരഞ്ഞു. മമ്മി കരയരുതെന്നും സന്തോഷമായിയിരിക്കാനും നിമിഷ പറഞ്ഞതായി പ്രേമകുമാരി പറഞ്ഞു. ജയിലില്‍ അമ്മ പ്രേമകുമാരിക്ക് മാത്രമാണ് നിമിഷപ്രിയയെ കാണാന്‍ അനുമതി ഉണ്ടായിരുന്നത്.

മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സാമുവേല്‍ ജെറോമും ഇന്ത്യന്‍ എംബസി അധികൃതര്‍ക്കും ഒപ്പം യമന്‍ പ്രാദേശിക സമയം ഉച്ചയ്ക്ക് ഒന്നോടെയാണ് അമ്മ പ്രേമകുമാരി ജയിലില്‍ എത്തിയത്. കൂടിക്കാഴ്ചയ്ക്കായി പ്രത്യേക മുറി ഒരുക്കിയിരുന്നു. ഒരു മണിക്കൂര്‍ നേരം ഇരുവരും ഒരുമിച്ചുണ്ടായിരുന്നു. ഇരുവരും ഒരുമിച്ചാണ് ഭക്ഷണം കഴിച്ചത്.

ഇനി മോചനം സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ ഊര്‍ജ്ജമാക്കാനാണ് ശ്രമം. ഉടന്‍ തന്നെ യമന്‍ പൗരന്റെ കുടുംബമായും ഗോത്രവര്‍ഗ നേതാക്കളുമായും കൂടിക്കാഴ്ച നടത്തും. യമന്‍ നിയമ പ്രകാരം കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പ് നല്‍കിയാല്‍ മാത്രമാണ് പ്രതിക്ക് ശിക്ഷയില്‍ നിന്നും ഇളവ് കിട്ടുക. യമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ട കേസിലാണ് പാലക്കാട് സ്വദേശി നിമിഷപ്രിയ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.