'രണ്ടിടത്ത് ബിജെപി, 18 സീറ്റില്‍ എല്‍ഡിഎഫ് എന്നതാണ് അന്തര്‍ധാര'; യുഡിഎഫ് അത് പൊളിച്ചടുക്കുമെന്ന് കെ. മുരളീധരന്‍

 'രണ്ടിടത്ത് ബിജെപി, 18 സീറ്റില്‍ എല്‍ഡിഎഫ് എന്നതാണ് അന്തര്‍ധാര'; യുഡിഎഫ് അത് പൊളിച്ചടുക്കുമെന്ന് കെ. മുരളീധരന്‍

തൃശൂര്‍: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ 20 സീറ്റുകളില്‍ രണ്ടെണ്ണം ബിജെപിക്കും പതിനെട്ടണ്ണം എല്‍ഡിഎഫിനും എന്ന് സിപിഎം -ബിജെപി ധാരണയുണ്ടാക്കിയിട്ടുണ്ടെന്ന് തൃശൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ. മുരളീധരന്‍. തൃശൂര്‍, തിരുവനന്തപുരം മണ്ഡലങ്ങളാണ് ഡീല്‍ അനുസരിച്ച് ബിജെപിക്ക് ലഭിക്കുക. ബാക്കി സീറ്റുകളില്‍ ബിജെപി എല്‍ഡിഎഫിനെ സഹായിക്കുമെന്നാണ് ധാരണ. എന്നാല്‍ ഈ അന്തര്‍ധാര പൊളിച്ച് യുഡിഎഫ് 20 സീറ്റിലും ജയം നേടുമെന്ന് മുരളീധരന്‍ വ്യക്തമാക്കി.

തൃശൂരും തിരുവനന്തപുരവും ഉള്‍പ്പെടെ 20 ഇടത്തും യുഡിഎഫ് വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിക്കും. തൃശൂരിലെ ജയത്തെക്കുറിച്ച് ഒരു സംശയവുമില്ല. രാവിലെ തന്നെയുള്ള വോട്ടര്‍മാരുടെ തിരക്ക് യുഡിഎഫിന് അനുകൂല ഘടകമാണെന്ന് മുരളീധരന്‍ പറഞ്ഞു. എല്ലാ കാര്യവും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിഞ്ഞ് മാത്രമേ ആ പാര്‍ട്ടിയില്‍ നടക്കൂ. കരുവന്നൂര്‍ ബാങ്കുമായി ബന്ധപ്പെട്ട് പിണറായി വിജയന്‍ തൃശൂര്‍ സിപിഎം ജില്ലാ ഓഫിസില്‍ വന്നത് തന്നെ ഡീല്‍ ഉറപ്പിക്കാനാണ്.

സിപിഎമ്മിന്റെ പല പ്രമുഖരുടെയും അഭാവം തൃശൂരില്‍ നിഴലിച്ചു കാണുന്നുണ്ട്. അത് തന്നെയാണ് ഏറ്റവും വലിയ തെളിവെന്നും അദേഹം പറഞ്ഞു.
കോണ്‍ഗ്രസിനെ നശിപ്പിക്കുകയാണ് ഈ ഡീലിന്റെ പ്രധാന ഉദ്ദേശ്യം. നെയ്യപ്പം തിന്നാല്‍ രണ്ടുണ്ട് ഗുണം എന്നു പറയുന്നതുപോലെ, സ്വന്തം കേസുകളില്‍ നിന്ന് ഊരുകയും ചെയ്യാം കോണ്‍ഗ്രസിനെ ശരിയാക്കുകയും ചെയ്യാമെന്ന് മുരളീധരന്‍ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.