വേനല്‍ക്കാലത്ത് പൂന്തോട്ടം കളര്‍ഫുള്ളാക്കാം!

 വേനല്‍ക്കാലത്ത് പൂന്തോട്ടം കളര്‍ഫുള്ളാക്കാം!

വീട്ടില്‍ മനോഹരമായ ഒരു പൂന്തോട്ടം ഉണ്ടായിരിക്കുക എന്നത് സന്തോഷമുള്ള കാര്യമാണ്. വീടിനുള്ളില്‍ ഇരുന്ന് മടുക്കുമ്പോഴും ജോലിയില്‍ നിന്ന് വിശ്രമം ആഗ്രഹിക്കുമ്പോഴും വെറുതെ ഒന്ന് നടക്കാനും പുറത്ത് നല്ലൊരു പൂന്തോട്ടം ഉണ്ടാകുന്നത് ഉചിതമാണ്.

വേനല്‍ക്കാലത്ത് പൂന്തോട്ടം വര്‍ണ്ണങ്ങള്‍ കൊണ്ട് നിറയ്ക്കാന്‍ ചില വഴികളുണ്ട്. ഗാര്‍ഡനിങില്‍ നിങ്ങള്‍ക്ക് അനുഭവ പരിചയം ഒന്നുമില്ലെങ്കിലും ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ആഴ്ചകള്‍ക്കുള്ളില്‍ മനോഹരമായൊരു പൂന്തോട്ടം ഉണ്ടാക്കിയെടുക്കാവുന്നതേയുള്ളു. അതിനുള്ള ചില വഴികള്‍ നോക്കാം.

പലതരത്തിലുള്ള പൂക്കള്‍ തിരഞ്ഞെടുക്കുക


ഒരേ തരത്തിലും നിറത്തിലും ഉള്ള പൂക്കള് ഉണ്ടാകുന്ന ചെടികള്‍ കുറേയെണ്ണം നട്ടുവളര്‍ത്താതെ വിവിധതരം പൂക്കളുണ്ടാകുന്ന ചെടികള്‍ പൂന്തോട്ടത്തില്‍ വെക്കുക. വ്യത്യസ്ത സമയങ്ങളില്‍ പല നിറങ്ങളില്‍ പൂവിടുന്ന ചെടികള്‍ തിരഞ്ഞെടുക്കുക എന്നതാണ് മറ്റൊരു കാര്യം. അങ്ങനെ വരുമ്പോള്‍ പൂന്തോട്ടത്തില്‍ എല്ലായിപ്പോഴും വ്യത്യസ്ത നിറങ്ങളിലുള്ള പൂക്കള്‍ ഉണ്ടായിരിക്കും.

ചെടിച്ചട്ടികള്‍ ഉപയോഗിക്കുക

പൂന്തോട്ടം കളര്‍ഫുള്‍ ആക്കുന്നതിന് ചെടിച്ചട്ടികളില്‍ ചെടിവളര്‍ത്തുന്ന രീതി വളരെ മികച്ച ഓപ്ഷനാണ്. പ്രത്യേകിച്ച് സ്ഥലപരിമിതി ഉള്ള സ്ഥലങ്ങളില്‍. വ്യത്യസ്ത വലുപ്പങ്ങളിലുള്ള ചട്ടികള്‍ ഇതിനായി തിരഞ്ഞെടുക്കുക. അതിലെല്ലാം പലതരം ചെടികള്‍ നടുക.

ഇലച്ചെടികളും ഉള്‍പ്പെടുത്തുക


വര്‍ണ്ണപ്പകിട്ടാര്‍ന്ന പൂക്കള്‍ തന്നെ വേണമെന്നില്ല. ഇലകള്‍ ആയാലും മതി. പൂന്തോട്ടത്തില്‍ എപ്പോഴും ഇലച്ചെടികളെയും ഉള്‍പ്പെടുത്തുക. പൂ വിരിയില്ലെങ്കിലും അവ പൂന്തോട്ടത്തിന് പ്രത്യേക ചാരുത നല്‍കും. ഇലച്ചെടികള്‍ തിരഞ്ഞെടുക്കുമ്പോള്‍ വ്യത്യസ്ത ആകൃതികളില്‍ ഇലകളുള്ള ചെടികള്‍ തിരഞ്ഞെടുക്കുക.

എപ്പോഴും പൂക്കള്‍ ഉണ്ടാകുന്ന രീതിയില്‍ ചെടികള്‍ ഒരുക്കുക

പൂന്തോട്ടം എപ്പോഴും ഫ്രഷ് ലുക്കില്‍ ഇരിക്കണമെങ്കില്‍ അവിടെ എപ്പോഴും പൂക്കള്‍ ഉണ്ടായിരിക്കണം. പഴയ ചെടി നശിക്കുമ്പോള്‍ പുതിയവ കൃത്യമായി നട്ടും എപ്പോഴും പൂവിടുന്ന ചെടികള്‍ നട്ടും പല സമയങ്ങളില്‍ പൂവിടുന്ന ചെടികള്‍ നട്ടും പൂന്തോട്ടത്തിന്റെ ഫ്രഷ്നെസ് നിലനിര്‍ത്താം.

വള്ളിച്ചെടികള്‍ നടുക

വള്ളിച്ചെടികള്‍ വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ പൂന്തോട്ടത്തിന് മറ്റൊരു തലം നല്‍കും. മതിലുകളിലും മറ്റും പിടിച്ചുകേറുന്ന വള്ളിച്ചെടികളില്‍ പൂക്കള്‍ തൂങ്ങി നില്‍ക്കുന്നത് ഒരു മനോഹര കാഴ്ചയാണ്.

മറ്റ് അലങ്കാരങ്ങളും നല്‍കുക


ചെടികള്‍ക്കൊപ്പം നല്ല ചട്ടികള്‍, അലങ്കാര വസ്തുക്കള്‍, പുറത്തിടുന്ന ഫര്‍ണിച്ചര്‍ എന്നിവയും പൂന്തോട്ടത്തിന്റെ മനോഹാരിത വര്‍ധിപ്പിക്കും. ഇവയുടെ നിറം തിരഞ്ഞെടുക്കുമ്പോള്‍ ചെടികളുടെയും പൂക്കളുടെയും നിറങ്ങളുമായി ഒത്തുപോകുന്നവ തിരഞ്ഞെടുക്കുക.

ഫലം തരുന്ന ചെടികളും ഉള്‍പ്പെടുത്തുക

പൂക്കള്‍ മാത്രമല്ല കായ്കളും പൂന്തോട്ടത്തിന് നിറം പകരും. നിറപ്പകിട്ടുള്ള പഴങ്ങളും പച്ചക്കറികളും വിളയുന്ന ചെടികളും പൂന്തോട്ടത്തില്‍ ഉള്‍പ്പെടുത്തുക.

രാത്രിയിലും തിളങ്ങട്ടെ പൂന്തോട്ടം

സൂര്യാസ്തമയത്തിന് ശേഷവും പൂന്തോട്ടത്തിന്റെ ഭംഗി ചോരാതിരിക്കാന്‍ രാത്രിയിലും വിടര്‍ന്നിരിക്കുന്ന പൂക്കള്‍ ഉള്ള ചെടികള്‍ പൂന്തോട്ടത്തില്‍ നട്ടുപിടിപ്പിക്കുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.