രാഹുലിനെതിരേ വീണ്ടും വിവാദ പരാമര്‍ശവുമായി മോഡി; വയനാട്ടില്‍ ജയിക്കാന്‍ ദേശവിരുദ്ധ ശക്തികളുടെ പിന്തുണ സ്വീകരിച്ചുവെന്ന് വിമര്‍ശനം

രാഹുലിനെതിരേ വീണ്ടും വിവാദ പരാമര്‍ശവുമായി മോഡി; വയനാട്ടില്‍ ജയിക്കാന്‍ ദേശവിരുദ്ധ ശക്തികളുടെ പിന്തുണ സ്വീകരിച്ചുവെന്ന് വിമര്‍ശനം

ബംഗളുരു: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരേ വീണ്ടും വിവാദ പരാമര്‍ശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. വയനാട് സീറ്റില്‍ ജയിക്കാന്‍ രാഹുലും കോണ്‍ഗ്രസും ദേശവിരുദ്ധ ശക്തികളായ എസ്ഡിപിഐയുടെയും പോപ്പുലര്‍ ഫ്രണ്ടിന്റെയും പിന്തണ സ്വീകരിച്ചെന്നാണ് മോഡിയുടെ പുതിയ ആരോപണം. കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് മോഡി വീണ്ടും വര്‍ഗീയ കാര്‍ഡ് പുറത്തെടുത്തത്.

രാഹുലിന്റെ പേരെടുത്തു പറയാതെ 'കോണ്‍ഗ്രസിന്റെ രാജകുമാരന്‍' എന്ന് വിശേഷിപ്പിച്ച് രാഹുല്‍ ഗാന്ധിക്കെതിരേ വ്യക്തിപരമായ ആക്രമണവും മോഡി അഴിച്ചു വിട്ടു. കോണ്‍ഗ്രസിന്റെ രാജകുമാരന്‍ ഹൈന്ദവ രാജവംശത്തിലെ രാജാക്കന്മാരെയെല്ലാം അവരുടെ ചെയ്തികളുടെ പേരില്‍ അപമാനിക്കുന്നു.

എന്നാല്‍ മുസ്ലീം രാജവംശത്തില്‍പ്പെട്ട നവാബുമാരും നൈസാമുകളും സുല്‍ത്താന്മാരും ഈ നാട്ടിലെ ജനങ്ങളോട്, പ്രത്യേകിച്ച് ഹൈന്ദവരോടും അവരുടെ ആരാധനാലയങ്ങളോടും കാട്ടിയ അതിക്രമങ്ങളെക്കുറിച്ച് ഒരക്ഷരം ഉരിയാടില്ല.

മുഗള്‍ രാജാവായ ഔറംഗസേബ് ചെയ്ത ക്രൂരതകളെക്കുറിച്ച് മിണ്ടില്ല. കാരണം തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ അവര്‍ക്ക് ഔറംഗസേബിനെ തുണയ്ക്കുന്ന പാര്‍ട്ടികളുടെ പിന്തുണ വേണം. ഹിന്ദുക്കളെ കൊന്നൊടുക്കിയ, ഹൈന്ദവ ആരാധനാലയങ്ങള്‍ തകര്‍ത്തവരെക്കുറിച്ച് പറഞ്ഞാല്‍ കോണ്‍ഗ്രസിന്റെ വോട്ടുബാങ്ക് തകരുമെന്നും മോഡി വിമര്‍ശിച്ചു.

ബിജെപി നേതാക്കള്‍ വ്യാപകമായി പ്രചരിപ്പിച്ച രാഹുലിന്റെ ഒരു വീഡിയോ ക്ലിപ്പ് പരാമര്‍ശിച്ചായിരുന്നു വിമര്‍ശനം. വീഡിയോയില്‍ 'പുരാതന ഇന്ത്യയില്‍ രാജാക്കന്മാരുടെയും ചക്രവര്‍ത്തിമാരുടെയും ഭരണത്തില്‍ ജനങ്ങള്‍ അടിമകളെപ്പോലെയായിരുന്നു. രാജാക്കന്മാര്‍ക്ക് ഇഷ്ടമുള്ളതുപോലെ ഭരിക്കാമായിരുന്നു. ആരുടെയും സ്വത്ത് പിടിച്ചെടുക്കാമായിരുന്നു. ആ കാലത്തില്‍ നിന്ന് ജനങ്ങളോടൊപ്പം നിന്ന് രാജ്യത്തെ മോചിപ്പിച്ച് സ്വാതന്ത്ര്യം കൈവരിച്ച് ജനാധിപത്യം സ്ഥാപിച്ചത് കോണ്‍ഗ്രസാണ്' എന്നാണ് രാഹുല്‍ പറയുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.