വിക്രം ലാന്‍ഡറിന്റെയും പ്രഗ്യാന്‍ റോവറിന്റെയും പുതിയ ചിത്രങ്ങള്‍ പുറത്ത് വിട്ട് ഐഎസ്ആര്‍ഒ

വിക്രം ലാന്‍ഡറിന്റെയും പ്രഗ്യാന്‍ റോവറിന്റെയും പുതിയ ചിത്രങ്ങള്‍ പുറത്ത് വിട്ട് ഐഎസ്ആര്‍ഒ

ഹൈദരാബാദ്: ഇന്ത്യയുടെ അഭിമാന ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍ 3 ന്റെ ഭാഗമായ വിക്രം ലാന്‍ഡറിന്റെയും പ്രഗ്യാന്‍ റോവറിന്റെയും പുതിയ ചിത്രങ്ങള്‍ പുറത്ത്. ഐഎസ്ആര്‍ഒ പുറത്തുവിട്ട ചന്ദ്രോപരിതലത്തിന്റെ ചിത്രങ്ങളില്‍ നിന്ന് സ്വതന്ത്ര ഗവേഷകനായ ചന്ദ്ര തുംഗതുര്‍ത്തിയാണ് വിക്രമിന്റെയും പ്രഗ്യാന്റെയും സ്ഥാനം കണ്ടെത്തിയത്.

ലാന്‍ഡറും റോവറും സ്ഥിതി ചെയ്യുന്ന ശിവശക്തി പോയിന്റ് ഉള്‍പ്പെടുന്ന പ്രദേശത്തിന്റെ ചിത്രം മാര്‍ച്ച് 15 നാണ് ഐഎസ്ആര്‍ഒ പകര്‍ത്തിയത്. ചന്ദ്രയാന്‍ 2 ലെ ഓര്‍ബിറ്റര്‍ ഹൈ റെസലൂഷന്‍ ക്യാമറ (ഒഎച്ച്ആര്‍സി) പകര്‍ത്തിയ ചിത്രത്തില്‍ റോവര്‍ ലാന്‍ഡറിന് സമീപം സ്ഥിതി ചെയ്യുന്നത് കാണാം.

2023 ഓഗസ്റ്റ് 23 നാണ് വിക്രം ലാന്‍ഡര്‍ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിന് സമീപം സോഫ്റ്റ് ലാന്‍ഡിങ് നടത്തിയത്. ഇതിനു പിന്നാലെ ലാന്‍ഡിങ് പ്രദേശത്തിന്റെയും ലാന്‍ഡറിന്റെയും റോവറിന്റെയും ചിത്രങ്ങള്‍ ഐഎസ്ആര്‍ഒ പുറത്തു വിട്ടിരുന്നു. ഇതിനേക്കാള്‍ വളരെ വ്യക്തമായി ഈ പ്രദേശത്തെ കാണിക്കുന്നതാണ് പുതിയ ചിത്രങ്ങള്‍.

100 കിലോമീറ്റര്‍ ഉയരത്തില്‍ നിന്ന് 26 സെന്റീ മീറ്റര്‍ റെസല്യൂഷനിലാണ് പ്രാരംഭ ചിത്രങ്ങള്‍ പകര്‍ത്തിയത്. എന്നാല്‍ പുതിയ ചിത്രങ്ങളാവട്ടെ 65 കിലോമീറ്റര്‍ ഉയരത്തില്‍ നിന്ന് 17 സെന്റീ മീറ്റര്‍ റെസലൂഷനില്‍ പകര്‍ത്തിയവയാണ്. രണ്ട് സെറ്റ് ചിത്രങ്ങളും നിരീക്ഷിക്കുമ്പോള്‍ റെസല്യൂഷിലെ വ്യത്യാസം ശ്രദ്ധേയമാണ്.

റഷ്യ, അമേരിക്ക, ചൈന എന്നീ രാജ്യങ്ങള്‍ക്കേ പിന്നാലെ ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്ന ആദ്യ രാജ്യമാണ് ഇന്ത്യ. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിനു സമീപം ഇറങ്ങുന്ന ആദ്യ രാജ്യമെന്ന ഖ്യാതിയും ഇന്ത്യയ്ക്കാണ്.

വിക്രം ലാന്‍ഡറിന്റെ സോഫ്റ്റ് ലാന്‍ഡിങും അതില്‍ നിന്ന് പുറത്തിറങ്ങുന്ന പ്രഗ്യാന്‍ റോവറിനെ ചന്ദ്രോപരിതലത്തില്‍ സഞ്ചരിപ്പിക്കുക എന്നതുമായിരുന്നു ചന്ദ്രയാന്‍ മൂന്നിന്റെ പ്രാഥമിക ലക്ഷ്യം. ലാന്‍ഡറും റോവറും ഒരു ചാന്ദ്രപകല്‍ (14 ഭൗമദിനങ്ങള്‍) ചന്ദ്രനില്‍ സഞ്ചരിച്ച് വിവിധ പരീക്ഷണങ്ങള്‍ നടത്തുകയും ഇതിന്റെ നിരവധി ഡേറ്റയും ചിത്രങ്ങളും ഭൂമിയിലേക്ക് അയയ്ക്കുകയും ചെയ്തു.

ചന്ദ്രനില്‍ നിരവധി മൂലകങ്ങളുടെ സാന്നിധ്യം പ്രഗ്യാന്‍ റോവര്‍ കണ്ടെത്തിയിരുന്നു. കൂടാതെ ആദ്യമായി ചന്ദ്രനില്‍ സള്‍ഫറിന്റെ സാന്നിധ്യം തെളിയിക്കുന്ന വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്. ഇത് ചാന്ദ്ര പരിസ്ഥിതിയെക്കുറിച്ച് മനസിലാക്കാനും ഭാവി ബഹിരാകാശ പര്യവേഷണ ശ്രമങ്ങള്‍ക്ക് സഹായമാകുകയും ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.