പാലസ്തീന്‍ അനുകൂല പ്രക്ഷോഭം ഓസ്‌ട്രേലിയ, കാനഡ, ഫ്രാന്‍സ് രാജ്യങ്ങളിലേക്കും; സിഡ്‌നി, മെല്‍ബണ്‍ സര്‍വകലാശാലകള്‍ ഉപരോധിച്ചു

പാലസ്തീന്‍ അനുകൂല പ്രക്ഷോഭം ഓസ്‌ട്രേലിയ, കാനഡ, ഫ്രാന്‍സ് രാജ്യങ്ങളിലേക്കും; സിഡ്‌നി, മെല്‍ബണ്‍ സര്‍വകലാശാലകള്‍ ഉപരോധിച്ചു

സിഡ്‌നി: ഇസ്രയേല്‍-ഹമാസ് യുദ്ധത്തിനെതിരെ യു.എസില്‍ ആരംഭിച്ച പ്രക്ഷോഭം ഓസ്‌ട്രേലിയ മെക്‌സിക്കോ, കാനഡ, ഫ്രാന്‍സ്, രാജ്യങ്ങളിലേക്കും വ്യാപിച്ചു. കഴിഞ്ഞ ദിവസം ഓസ്‌ട്രേലിയയില്‍ സിഡ്‌നി യൂണിവേഴ്‌സിറ്റി ഉള്‍പ്പെടെ രാജ്യത്തെ പ്രശസ്തമായ നിരവധി സര്‍വകലാശാലകള്‍ ഉപരോധിച്ചു.

ഓസ്ട്രേലിയയിലെ ഏറ്റവും പഴക്കം ചെന്ന യൂണിവേഴ്സിറ്റിയായ സിഡ്നി യൂണിവേഴ്സിറ്റിയില്‍ നൂറുകണക്കിന് പാലസ്തീന്‍, ഇസ്രയേല്‍ അനുകൂലികള്‍ നേര്‍ക്കുനേര്‍ എത്തിയെങ്കിലും തലനാരിഴയ്ക്ക് വലിയ സംഘര്‍ഷം ഒഴിവായി. മുദ്രാവാക്യങ്ങളിലൂടെ പരസ്പരം കൊമ്പുകോര്‍ത്ത ഇരുവിഭാഗവും പതാകകളും പ്ലക്കാര്‍ഡുകളുമായി ക്യാമ്പസ് പരിസരത്ത് നിലയുറപ്പിച്ചു. കനത്ത സുരക്ഷാ സന്നാഹത്തെ തുടര്‍ന്നാണ് ഇരുപക്ഷത്തെയും അനുകൂലികള്‍ പിന്‍വാങ്ങിയത്.

ഇസ്രയേലുമായുള്ള എല്ലാ അക്കാദമിക് ബന്ധങ്ങളും വിച്ഛേദിക്കുക, ആയുധ നിര്‍മ്മാണ കമ്പനികളുമായുള്ള ഗവേഷണ പങ്കാളിത്തം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളാണ് പാലസ്തീന്‍ അനുകൂലികളായ വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ചത്.

അതേസമയം, അമേരിക്കന്‍ സര്‍വ്വകലാശാലകള്‍ സാക്ഷ്യം വഹിച്ചപോലെയുള്ള ആക്രമണങ്ങള്‍ ഉണ്ടാകാത്തതിനാല്‍ ഓസ്ട്രേലിയയില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

സിഡ്‌നി, മെല്‍ബണ്‍, ക്വീന്‍സ്ലന്‍ഡ് അടക്കം ഏഴോളം യൂണിവേഴ്‌സിറ്റികളില്‍ പ്രതിഷേധം തുടരുകയാണ്. പലയിടത്തും ജൂത വിരുദ്ധതയ്ക്കെതിരെ ഇസ്രയേല്‍ അനുകൂലികളും ശബ്ദമുയര്‍ത്തുന്നുണ്ട്. ക്യാമ്പസുകളില്‍ അനാവശ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായി ജൂത ഗ്രൂപ്പുകള്‍ ആരോപിച്ചു.

അതേസമയം, കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ പ്രക്ഷോഭങ്ങളുടെ ഭാഗമായി അമേരിക്കയില്‍ അറസ്റ്റിലായ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവരുടെ എണ്ണം 2,100 കടന്നു. പ്രക്ഷോഭത്തിന്റെ പ്രഭവ കേന്ദ്രമായ കൊളംബിയ അടക്കം മുന്‍നിര യൂണിവേഴ്‌സിറ്റികളിലെ പ്രതിഷേധ ക്യാമ്പുകള്‍ കഴിഞ്ഞ ദിവസം പൊലീസ് നീക്കിയിരുന്നു. ഇന്നലെ പോര്‍ട്ട്ലാന്‍ഡ് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ 40 പേരും ന്യൂയോര്‍ക്കിലെ ന്യൂ സ്‌കൂളില്‍ 44 പേരും ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയില്‍ 13 പേരും അറസ്റ്റിലായി. ഇതുവരെ 34,600 ഓളം പേരാണ് ഗാസയില്‍ കൊല്ലപ്പെട്ടത്.

ടൊറന്റോ, ബ്രിട്ടീഷ് കൊളംബിയ, ഒട്ടാവ യൂണിവേഴ്‌സിറ്റികളില്‍ പാലസ്തീന്‍ അനുകൂല പ്രക്ഷോഭം തുടരുകയാണ്. ഇതിനിടെ, മോണ്‍ട്രിയലില്‍ ഇസ്രയേല്‍ അനുകൂല പ്രതിഷേധവും തുടങ്ങി. മോണ്‍ട്രിയലിലെ മക്ഗില്‍ യൂണിവേഴ്‌സിറ്റിയിലെ ഇസ്രയേല്‍ വിരുദ്ധ ക്യാമ്പ് പൊളിച്ചുനീക്കാന്‍ അധികൃതര്‍ ഉത്തരവിട്ടു. കലാലയങ്ങള്‍ പഠനത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള ഇടങ്ങളാണെന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പ്രതികരിച്ചു. എന്നാല്‍ നിലവില്‍ ജൂത വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിതത്വമില്ലെന്ന തോന്നലുണ്ടെന്നും അത് അനുവദിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.