'സംവരണം 50 ശതമാനത്തിലധികം വര്‍ധിപ്പിക്കും'; ജാതി സെന്‍സസ് നടത്താന്‍ തീരുമാനിച്ചതിന്റെ കാരണം വ്യക്തമാക്കി രാഹുല്‍ ഗാന്ധി

'സംവരണം 50 ശതമാനത്തിലധികം വര്‍ധിപ്പിക്കും'; ജാതി സെന്‍സസ് നടത്താന്‍ തീരുമാനിച്ചതിന്റെ കാരണം വ്യക്തമാക്കി രാഹുല്‍ ഗാന്ധി

ഭോപ്പാല്‍: ജാതി സംവരണത്തിന് സുപ്രീം കോടതി വിധിച്ച 50 ശതമാനം പരിധി നീക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മധ്യപ്രദേശിലെ തിരഞ്ഞെടുപ്പ് പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം. ദളിത്, പിന്നോക്ക, ഗോത്ര വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്കുള്ള ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കും.

ഭരണഘടനയെ സംരക്ഷിക്കാനാണ് ഈ തിരഞ്ഞെടുപ്പ്. ബി.ജെ.പിയും ആര്‍.എസ്.എസും ഭരണഘടനയെ ഇല്ലാതാക്കാന്‍ ആഗ്രഹിക്കുന്നു. കോണ്‍ഗ്രസും ഇന്ത്യാ സഖ്യവും ഭരണഘടനയെ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണ്. ഭരണഘടന ജനങ്ങള്‍ക്ക് ജലം, വനം, ഭൂമി എന്നിവയില്‍ അവകാശങ്ങള്‍ നല്‍കിയിട്ടുണ്ട്. അവയെല്ലാം നീക്കി സമ്പൂര്‍ണ അധികാരമാണ് മോഡി ആഗ്രഹിക്കുന്നത്.

ജയിച്ചാല്‍ ഭരണഘടന മാറ്റുമെന്നാണ് ബിജെപി നേതാക്കളുടെ പ്രഖ്യാപനം. അതുകൊണ്ടാണ് അവര്‍ 400 സീറ്റ് എന്ന മുദ്രാവാക്യം ഉയര്‍ത്തിയത്. അവര്‍ക്ക് 150 സീറ്റുകള്‍ പോലും ലഭിക്കില്ല. സംവരണം എടുത്തുകളയുമെന്ന് അവര്‍ പറയുന്നു. തങ്ങള്‍ അധികാരത്തിലെത്തിയാല്‍ സംവരണം 50 ശതമാനത്തിനപ്പുറം വര്‍ധിപ്പിക്കും. ദരിദ്രര്‍ക്കും പിന്നോക്കക്കാര്‍ക്കും ദളിതര്‍ക്കും ആദിവാസികള്‍ക്കും ആവശ്യമായത്ര സംവരണം നല്‍കുമെന്നും അദേഹം പറഞ്ഞു.

90 ബ്യൂറോക്രാറ്റുകളാണ് രാജ്യത്തെ ഭരണം നിയന്ത്രിക്കുന്നത്. അവരില്‍ ഒരാള്‍ മാത്രമാണ് ആദിവാസി സമൂഹത്തില്‍ നിന്നുള്ളത്. പിന്നോക്ക വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ മൂന്നു പേരാണ്. നിങ്ങളുടെ ആളുകള്‍ മാധ്യമങ്ങളിലോ കോര്‍പ്പറേറ്റ് ലോകത്തോ ഇല്ല. അത് മാറ്റാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നു. അതിനാലാണ് തങ്ങള്‍ ജാതി സെന്‍സസും സാമ്പത്തിക സര്‍വേയും നടത്താന്‍ തീരുമാനിച്ചതെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.