ലോക കേരള സഭയുടെ നാലാം സമ്മേളനം ജൂണ്‍ 13 തല്‍ 15 വരെ തിരുവനന്തപുരത്ത്; നൂറോളം രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍

ലോക കേരള സഭയുടെ നാലാം സമ്മേളനം ജൂണ്‍ 13 തല്‍ 15 വരെ തിരുവനന്തപുരത്ത്; നൂറോളം രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍

തിരുവനന്തപുരം: വിദേശ രാജ്യങ്ങളിലുള്ള പ്രവാസി കേരളീയരുടെ സംഗമ വേദിയായ ലോക കേരള സഭയുടെ നാലാം സമ്മേളനം ജൂണ്‍ 13 മുതല്‍ 15 വരെ തിരുവനന്തപുരത്ത് നടക്കും. കേരള നിയമസഭാ മന്ദിരത്തിലെ ആര്‍.ശങ്കരനാരായണന്‍ തമ്പി ഹാളിലാണ് പരിപാടി. നൂറോളം രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളുള്‍പ്പടെ 351 അംഗങ്ങളായിരിക്കും ലോക കേരള സഭയില്‍ പങ്കെടുക്കുക.

നിലവിലെ നിയമസഭ അംഗങ്ങള്‍, കേരളത്തില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗങ്ങള്‍, ഇന്ത്യന്‍ പൗരത്വമുള്ള പ്രവാസി കേരളീയര്‍, ഇന്ത്യക്ക് പുറത്തുള്ളവര്‍, ഇതര ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഉള്ളവര്‍, തിരികെയെത്തിയ പ്രവാസികള്‍, തങ്ങളുടെ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച പ്രവാസികള്‍, ഒ.സി.ഐ. കാര്‍ഡ് ഉടമകള്‍ എന്നിവര്‍ ഇതില്‍ ഉള്‍പ്പെടുന്നു. സഭയില്‍ അംഗത്വത്തിന് താല്‍പര്യമുളള പ്രവാസി കേരളീയര്‍ക്ക് ഏപ്രില്‍ 15 വരെ അപേക്ഷിക്കാന്‍ അവസരം നല്‍കിയിരുന്നു.

മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളിലും ലോകത്തിന്റെ നാനാ ഭാഗങ്ങളിലുള്ള പ്രവാസി കേരളീയരുടെ കൂട്ടായ്മയും സഹകരണവും പ്രോത്സാഹിപ്പിക്കുന്നതിനും കേരളീയ സാമൂഹിക, സാംസ്‌കാരിക, സാമ്പത്തിക വികസനത്തിനായി പ്രവാസികളെ സംസ്ഥാനവുമായി സമന്വയിപ്പിക്കുന്നതിനും ക്രിയാത്മകമായ നിര്‍ദേശങ്ങളും സംഭാവനകളും നല്‍കുന്നതിനും അവരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുമായി കേരളത്തിലെ ജനപ്രതിനിധികളോട് ഒപ്പമുള്ള ഒരു പൊതുവേദിയാണ് ലോക കേരള സഭ.

വ്യത്യസ്ത മേഖലകളിലുള്ള പ്രവാസി മലയാളികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി ലോക കേരള സഭയുടെ മേഖലാ സമ്മേളനങ്ങളും നടത്തി വരുന്നു. നാളിതുവരെയായി ലോക കേരള സഭയുടെ മൂന്ന് സമ്മേളനങ്ങളും മൂന്ന് മേഖലാ സമ്മേളനങ്ങളുമാണ് സംഘടിപ്പിച്ചിട്ടുള്ളത്.

2019 ഫെബ്രുവരി 15 നും 16 നും ദുബായിലും 2022 ഒക്ടോബര്‍ ഒമ്പതിന് ലണ്ടനിലും 2023 ജൂണ്‍ 9, 10, 11 തിയതികളില്‍ ന്യൂയോര്‍ക്കിലും മേഖലാ സമ്മേളനങ്ങള്‍ സംഘടിപ്പിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.