'ഹമാസിന്റെ ദൂതര്‍': അല്‍ ജസീറ ചാനലിന്റെ ഓഫീസുകള്‍ പൂട്ടിക്കെട്ടി ഇസ്രയേല്‍; 'പിന്‍പോയിന്റ് ഓപ്പറേഷ'നിലൂടെ റഫായില്‍ സൈനിക മുന്നേറ്റം

'ഹമാസിന്റെ  ദൂതര്‍': അല്‍ ജസീറ ചാനലിന്റെ ഓഫീസുകള്‍ പൂട്ടിക്കെട്ടി ഇസ്രയേല്‍; 'പിന്‍പോയിന്റ് ഓപ്പറേഷ'നിലൂടെ റഫായില്‍ സൈനിക മുന്നേറ്റം

ടെല്‍ അവീവ്: ഖത്തറിന്റെ ഉടമസ്ഥതയിലുള്ള അല്‍ ജസീറ ചാനലിന്റെ ഇസ്രയേലിലെ സംപ്രേക്ഷണം നിലച്ചു. ചാനലിന്റെ ഓഫീസുകള്‍ പൂട്ടി കെട്ടിച്ച നെതന്യാഹു ഭരണകൂടം സംപ്രേക്ഷണം നിര്‍ത്തിച്ചു. ഹമാസിന്റെ ദൂതരാണ് അല്‍ ജസീറയെന്ന് ഇസ്രയേല്‍ ആരോപിച്ചു.

അല്‍ ജസീറയുടെ ഓഫീസായി ഉപയോഗിച്ചിരുന്ന ജറുസലേമിലെ ഹോട്ടല്‍ മുറിയില്‍ റെയ്ഡ് നടത്തിയ ശേഷമാണ് ചാനല്‍ പൂട്ടിച്ചത്. ഇസ്രയേലില്‍ അല്‍ ജസീറയുടെ ഇംഗ്ലീഷ്, അറബി ചാനലുകള്‍ക്ക് പ്രവര്‍ത്തനനുമതി വിലക്കിയതിന് പിന്നാലെയാണ് നടപടി.

ഹോട്ടല്‍ മുറിയില്‍ ഉദ്യോഗസ്ഥര്‍ കാമറ ഉപകരണങ്ങള്‍ പൊളിച്ചു മാറ്റുന്നതിന്റെ വീഡിയോകള്‍ പുറത്തു വന്നിട്ടുണ്ട്. അല്‍ ജസീറയെ നിരോധിക്കുന്ന കാര്യം എക്സിലൂടെയാണ് ബെഞ്ചമിന്‍ നെതന്യാഹു അറിയിച്ചത്. ഇസ്രയേലില്‍ അല്‍ ജസീറയുടെ പ്രവര്‍ത്തനം നിര്‍ത്തുന്നുവെന്നും ഇത് സര്‍ക്കാരിന്റെ ഏകകണ്ഠമായ തീരുമാനമാണന്നും നെതന്യാഹു വ്യക്തമാക്കി.

ഹമാസിന്റെ ദൂതര്‍ക്ക് ഇസ്രയേലില്‍ അഭിപ്രായ സ്വാതന്ത്ര്യം ഉണ്ടാകില്ലെന്ന് ഇസ്രയേല്‍ വാര്‍ത്താ വിതരണ മന്ത്രി സ്ലോമോ കാര്‍ഹി പറഞ്ഞു. അല്‍ ജസീറ ഉടന്‍ തന്നെ പൂട്ടി ഉപകരണങ്ങള്‍ കണ്ടു കെട്ടുമെന്ന് മന്ത്രി നേരത്തേ അറിയിച്ചിരുന്നു. ചാനല്‍ നിരോധനം എത്ര നാളത്തേക്കെന്ന് നെതന്യാഹു വ്യക്തമാക്കിയില്ല.

45 ദിവസത്തേക്കായിരിക്കും നിരോധനമെന്ന് ഇസ്രയേലി മാധ്യമങ്ങള്‍ സൂചിപ്പിച്ചു. ഇസ്രയേലിലും കിഴക്കന്‍ ജറൂസലെമിലും ചാനലിന്റെ പ്രവര്‍ത്തനം തടസപ്പെടുമെന്ന് അല്‍ ജസീറ റിപ്പോര്‍ട്ടര്‍മാര്‍ പറഞ്ഞു. എന്നാല്‍ പാലസ്തീന്‍ പ്രദേശങ്ങളില്‍ നിരോധനം ബാധകമാകില്ല.

അതിനിടെ 'പിന്‍പോയിന്റ് ഓപ്പറേഷന്‍' എന്ന് പേരിട്ട സൈനിക നടപടിയിലൂടെ ഈജിപ്ത് അതിര്‍ത്തിയിലുള്ള റഫാ ക്രോസിങിന്റെ പാലസ്തീന്‍ പ്രദേശങ്ങള്‍ ഇന്ന് രാവിലെ ഇസ്രയേല്‍ കൈയ്യടക്കി പതാക  ഉയര്‍ത്തിയതായി  'ടൈംസ് ഓഫ് ഇസ്രയേല്‍' റിപ്പോര്‍ട്ട് ചെയ്തു. നേരിയ ചെറുത്തു നില്‍പ്പ് മാത്രമാണ് ഉണ്ടായതെന്ന് സൈന്യം അറിയിച്ചതായും പത്രം വ്യക്തമാക്കി.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.