നിയമ ഭേദഗതി വരുന്നു: ഇനി ബാങ്ക് ജപ്തിയില്‍ സര്‍ക്കാരിന് ഇടപെടാം; ജപ്തി ഭീഷണി നേരിടുന്ന ആയിരങ്ങള്‍ക്ക് ആശ്വാസമാകും

നിയമ ഭേദഗതി വരുന്നു: ഇനി ബാങ്ക് ജപ്തിയില്‍ സര്‍ക്കാരിന് ഇടപെടാം; ജപ്തി ഭീഷണി നേരിടുന്ന ആയിരങ്ങള്‍ക്ക് ആശ്വാസമാകും

തിരുവനന്തപുരം: ബാങ്ക് ജപ്തി നീട്ടി തുക ഗഡുക്കളായി തിരിച്ചടയ്ക്കുന്നത് അനുവദിക്കാന്‍ സര്‍ക്കാരിന് അധികാരം വരുന്നു. 20 ലക്ഷം വരെയുള്ള കുടിശികയ്ക്കാണ് സര്‍ക്കാരിന് ഇടപെടാന്‍ അധികാരം ഉള്ളത്. ഇതുസംബന്ധിച്ച നിയമഭേദഗതി അടുത്ത സഭാ സമ്മേളനത്തില്‍ അവതരിപ്പിക്കും. 10 ഗഡുക്കളായാണ് തിരിച്ചടയ്‌ക്കേണ്ടത്. ഇത് ജപ്തി ഭീഷണി നേരിടുന്ന ആയിരങ്ങള്‍ക്ക് ആശ്വാസമാകും.

20 ലക്ഷത്തിന് മുകളിലുള്ളവയില്‍ ഡെബ്റ്റ് റിക്കവറി ട്രൈബ്യൂണലാണ് തീരുമാനമെടുക്കേണ്ടത്. ദേശസാത്കൃത, ഷെഡ്യൂള്‍ഡ്, കോമേഴ്‌സ്യല്‍ ബാങ്കുകള്‍ ഉള്‍പ്പെടെ റവന്യു വകുപ്പ് വഴി നടത്തുന്ന ജപ്തിയില്‍ സര്‍ക്കാരിന് ഇടപെടാം. പക്ഷെ കേന്ദ്ര നിയമമായ സര്‍ഫാസിക്ക് ബാങ്കുകള്‍ വിട്ട കേസുകളില്‍ പറ്റില്ല. ഒരു ലക്ഷത്തിന് മേല്‍ കിട്ടാക്കടം കോടതിയുടെയോ ട്രൈബ്യൂണലിന്റെയോ ഇടപെടലില്ലാതെ തിരിച്ചുപിടിക്കാന്‍ ബാങ്കുകള്‍ക്ക് സര്‍ഫാസി അധികാരം നല്‍കുന്നു.

ജപ്തിക്ക് അനുമതി തേടി ബാങ്കുകള്‍ എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റുമാരെ സമീപിക്കുമ്പോള്‍ സര്‍ക്കാര്‍ ഇളവുകള്‍ അനുവദിക്കാറുണ്ടായിരുന്നു. ഇത് നിയമവിരുദ്ധമാണെന്ന് ബാങ്കുകളുടെ കേസില്‍ 2019 ല്‍ ഹൈക്കോടതി ഉത്തരവിട്ടു. മന്ത്രിമാര്‍, വകുപ്പു സെക്രട്ടറിമാര്‍ എന്നിവര്‍ക്ക് സ്റ്റേ അനുവദിക്കാനോ കുടിശിക ഗഡുക്കളാക്കാനോ അധികാരമില്ലെന്നായിരുന്നു ഉത്തരവ്. അപ്പീലിലും ഫലം ഉണ്ടായില്ല. തുടര്‍ന്നാണ് നിയമ ഭേദഗതി തീരുമാനിച്ചത്.

പതിനായിരക്കണക്കിന് അപേക്ഷകളാണ് ഇളവ് തേടി സര്‍ക്കാരില്‍ കെട്ടിക്കിടക്കുന്നത്. റവന്യു വകുപ്പ് തയ്യാറാക്കിയ കരട് ബില്‍ നിയമ വകുപ്പ് അന്തിമമാക്കും. റവന്യുമന്ത്രി നിയമസഭയില്‍ ഇക്കാര്യം അവതരിപ്പിക്കും.

കുടിശികയുടെ തോതനുസരിച്ച് തഹസില്‍ദാര്‍, കളക്ടര്‍, മന്ത്രിമാര്‍, മുഖ്യമന്ത്രി എന്നിവര്‍ക്കാണ് ജപ്തി ഒഴിവാക്കാന്‍ അധികാരം. തഹസില്‍ദാര്‍ക്ക് രണ്ടര ലക്ഷം വരെ കുടിശിക ഗഡുക്കളാക്കാം. കളക്ടര്‍ക്കും മന്ത്രിമാര്‍ക്കും അഞ്ച് ലക്ഷം, ധനമന്ത്രിക്ക് 10 ലക്ഷം, മുഖ്യമന്ത്രിക്ക് 20 ലക്ഷം വരെയും ഗഡുക്കളാക്കാന്‍ അധികാരമുണ്ട്.

വായ്പാ തിരിച്ചടവില്‍ സര്‍ക്കാര്‍ മൊറട്ടോറിയം പ്രഖ്യാപിക്കാറുണ്ട്. കുടിശികയുള്ളവര്‍ക്ക് കാലാവധി നീട്ടിക്കിട്ടുമെന്ന് മാത്രം. കാലാവധി കഴിയുമ്പോള്‍ നീട്ടിയ സമയത്തെ പലിശയും ചേര്‍ത്ത് തിരിച്ചടയ്ക്കണം. വായ്പാ തിരിച്ചടവില്‍ ബാങ്കുകളെക്കൊണ്ട് അനുഭാവ പൂര്‍ണമായ നിലപാടെടുപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.