ഗാസയില്‍ യു.എന്‍ വാഹനത്തിനു നേരെ ആക്രമണം; ഇന്ത്യക്കാരനായ സന്നദ്ധ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

ഗാസയില്‍ യു.എന്‍ വാഹനത്തിനു നേരെ ആക്രമണം; ഇന്ത്യക്കാരനായ സന്നദ്ധ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

ഗാസ: വെടിനിര്‍ത്തല്‍ സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ ഗാസയില്‍ യു.എന്‍ സന്നദ്ധ പ്രവര്‍ത്തകനായ ഇന്ത്യന്‍ പൗരന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. റഫയില്‍ ഇദ്ദേഹം സഞ്ചരിച്ച വാഹനത്തിനു നേരെയുണ്ടായ ആക്രമണത്തിലാണ് മരണം സംഭവിച്ചത്. യുഎന്‍ സ്റ്റിക്കറുകള്‍ പതിപ്പിച്ച വാഹനത്തിന് നേരെയാണ് ആക്രമണമുണ്ടായത്.

ഇസ്രയേല്‍-ഹമാസ് യുദ്ധം ആരംഭിച്ചതിനു ശേഷം ആദ്യമായാണ് ഒരു വിദേശ രാജ്യത്തെ യുഎന്‍ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെടുന്നത്. ഐക്യരാഷ്ട്ര സംഘടനയുടെ സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടത്. മരിച്ചയാളുടെ വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ലെങ്കിലും, അദ്ദേഹം ഇന്ത്യക്കാരനാണെന്നും ഇന്ത്യന്‍ സേനയിലെ മുന്‍ ഉദ്യോഗസ്ഥനാണെന്നും അധികൃതര്‍ വാര്‍ത്ത ഏജന്‍സിയായ പിടിഐയോടു പറഞ്ഞു.

റഫായില്‍ നിന്ന് ഖാന്‍ യൂനിസിലെ യുറോപ്യന്‍ ആശുപത്രിയിലേക്കു പോകുന്നതിനിടെയാണ് യുഎന്‍ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനത്തിനു നേരെ ആക്രമണമുണ്ടായത്. വെള്ള വാനിന്റെ പിന്‍വശത്തെ ഗ്ലാസില്‍ ബുള്ളറ്റ് തുളച്ചുകയറിയതിന്റെ പാടുകള്‍ ദൃശ്യമാണ്. വാഹനത്തിന്റെ മുന്‍ഭാഗത്തും വാതിലുകളിലുമെല്ലാം യു.എന്‍ പതാക പതിപ്പിച്ചിരുന്നു.

വാഹനത്തിലുണ്ടായിരുന്ന മറ്റൊരാള്‍ക്ക് പരിക്കേറ്റു. സന്നദ്ധ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതില്‍ പ്രതികരിച്ച് യുഎന്‍ ജനറല്‍ സെക്രട്ടറി അന്റോണിയോ ഗുട്ടറസ് രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട ഗുട്ടറസ്, ആക്രമണത്തെ അപലപിച്ചു. ഗാസയില്‍ ഇന്ധനം, ഭക്ഷണം, ശുദ്ധജലം എന്നിവയുടെ രൂക്ഷമായ ക്ഷാമത്തിനിടയില്‍, ആക്രമണങ്ങള്‍ കൂടി കനത്തതോടെ പല സഹായവിതരണ ഏജന്‍സികളും അവരുടെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ നിര്‍ബന്ധിതമായിരിക്കുകയാണ്. ഗാസയിലെ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ യുഎന്‍ വാഹനം ആക്രമിക്കപ്പെട്ടതും സന്നദ്ധപ്രവര്‍ത്തകരുടെ സുരക്ഷ സംബന്ധിച്ച ഭീതി വര്‍ധിപ്പിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.