അമ്മയ്ക്കും മകനും വധശിക്ഷ ലഭിക്കുന്നതും ഒരു സ്ത്രീക്ക് തൂക്കുകയര്‍ ലഭിക്കുന്നതും ഇതാദ്യം; ശാന്തകുമാരി വധക്കേസ് വിധി അത്യപൂര്‍വം

അമ്മയ്ക്കും മകനും വധശിക്ഷ ലഭിക്കുന്നതും ഒരു സ്ത്രീക്ക് തൂക്കുകയര്‍ ലഭിക്കുന്നതും ഇതാദ്യം; ശാന്തകുമാരി വധക്കേസ് വിധി അത്യപൂര്‍വം

തിരുവനന്തപുരം: മുല്ലൂര്‍ ശാന്തകുമാരി വധക്കേസില്‍ മൂന്ന് പ്രതികള്‍ക്കും വധശിക്ഷ. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്. ഒന്നാം പ്രതി വിഴിഞ്ഞം ടൗണ്‍ ഷിപ് കോളനിയില്‍ റഫീക്ക ബീവി (51), മകന്‍ വിഴിഞ്ഞം ടൗണ്‍ ഷിപ്പ് കോളനിയില്‍ ഹൗസ് നമ്പര്‍ 44 ല്‍ ഷെഫീഖ് (27) എന്നിവര്‍ക്കാണ് വധശിക്ഷ ലഭിച്ചത്. കേസിലെ രണ്ടാം പ്രതിയായ പാലക്കാട് പട്ടാമ്പി വിളയൂര്‍ വള്ളികുന്നത്തു വീട്ടില്‍ അല്‍ അമീന്‍ (27) എന്നയാള്‍ക്കും വധശിക്ഷ ലഭിച്ചിട്ടുണ്ട്.

പ്രതികള്‍ക്ക് മേല്‍ ചുമത്തിയ ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍, കൊലപാതകം, കവര്‍ച്ച എന്നീ കുറ്റങ്ങള്‍ സംശയാതീതമായി തെളിയിക്കപ്പെട്ടതായി കോടതി വ്യക്തമാക്കിയിരുന്നു. 2022 ജനുവരി 14 നാണ് മുല്ലൂര്‍ സ്വദേശി ശാന്തകുമാരി കൊല ചെയ്യപ്പെടുന്നത്. ശാന്തകുമാരിയുടെ വീട്ടില്‍ വാടകയ്ക്ക് താമസിച്ചിരുന്നവരാണ് പ്രതികള്‍.

സ്വര്‍ണം കവരാനുള്ള ശ്രമത്തിനിടെയാണ് ഇവര്‍ ശാന്തകുമാരിയെ കൊലപ്പെടുത്തുന്നത്. പിന്നീട് മൃതദേഹം വീടിന്റെ മച്ചില്‍ സൂക്ഷിച്ച ശേഷം പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ ശാന്തകുമാരിയെ കാണാനില്ലെന്ന പരാതിയില്‍ അന്വേഷണം നടത്തിയ വിഴിഞ്ഞം പൊലീസ് സംഭവ ദിവസം തന്നെ പ്രതികളെ പിടികൂടി.

വിഴിഞ്ഞം എസ്എച്ച്ഒയുടെ നേതൃത്വത്തിലായിരുന്നു കേസിന്റെ അന്വേഷണം. ചോദ്യം ചെയ്യലില്‍ ഇവര്‍ മുന്‍പും സമാന രീതിയില്‍ കൊലപാതകം നടത്തിയിട്ടുള്ളതായി തെളിഞ്ഞു. ഇവര്‍ തന്നെയാണ് കോവളം പൊലീസ് രജിസ്റ്റര്‍ ചെയ്ത ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിയുടെ കൊലപാതക്കേസിലെയും പ്രതികള്‍ എന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.

കേരളത്തില്‍ ആദ്യമായി ഒരു സ്ത്രീക്ക് വധശിക്ഷ ലഭിക്കുന്ന കേസ്, അമ്മയ്ക്കും മകനും വധശിക്ഷ ലഭിക്കുന്ന കേസ് എന്ന നിലയിലും ശാന്തകുമാരി വധക്കേസ് വിധി ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. മുല്ലൂര്‍തോട്ടം ആലുമൂട് വീട്ടില്‍ ശാന്തകുമാരിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ വിധി കേരളത്തിലെ നീതിന്യായ ചരിത്രത്തിലെ അപൂര്‍വ സംഭവമായിരിക്കുകയാണ്.

കേസില്‍ മൂന്നുപ്രതികളും കുറ്റക്കാരെന്ന് നെയ്യാറ്റിന്‍കര അഡിഷണല്‍ ജില്ലാ ജഡ്ജി എഎംബഷീര്‍ നേരത്തെ കണ്ടെത്തിയിരുന്നു. 2022 ജനുവരി 14 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന ശാന്തകുമാരിയെ പ്രതികള്‍ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടില്‍ വിളിച്ചുവരുത്തി ഷാള്‍ കൊണ്ട് കഴുത്ത് മുറുക്കിയ ശേഷം ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊന്ന് സ്വര്‍ണാഭരണങ്ങള്‍ കവരുകയായിരുന്നു. പരേതനായ നാഗപ്പപ്പണിക്കരുടെ ഭാര്യയാണ് ശാന്തകുമാരി. മക്കള്‍: സനല്‍കുമാര്‍, ശിവകല.

മൃതദേഹം തട്ടിന്‍പുറത്തെ ആസ്ബസ്റ്റോസ് മേല്‍ക്കൂരയ്ക്കും തട്ടിനും ഇടയില്‍ ഒളിപ്പിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ വിഴിഞ്ഞം പൊലീസ് കഴക്കൂട്ടത്ത് വച്ച് പിടികൂടുകയായിരുന്നു. ഫോര്‍ട്ട് എ സിയായിരുന്ന എസ്. ഷാജിയുടെ നേതൃത്വത്തില്‍ വിഴിഞ്ഞം എസ്എച്ച്ഒയായിരുന്ന പ്രജീഷ് ശശി, എസ് ഐമാരായ അജിത് കുമാര്‍, കെ.എല്‍ സമ്പത്ത്, ജി. വിനോദ് എന്നിവരാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
പൊലീസ് കുറ്റപത്രത്തില്‍ പറയുന്നത്:

സംഭവ ദിവസം രാവിലെ പത്തരയോടെ ശാന്തകുമാരിയെ പ്രതികള്‍ വീട്ടിലേക്ക് വിളിച്ച് വരുത്തി. സംസാരിച്ചു നില്‍ക്കേ ഷഫീക്കും അല്‍ അമീനും പിന്നിലൂടെ എത്തി ഷാള്‍ ഉപയോഗിച്ച് ശാന്തകുമാരിയുടെ കഴുത്തില്‍ മുറുക്കി. ശാന്തകുമാരി ഉടുത്തിരുന്ന സാരിയുടെ തുമ്പ് ശബ്ദം പുറത്തുവരാതിരിക്കാന്‍ വായില്‍ തിരുകി. ഈ സമയം റഫീഖാ ബീവി ശാന്തകുമാരിയുടെ തലയിലും നെറുകയിലും ചുറ്റികകൊണ്ട് ശക്തിയായി അടിച്ചു.

പിടഞ്ഞു വീണ ശാന്തകുമാരിയുടെ സ്വര്‍ണമാലയും രണ്ട് വളകളും കമ്മലും മോതിരവും അടക്കം ഏഴരപ്പവന്‍ കവര്‍ന്നു. ശാന്തകുമാരിയുടെ ശരീരമാകെ സാരി ചുറ്റി വലിച്ച് തട്ടിന് മുകളിലെത്തിച്ചു. തുടര്‍ന്ന് താക്കോല്‍ വാതിലില്‍ തന്നെ വച്ച് ഓട്ടോയില്‍ വിഴിഞ്ഞത്തെത്തി. ആഭരണങ്ങളില്‍ കുറച്ചു ഭാഗം 45,000 രൂപയ്ക്ക് വിറ്റ ശേഷം രക്ഷപ്പെടുകയായിരുന്നു.

വീട്ടുടമയുടെ മകന്‍ വൈകുന്നേരം ഇവിടെ വന്നപ്പോള്‍ വാതിലില്‍ താക്കോല്‍ കണ്ട് വിളിച്ചു നോക്കിയിട്ടും അനക്കമില്ലാത്തതിനാല്‍ തുറന്ന് നോക്കി. തട്ടിന് മുകളില്‍ നിന്ന് രക്തം വാര്‍ന്നു വീഴുന്നതും രണ്ട് കാലുകളും ശ്രദ്ധയില്‍പ്പെട്ടതോടെ നാട്ടുകാരെയും വിഴിഞ്ഞം പൊലീസിനെയും അറിയിക്കുകയായിരുന്നു. പ്രതികളിലൊരാളുടെ മൊബൈല്‍ നമ്പര്‍ ശേഖരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. കോഴിക്കോട്ടേക്കുള്ള ബസില്‍ ഇവര്‍ സഞ്ചരിക്കുന്നു എന്ന് മനസിലാക്കി ഇവരെ പിന്‍തുടര്‍ന്ന് കഴക്കൂട്ടത്ത് വച്ച് പിടികൂടുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.