അഞ്ച് ഘട്ടത്തിലെ വോട്ടിങ് ശതമാനം പുറത്തു വിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍; സീറ്റ് തിരിച്ചുള്ള വോട്ട് കണക്കുകള്‍ അറിയാം

അഞ്ച് ഘട്ടത്തിലെ വോട്ടിങ് ശതമാനം പുറത്തു വിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍; സീറ്റ് തിരിച്ചുള്ള വോട്ട് കണക്കുകള്‍ അറിയാം

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പോളിങ് കഴിഞ്ഞ അഞ്ച് ഘട്ടങ്ങളിലെ ഓരോ സീറ്റുകളിലേയും സമ്പൂര്‍ണ വോട്ടുകളുടെ വിവരങ്ങള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍.

ഓരോ പോളിങ് സ്റ്റേഷനിലേയും വോട്ടുകളുടെ കണക്ക് വ്യക്തമാക്കുന്ന ഫോം 17 സി വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള വിവിധ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളിയതിന് പിന്നാലെയാണ് കമ്മീഷന്റെ നടപടി.

അഞ്ച് ഘട്ടത്തിലേയും വോട്ടിങ് ശതമാനം, വോട്ടര്‍മാരുടെ എണ്ണം എന്നിവയടക്കം ഇതുവരേയുള്ള കണക്കുകളാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താക്കുറിപ്പിലൂടെ ഔദ്യോഗികമായി പുറത്തു വിട്ടത്.

തിരഞ്ഞെടുപ്പ് പ്രക്രിയയെ തകര്‍ക്കാന്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നവെന്ന ആരോപണവും കമ്മീഷന്‍ മുന്നോട്ടു വെച്ചു. പോള്‍ ചെയ്ത വോട്ടുകളുടെ കണക്കുകളും തിരഞ്ഞെടുപ്പ് ദിവസം എല്ലാ സ്ഥാനാര്‍ഥികളുടെയും പോളിങ് ഏജന്റുമാര്‍ക്ക് നല്‍കിയ ഫോം 17 സിയിലെ കണക്കുകളും മാറ്റാന്‍ ആര്‍ക്കും കഴിയില്ലെന്ന് കമ്മിഷന്‍ പുറത്തിറക്കിയ ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി.

പൊതുജനങ്ങള്‍ക്കായി ഇറക്കിയ ഔദ്യോഗിക ആപ്പ് വഴി സ്ഥാനാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും വോട്ടിങ് കണക്കുകള്‍ 24 മണിക്കൂറും ലഭ്യമാകുമെന്നും കമ്മീഷന്‍ വ്യക്തമാക്കി.

പോളിങ് വിവരങ്ങള്‍ പുറത്തുവിടുന്നത് സംബന്ധിച്ച് സുപ്രീം കോടതി പറഞ്ഞ നിര്‍ദേശങ്ങളും വിധിയും തിരഞ്ഞെടുപ്പ് കമ്മിഷന് ശക്തി പകരുന്നതാണെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി. ജൂണ്‍ ഒന്നിനാണ് അവസാന ഘട്ട വോട്ടെടുപ്പ്.

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ രണ്ട് ഘട്ടങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ പോളിങ് സ്റ്റേഷനിലെ യഥാര്‍ഥ വിവരങ്ങള്‍ അടങ്ങുന്ന ഫോം 17 സി വിവരങ്ങള്‍ വെബ്‌സൈറ്റില്‍ നല്‍കുന്നത് തിരഞ്ഞെടുപ്പു കമ്മിഷന് പ്രായോഗികമാവില്ലെന്നായിരുന്നു ശനിയാഴ്ച സുപ്രീം കോടതി പറഞ്ഞത്. തിരഞ്ഞെടുപ്പു പ്രക്രിയയെ തടസപ്പെടുത്താന്‍ ഉദേശിക്കുന്നില്ലെന്നും വ്യക്തമാക്കിയിരുന്നു.

വോട്ടെടുപ്പ് കഴിഞ്ഞാലുടന്‍ അതത് പോളിങ് സ്റ്റേഷനുകളിലെ യഥാര്‍ഥ വിവരങ്ങളടങ്ങുന്ന ഫോം 17 സി പരസ്യപ്പെടുത്തണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം. നിലവില്‍ ദിവസങ്ങള്‍ കഴിഞ്ഞു മാത്രം യഥാര്‍ഥ കണക്കുകള്‍ പുറത്തു വരുമ്പോള്‍ ആദ്യം പറഞ്ഞതില്‍ നിന്ന് വലിയ വ്യത്യാസങ്ങളുണ്ടാകുന്നുവെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.