ദിവ്യകാരുണ്യ നാഥനെ വരവേറ്റ് ഓസ്ട്രേലിയൻ ജനത; പ്രധാന ന​ഗരങ്ങളിൽ കോർപ്പസ് ക്രിസ്റ്റി പ്രദക്ഷിണം; അണിനിരന്ന് പതിനായിരങ്ങൾ

ദിവ്യകാരുണ്യ നാഥനെ വരവേറ്റ് ഓസ്ട്രേലിയൻ ജനത; പ്രധാന ന​ഗരങ്ങളിൽ കോർപ്പസ് ക്രിസ്റ്റി പ്രദക്ഷിണം; അണിനിരന്ന് പതിനായിരങ്ങൾ

സിഡ്നി: ഈശോയുടെ തിരുശരീര രക്തങ്ങളുടെ തിരുനാൾ (കോർപ്പസ് ക്രിസ്റ്റി) അവിസ്മരണീയമാക്കി ഓസ്‌ട്രേലിയ. ‘വോക്ക് വിത്ത് ക്രൈസ്റ്റ്’ എന്ന പേരിൽ മെൽബൺ, സിഡ്നി, ബ്രിസ്ബൺ തുടങ്ങിയ ന​ഗരങ്ങളിൽ സംഘടിപ്പിച്ച ഘോഷയാത്രയിൽ മലയാളികളടക്കം പതിനായിരങ്ങൾ പങ്കെടുത്തു. ദൈവസ്തുതികൾ ആലപിച്ചും പ്രാർത്ഥനകൾ ഉരുവിട്ടും നീങ്ങിയ വിശ്വാസികളുടെ കൂട്ടത്തിൽ കുട്ടികൾ മുതൽ വയോധികർ വരെ അണിചേർന്നതും ശ്രദ്ധേയമായി.



പരിശുദ്ധ കുർബാനയുടെ തിരുനാളിൽ തെരുവുകളിലൂടെ നടത്തുന്ന ദിവ്യകാരുണ്യ പ്രദക്ഷിണം കത്തോലിക്കരെ സംബന്ധിച്ചിടത്തോളം പരമ്പരാഗത അനുഷ്ഠാനമാണ്. ഈ വർഷവും അത് സാഘോഷം ക്രമീകരിക്കാൻ സാധിച്ചതിന്റെ ആനന്ദത്തിലാണ് ഓസ്ട്രേലിയയിലെ വിശ്വാസീ സമൂഹം. സിഡ്നിയിലെ മാർട്ടിൻ പ്ലേസിൽ നിന്ന് ആരംഭിച്ച ദിവ്യകാരുണ്യ പ്രദക്ഷിണം സെന്റ് മേരീസ് കത്തീഡ്രലിൽ ദിവ്യകാരുണ്യ ആശീർവാദത്തോടെയാണ് സമാപിച്ചത്

' 2028 ലെ അന്താരാഷ്‌ട്ര ദിവ്യബലിക്ക് ആതിഥേയത്വം വഹിക്കാൻ ഓസ്‌ട്രേലിയ ആഗ്രഹിക്കുന്നതിനാൽ ഭക്തിയുടെ പ്രോത്സാഹജനകമായ പ്രദർശനമായിരുന്നു ഈ ആഘോഷമെന്ന് സിഡ്‌നി ആർച്ച് ബിഷപ്പ് മോസ്റ്റ് റവ. ആൻ്റണി ഫിഷർ ഒ.പി പറഞ്ഞു. എൻ്റെ പ്രിയ സുഹൃത്തുക്കളേ, കൗൺസിൽ ആവശ്യപ്പെട്ടത് പോലെ നാം ചെയ്തു. ഈ നഗരത്തെയും രാജ്യത്തെയും പരിപാടിക്കായി ഒരുക്കുന്നതിന് സഹായിക്കുകയും ചെയ്തു. 2028 ലെ അന്താരാഷ്‌ട്ര ദിവ്യബലിക്ക് ആതിഥേയത്വം വഹിക്കാൻ ഫ്രാൻസിസ് മാർപാപ്പ തങ്ങളെ അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും'- ആർച്ച് ബിഷപ്പ് ഫിഷർ പറഞ്ഞു.