തലശേരി: കപ്പൂച്ചിന്‍ സന്യാസ ശ്രേഷ്ഠനും ഭരണങ്ങാനം, പട്ടാരം വിമലഗിരി അസീസി ധ്യാന കേന്ദ്രങ്ങളുടെ സ്ഥാപകനുമായിരുന്ന ഫാ. ആര്‍മണ്ട് മാധവത്ത് കപ്പൂച്ചിന്‍ ദൈവദാസ പദവിയിലേക്ക്. നാമകരണ നടപടികള്‍ക്ക് അംഗീകാരം നല്‍കിക്കൊണ്ടുള്ള അറിയിപ്പ് വത്തിക്കാനില്‍ നിന്ന് ലഭിച്ചതായി തലശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി അറിയിച്ചു.
കേരള സഭയില്‍ കരിസ്മാറ്റിക് നവീകരണത്തിന് തുടക്കം കുറിച്ചത് ഫാ. ആര്‍മണ്ടിന്റെ നേതൃത്വത്തിലായിരുന്നു. ആ വന്ദ്യ വൈദികന്റെ വിശുദ്ധി സഭയുടെ മുന്നില്‍ എത്തിക്കാനുള്ള തലശേരി അതിരൂപതയുടെയും കപ്പൂച്ചിന്‍ സഭയുടെയും ശ്രമങ്ങളെ റോമിലെ വിശുദ്ധരുടെ നാമകരണത്തിനുള്ള കാര്യാലയം അംഗീകരിച്ചതായുള്ള അറിയിപ്പ് ഇന്നലെ വൈകുന്നേരമാണ് തലശേരി അതിരൂപത കാര്യാലയത്തില്‍ ലഭിച്ചത്.
മലബാറില്‍ നിന്നുള്ള സീറോ മലബാര്‍ സഭയുടെ ആദ്യത്തെ ദൈവദാസനാണ് ആര്‍മണ്ട് മാധവത്തച്ചന്‍. കപ്പൂച്ചിന്‍ ആധ്യാത്മികത തന്റെ സാന്നിധ്യത്തിലൂടെയും പ്രഭാഷണത്തിലൂടെയും ജനങ്ങളിലേക്ക് എത്തിക്കാന്‍ അദേഹത്തിന് സാധിച്ചു. ദൈവദാസ പദവി പ്രഖ്യാപനവും തുടര്‍ നടപടികളും പിന്നീട് നിശ്ചയിക്കുമെന്ന് തലശേരി അതിരൂപത അധ്യക്ഷന്‍ മാര്‍ ജോസഫ് പാംപ്ലാനിയും നാമകരണ നടപടികളുടെ പോസ്റ്റുലേറ്റര്‍ ഫാ. ജിതിന്‍ ആനിക്കുഴിയിലും അറിയിച്ചു.
1930 നവംബര്‍ 25 ന് പാലാ രൂപതയിലെ മരങ്ങാട്ടുപള്ളി ഇടവകയില്‍ മാധവത്ത് പ്രാഞ്ചി-റോസ ദമ്പതികളുടെ എട്ട് മക്കളില്‍ നാലാമനായി ആര്‍മണ്ട് ജനിച്ചു. സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം അജ്മീര്‍ മിഷനില്‍ വൈദികനാകാന്‍ പഠനമാരംഭിച്ചു. എന്നാല്‍ അസീസിയിലെ ഫ്രാന്‍സിസിന്റെ ആധ്യാത്മികതയോടുള്ള ആകര്‍ഷണം അദേഹത്തെ കപ്പൂച്ചിന്‍ സഭയില്‍ എത്തിച്ചു.
കപ്പൂച്ചിന്‍ സഭയില്‍ നൊവിഷ്യേറ്റ് പൂര്‍ത്തിയാക്കിയ ബ്രദര്‍ ആര്‍മണ്ട് 1954 മെയ് 13 ന് പ്രഥമ വ്രതവാഗ്ദാനം നടത്തി. കൊല്ലത്തുള്ള കപ്പൂച്ചിന്‍ സെമിനാരിയില്‍ തത്വശാസ്ത്രവും കോട്ടഗിരിയിലുള്ള ഫ്രയറിയില്‍ ദൈവശാസ്ത്രവും പഠിച്ച അദ്ദേഹം 1960 മെയ് 25 ന് ഊട്ടി രൂപത മെത്രാനായിരുന്ന മാര്‍ ആന്റണി പടിയറ പിതാവില്‍ നിന്നും പൗരോഹിത്യം സ്വീകരിച്ചു.
എറണാകുളം പൊന്നുരുന്നി ആശ്രമത്തിലും ആലുവയിലെ നസറത്ത് ആശ്രമത്തിലും മംഗലാപുരത്തുള്ള നൊവിഷ്യേറ്റിലും മൂവാറ്റുപുഴ ആശ്രമത്തിലും ഭരണങ്ങാനം സെമിനാരിയിലുമായിരുന്നു ആര്‍മണ്ടച്ചന്‍ തന്റെ ആദ്യഘട്ട ശുശ്രൂഷകള്‍ നിര്‍വഹിച്ചിരുന്നത്.
ഫ്രാന്‍സിസ് അസീസിയുടെ എളിമയും ലാളിത്യവും പരിഹാര ചൈതന്യവും സ്വന്തമാക്കിയ ആര്‍മണ്ടച്ചന്റെ ജീവിതം ഏവര്‍ക്കും മാതൃകയായിരുന്നു. ഫ്രാന്‍സിസ്‌കന്‍ അല്‍മായ സഭയുടെ ഡയറക്ടറായി പാലാ രൂപതയില്‍ പ്രവര്‍ത്തിച്ചു. ഭരണങ്ങാനത്തുള്ള അഗതി മന്ദിരത്തിന്റെ ചുമതലക്കാരനായും സേവനം ചെയ്തു. അല്‍മായരുമായുള്ള അച്ചന്റെ ബന്ധം എല്ലായ്പ്പോഴും സുദൃഢമായിരുന്നു.
ഇതിനിടെ 1976 ല്‍ കരിസ്മാറ്റിക് ധ്യാനത്തിലൂടെ താന്‍ അനുഭവിച്ച ആത്മീയനിറവ് ഏവര്‍ക്കും ലഭ്യമാക്കണമെന്ന് ആഗ്രഹിച്ച ആര്‍മണ്ടച്ചന്‍ ഈ ധ്യാനം മലയാളത്തില്‍ ലഭ്യമാക്കണമെന്ന് അതിയായി ആഗ്രഹിച്ചു. അപ്രകാരം ഫാ. എ.കെ. ജോണ്‍, ഫാ. ഗ്രേഷ്യന്‍ എന്നിവരുടെയും ഏതാനും അല്‍മായ പ്രേഷിതരുടെയും സഹായത്തോടെ മലയാളത്തില്‍ ആദ്യ കരിസ്മാറ്റിക് ധ്യാനം 1976 സെപ്റ്റംബര്‍ 24 മുതല്‍ ഭരണങ്ങാനം അസീസിയില്‍ സംഘടിപ്പിച്ചു.
ആത്മാവില്‍ നിറഞ്ഞവരുടെ ഒരു വലിയ കൂട്ടായ്മ കേരളമൊട്ടാകെ വളര്‍ത്തിയെടുക്കാന്‍ അച്ചന്‍ സഹിച്ച ത്യാഗങ്ങള്‍ അവിസ്മരണീയമാണ്. കണ്‍വന്‍ഷനുകള്‍, ഇടവക ധ്യാനങ്ങള്‍ തുടങ്ങിയവയിലൂടെ കരിസ്മാറ്റിക് നവീകരണ മുന്നേറ്റം ജനകീയമാക്കാന്‍ അദേഹം കഠിനപ്രയത്നം ചെയ്തു.
ജീവിതത്തിലെ എല്ലാ തുറകളിലുമുള്ളവരെ പരിശീലിപ്പിക്കുവാനും നേതൃ നിരയിലേക്ക് കൊണ്ടുവരാനും ശ്രമിച്ചു. പലവിധ എതിര്‍പ്പുകളും പ്രതിബന്ധങ്ങളും അഭിമുഖീകരിക്കേണ്ടതായി വന്നെങ്കിലും 'പ്രെയ്സ് ദ ലോര്‍ഡ്' എന്ന സൗമ്യമായ മറുപടി കൊണ്ട് അച്ചന്‍ എല്ലാത്തിനെയും അതിജീവിച്ചു. എല്ലായ്പ്പോഴും അധികാരികള്‍ക്ക് വിധേയനായി, ദൈവപരിപാലനയില്‍ ആശ്രയിച്ചുകൊണ്ട് സേവന നിരതനായി തന്റെ വിശുദ്ധ ജീവിതം പുഷ്ടിപ്പെടുത്തി.
ഭരണങ്ങാനം അസീസി ധ്യാന മന്ദിരത്തില്‍ 20 വര്‍ഷം സേവനം ചെയ്ത് അതിനെ വളര്‍ച്ചയുടെ കൊടുമുടിയില്‍ എത്തിച്ച ആര്‍മണ്ടച്ചന്‍ പിന്നീട് 1996 ല്‍ കണ്ണൂര്‍ ജില്ലയില്‍ ഇരിട്ടിയ്ക്കടുത്ത് വിമലഗിരി ധ്യാന മന്ദിരം ആരംഭിച്ചു. ഒന്നുമില്ലായ്മയില്‍ നിന്നും സകലരോടും ധര്‍മം യാചിച്ച് അദേഹം കെട്ടിപ്പൊക്കിയ ധ്യാനമന്ദിരം മലബാറിന്റെ ആത്മീയ ഹൃദയമായിത്തീര്‍ന്നു. ഒരു വലിയ ധ്യാന പ്രസംഗകനോ കൗണ്‍സിലറോ രോഗശാന്തി ശുശ്രൂഷകനോ ജീവകാരുണ്യ പ്രവര്‍ത്തകനോ ഒന്നുമായിരുന്നില്ല ആര്‍മണ്ടച്ചന്‍.
പ്രാര്‍ത്ഥനയുടെ ഗുരുവും വചനത്തിന്റെ ഉപാസകനും ത്രിത്വത്തിന്റെ ആരാധകനുമായിരുന്ന ആര്‍മണ്ടച്ചന്‍ എഴുപതാം വയസില്‍ പെട്ടെന്ന് രോഗബാധിതനായിത്തീരുകയും 2001 ജനുവരി 12 ന് തന്റെ ഓട്ടം പൂര്‍ത്തിയാക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ഭൗതിക ശരീരം അടക്കം ചെയ്യപ്പെട്ടത് വിമലഗിരി ആശ്രമത്തോടനുബന്ധിച്ചായിരുന്നു.
അന്നുമുതല്‍ ആര്‍മണ്ടച്ചന്റെ കല്ലറ പ്രാര്‍ത്ഥനയുടെ സങ്കേതമായി രൂപപ്പെടുവാന്‍ തുടങ്ങിയിരുന്നു. അച്ചന്റെ ആത്മീയ സന്താനങ്ങളും അയല്‍ക്കാരും സഹസന്യാസിനികളുമായിരുന്നു കബറിടത്തിങ്കല്‍ മാധ്യസ്ഥം തേടി ആദ്യമെത്തിയത്. പിന്നീട് ധ്യാനിക്കാന്‍ വന്നവരും അറിഞ്ഞു കേട്ട് വന്നവരും ബന്ധുമിത്രാദികളും നാനാജാതി മതസ്ഥരും പ്രാര്‍ത്ഥിക്കുവാനായി കബറിടത്തിങ്കലേക്ക് വന്നു തുടങ്ങി.
ആര്‍മണ്ടച്ചന്റെ കബറിടത്തിങ്കല്‍വന്ന് സ്ഥിരമായി പ്രാര്‍ത്ഥിച്ചുപോകുന്നവരും മണിക്കൂറുകള്‍ ചെലവഴിക്കുന്നവരും ലഭിച്ച അനുഗ്രഹങ്ങള്‍ക്ക് നന്ദി പറയുവാനായി കടന്നുവരുന്നവരുമൊക്കെ ഇന്ന് സ്ഥിരം കാഴ്ചയാണ്.പലരും തങ്ങളുടെ ഗുരുനാഥനും മാതൃകയുമായി ആര്‍മണ്ടച്ചനെ കണ്ടുകൊണ്ട് നിരന്തരം മാധ്യസ്ഥം തേടുകയും അദേഹത്തിന്റെ വിശുദ്ധ പദവി പ്രഖ്യാപനത്തിനായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.