ആന്ധ്രയില്‍ അടിച്ചു കയറി ടിഡിപി; ജഗന്റെ കോട്ടകള്‍ തകരുന്നു

ആന്ധ്രയില്‍ അടിച്ചു കയറി ടിഡിപി; ജഗന്റെ കോട്ടകള്‍ തകരുന്നു

ഹൈദരാബാദ്: ആന്ധ്രാപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ടിഡിപി സഖ്യം മുന്നില്‍. വോട്ടെണ്ണല്‍ രണ്ടര മണിക്കൂര്‍ പിന്നിടുമ്പോള്‍ ആകെയുള്ള 175 സീറ്റുകളില്‍ 74 സീറ്റില്‍ ടി ഡി പിയും 11 സീറ്റില്‍ ജനസേവ പാര്‍ട്ടിയും മൂന്ന് സീറ്റില്‍ ബി ജെ പിയുമാണ് ലീഡ് ചെയ്യുന്നത്.

ഈ മൂന്ന് കക്ഷികളും സഖ്യത്തിലാണ് സംസ്ഥാനത്ത് മത്സരിച്ചത്. അതേസമയം ഭരണ കക്ഷിയായ വൈഎസ്ആര്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാണ് നേരിട്ട് കൊണ്ടിരിക്കുന്നത്. നിലവില്‍ 12 സീറ്റില്‍ മാത്രമാണ് വൈഎസ്ആര്‍ കോണ്‍ഗ്രസിന് ലീഡുള്ളത്.

കോണ്‍ഗ്രസിന് ഇതുവരെ ഒരിടത്തും ലീഡ് നേടാനായിട്ടില്ല. അതേസമയം സംസ്ഥാനത്ത് ആകെയുള്ള 25 ലോക്‌സഭാ സീറ്റുകളില്‍ ടിഡിപി 13 ലും ജനസേന നാലിലും വൈഎസ്ആര്‍സിപി രണ്ട് ലോക്‌സഭാ സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്.

പുലിവെണ്ടുല നിയമസഭാ മണ്ഡലത്തില്‍ മുഖ്യമന്ത്രി വൈഎസ് ജഗന്‍ മോഹന്‍ റെഡ്ഡി ആദ്യ റൗണ്ട് പിന്നിടുമ്പോള്‍ ടിഡിപിയുടെ രവിയെക്കാള്‍ 1,888 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു. രാജമഹേന്ദ്രവാരം ലോക്‌സഭാ സീറ്റില്‍ വൈഎസ്ആര്‍സിപിയുടെ ജി ശ്രീനിവാസിനെക്കാള്‍ 22,010 വോട്ടുകള്‍ക്ക് ബിജെപി അധ്യക്ഷ ഡി പുരന്ദേശ്വരി ലീഡ് ചെയ്യുന്നു. മംഗളഗിരി അസംബ്ലി സീറ്റില്‍ ടിഡിപി നേതാവ് നാരാ ലോകേഷ് വൈഎസ്ആര്‍സിപിയുടെ എം ലാവണ്യയെക്കാള്‍ 4000 വോട്ടുകള്‍ക്ക് മുന്നിലാണ്.

തുടര്‍ ഭരണം തേടി വൈഎസ്ആര്‍സിപി 175 സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിച്ചപ്പോള്‍ ടിഡിപി 144 സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി. പവന്‍ കല്യാണിന്റെ നേതൃത്വത്തിലുള്ള ജനസേന പാര്‍ട്ടി (ജെഎസ്പി) 21 സീറ്റുകളിലും ബിജെപി 10 സീറ്റുകളിലും മത്സരിച്ചു. 2019 ല്‍ 22 ലോക്‌സഭാ സീറ്റുകളും 153 നിയമസഭാ സീറ്റുകളും വൈഎസ്ആര്‍ കോണ്‍ഗ്രസ് നേടിയിരുന്നു. ടിഡിപി 2019 തിരഞ്ഞെടുപ്പില്‍ മൂന്ന് ലോക്‌സഭാ സീറ്റുകളും 23 നിയമസഭാ സീറ്റുകളുമാണ് നേടിയത്.

മുഖ്യമന്ത്രി വൈഎസ് ജഗന്‍ മോഹന്‍ റെഡ്ഡി (വൈഎസ്ആര്‍സിപി), ടിഡിപി അധ്യക്ഷന്‍ എന്‍ ചന്ദ്രബാബു നായിഡു, ജെഎസ്പിയുടെ പവന്‍ കല്യാണ്‍ എന്നിവരാണ് സംസ്ഥാനത്തെ പ്രധാന സ്ഥാനാര്‍ത്ഥികള്‍. ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം മെയ് 13നാണ് ആന്ധ്രാപ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പും നടന്നത്. ജൂണ്‍ ഒന്നിന് പുറത്ത് വന്ന എക്സിറ്റ് പോളുകളില്‍ ടിഡിപിക്കായിരുന്നു നേരിയ മേല്‍ക്കൈ.

ചില ഏജന്‍സികള്‍ എന്‍ഡിഎ വിജയിക്കുമെന്ന് പ്രവചിച്ചപ്പോള്‍ മറ്റു ചിലര്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് അധികാരം നിലനിര്‍ത്തുമെന്നാണ് പ്രവചച്ചത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.