രാഹുലിന് റായ്ബറേലിയിലും വയനാട്ടിലും മൂന്നര ലക്ഷത്തിലധികം ഭൂരിപക്ഷം; ഏത് ഉപേക്ഷിക്കും?... ചുരം കയറി പ്രിയങ്ക എത്തുമോ?

രാഹുലിന് റായ്ബറേലിയിലും വയനാട്ടിലും മൂന്നര ലക്ഷത്തിലധികം ഭൂരിപക്ഷം; ഏത് ഉപേക്ഷിക്കും?... ചുരം കയറി പ്രിയങ്ക എത്തുമോ?

കൊച്ചി: പരാജയപ്പെട്ട നേതാവായി രാഹുല്‍ ഗാന്ധി മുദ്രകുത്താനുള്ള ബിജെപി ശ്രമങ്ങള്‍ക്ക് കനത്ത തിരിച്ചടി നല്‍കി മത്സരിച്ച വയനാട്ടിലും റായ്ബറേലിയിലും രാഹുല്‍ ഗാന്ധി മൂന്നര ലക്ഷത്തിലധികം വോട്ടിന്റെ ലീഡ് നേടി.

ഉത്തര്‍ പ്രദേശിലെ റായ്ബറേലിയില്‍ 3.88 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം രാഹുല്‍ ഗാന്ധി നേടിയപ്പോള്‍ അതേ സംസ്ഥാന്തതെ വരാണസിയില്‍ മത്സരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ലഭിച്ചത് ഒന്നര ലക്ഷത്തില്‍പ്പരം വോട്ടിന്റെ ലീഡ് മാത്രമാണ്. ഭൂരിപക്ഷത്തില്‍ 2019 നേക്കാള്‍ മൂന്ന് ലക്ഷത്തിലധികം വോട്ടിന്റെ കുറവ്. 2019 ലെ തിരഞ്ഞെടുപ്പില്‍ 4.7 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു മോഡി നേടിയത്.

വയനാട് മണ്ഡലത്തിലാകട്ടെ 3,64,442 വോട്ടിന്റെ ഭൂരിപക്ഷവുമാണ് രാഹുല്‍ ഗാന്ധിക്കുള്ളത്. രണ്ട് മണ്ഡലത്തിലും വിജയം ഉറപ്പായ സാഹചര്യത്തില്‍ ഒരു മണ്ഡലം ഉപേക്ഷിക്കേണ്ടി വരും. അങ്ങനെയെങ്കില്‍ വയനാട് രാഹുല്‍ രാജിവെച്ചേക്കുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്നത്.

ജയിച്ചാല്‍ രാഹുല്‍ വയനാട്ടില്‍ തുടരുമെന്നാണ് തിരഞ്ഞെടുപ്പിനു മുന്‍പ് യുഡിഎഫ് നേതാക്കള്‍ പറഞ്ഞിരുന്നത്. എന്നാല്‍ രണ്ട് മണ്ഡലത്തിലും വിജയിച്ചാല്‍ വയനാട് എം.പി സ്ഥാനം രാഹുല്‍ രാജിവെച്ചേക്കുമെന്നും ഉപതിരഞ്ഞെടുപ്പില്‍ രാഹുലിന് പകരം പ്രിയങ്ക ഗാന്ധി വയനാട്ടില്‍ മത്സരിക്കാനെത്തിയേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.

വയനാട് സ്വന്തം നാടാണെന്നും വയനാട്ടിലെ ജനങ്ങളെ ഒരിക്കലും ഉപേക്ഷിക്കില്ലെന്നുമായിരുന്നു തിരഞ്ഞെടുപ്പ് കാലത്ത് രാഹുല്‍ ആവര്‍ത്തിച്ചിരുന്നത്. ഉപതിരഞ്ഞെടുപ്പ് സാഹചര്യം വന്നാല്‍ പ്രിയങ്ക ഗാന്ധിയെ കന്നിയങ്കത്തിനിറക്കുന്നതിലൂടെ രാഹുല്‍ വയനാടിനെ ഉപേക്ഷിച്ചുവെന്ന പരാതികള്‍ക്കും പരിഹാരമാവും.

റായ്ബറേലി കോണ്‍ഗ്രസിന്റെ കോട്ടയാണ്. അത് വിട്ടുപോകാന്‍ ഗാന്ധി കുടുംബത്തിന് സാധിക്കില്ല. അമേഠിയെ രാഹുല്‍ ഗാന്ധി കൈവിട്ടപ്പോള്‍ തന്നെ കോണ്‍ഗ്രസ് ക്യാമ്പില്‍ നിന്ന് വലിയ രീതിയില്‍ എതിര്‍പ്പുയര്‍ന്നിരുന്നു.

നേതാക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് രാഹുല്‍ റായ്ബറേലിയില്‍ മത്സരിക്കാന്‍ തീരുമാനിച്ചത്. യു.പിയില്‍ ഇന്ത്യ മുന്നണി വന്‍ തിരിച്ചു വരവ് നടത്തിയ സാഹചര്യത്തില്‍ രാഹുല്‍ റായ്ബറേലി ഉപേക്ഷിക്കില്ല എന്നുറപ്പാണ്.

ഉത്തര്‍പ്രദേശില്‍ പ്രിയങ്ക ഗാന്ധി മത്സരത്തിനിറങ്ങുമെന്ന് നേരത്തെ പ്രചാരണങ്ങളുയര്‍ന്നിരുന്നു. എന്നാല്‍ അതുണ്ടായില്ല. വയനാട്ടിലേയും റായ്ബറേലിയിലേയും രാഹുലിന്റെ വിജയനസാധ്യത മുന്നില്‍ക്കണ്ടാണ് പ്രിയങ്കയെ മത്സരരംഗത്തിറക്കാതിരുന്നതെന്ന നിഗമനങ്ങളും ഇപ്പോള്‍ സജീവമാണ്.

സോണിയ ഗാന്ധിയുടെ സിറ്റിങ് മണ്ഡലമാണ് റായ്ബറേലി. 2014നലും 2019നലും സോണിയ ഗാന്ധി മത്സരിച്ച് വിജയിച്ച മണ്ഡലമാണത്. 2019 ലെ തിരഞ്ഞെടുപ്പില്‍ 1.67 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു ബിജെപിയുടെ ദിനേഷ് പ്രതാപ് സിങിനെ സോണിയ പരാജയപ്പെടുത്തിയത്.

ഇതേ ദിനേഷ് പ്രതാപ് സിങ്ങിനെ തന്നെയാണ് ഇക്കുറി രാഹുലിനെതിരേ ബിജെപി. രംഗത്തിറക്കിയത്. കഴിഞ്ഞ തവണ സോണിയ നേടിയ ഭൂരിപക്ഷത്തിന്റെ ഇരട്ടി നേടിയാണ് രാഹുല്‍ റായ്ബറേലിയില്‍ വിജയിക്കാനൊരുങ്ങുന്നത്.

വോട്ടെണ്ണല്‍ പകുതി പിന്നിട്ടപ്പോള്‍ തന്നെ പരാജയം സമ്മതിക്കുന്ന സൂചനയില്‍ റായ്ബറേലിയിലെ ബിജെപി സ്ഥാനാര്‍ഥി ദിനേഷ് പ്രതാപ് സിങ് എക്സില്‍ എത്തിയിരുന്നു. 'വിജയം നമ്മുടെ കൈയിലല്ല. തിരഞ്ഞെടുപ്പില്‍ എനിക്ക് വേണ്ടി പ്രവര്‍ത്തിച്ചവര്‍ക്ക് നന്ദി, ദൈവത്തിന്റെ രൂപത്തില്‍ പൊതുജനങ്ങളെഴുതിയ വിധി എന്താണോ അത് ബഹുമാനത്തോടെ അംഗീകരിക്കുന്നു' എന്നാണ് എക്സില്‍ ദിനേഷ് പ്രതാപ് സിങ് കുറിച്ചത്.

2019 ല്‍ 1.52 ലക്ഷം വോട്ടുകള്‍ നേടി മൂന്നാം സ്ഥാനത്തായ കോണ്‍ഗ്രസിന്റെ അജയ് റായ് സിങാണ് ആണ് ഇക്കുറി നരേന്ദ്ര മോഡിയുടെ പ്രധാന എതിരാളി. ഇക്കുറി 4.5 ലക്ഷത്തിലധികം വോട്ടുകള്‍ അജയ് റായ്ക്ക് ലഭിച്ചിട്ടുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.