രാഷ്ട്രീയ ചുവടുമാറ്റം പാര്‍ട്ടിയുടെ അടിത്തറ ഇളക്കിയോ?.. കേരള കോണ്‍ഗ്രസ് എം നേരിടുന്നത് ചരിത്രത്തിലുണ്ടാകാത്ത പ്രതിസന്ധി

രാഷ്ട്രീയ ചുവടുമാറ്റം പാര്‍ട്ടിയുടെ അടിത്തറ ഇളക്കിയോ?.. കേരള കോണ്‍ഗ്രസ് എം നേരിടുന്നത് ചരിത്രത്തിലുണ്ടാകാത്ത പ്രതിസന്ധി

കൊച്ചി: കോട്ടയം ലോക്സഭാ മണ്ഡലം കൈവിട്ടതോടെ ജോസ് കെ. മാണിയും കേരള കോണ്‍ഗ്രസ് എമ്മും നേരിടുന്നത് പാര്‍ട്ടിയുടെ ചരിത്രത്തിലുണ്ടാകാത്ത വന്‍ പ്രതിസന്ധി. യുഡിഎഫില്‍ നിന്നുള്ള രാഷ്ട്രീയ ചുവടുമാറ്റം പാര്‍ട്ടിയുടെ അടിത്തറ തന്നെ ഇളക്കിയോ എന്ന സംശയത്തിലാണ് നേതാക്കള്‍.

കോട്ടയത്ത് 2019 ല്‍ യുഡിഎഫിനൊപ്പം നിന്ന് 1,06,259 ജയിച്ച കയറിയതാണ് കേരള കോണ്‍ഗ്രസ് എം. അന്ന് വി.എന്‍ വാസവനെയാണ് തോമസ് ചാഴികാടന്‍ പരാജയപ്പെടുത്തിയത്. എന്നാല്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് യുഡിഎഫ് വിട്ട് എല്‍ഡിഎഫിലേക്ക് വന്നത് മുതല്‍ കേരള കോണ്‍ഗ്രസിന് ശനി ദിശയാണ് കാണുന്നത്.

2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ 'പറുദീസയായ' പാലായില്‍ ജോസ് കെ മാണി പരാജയത്തിന്റെ കനി രുചിച്ച് പുറത്തായി. ഇടുക്കിയില്‍ നിന്ന് ജയിച്ച റോഷി അഗസ്റ്റിനിലൂടെ മന്ത്രിസ്ഥാനം ലഭിച്ചെങ്കിലും ജോസ് കെ. മാണിയെ സംബന്ധിച്ചിടത്തോളം വ്യക്തിപരമായി വലിയ നഷ്ടമാണ് മുന്നണി മാറ്റം സമ്മാനിച്ചത്. കൈയിലുണ്ടായിരുന്ന ലോക്‌സഭാ സീറ്റ് നഷ്ടമാകുന്നതോടെ പാര്‍ലമെന്റില്‍ കേരള കോണ്‍ഗ്രസ് എമ്മിന് പ്രാതിനിധ്യം ഇല്ലാതാകുകയാണ്.

കാരണം ഒരു മാസത്തിനുള്ളില്‍ ജോസ് കെ മാണിയുടെ രാജ്യസഭാ കാലവധി അവസാനിക്കും. കേരളത്തില്‍ മൂന്ന് രാജ്യസഭാ സീറ്റുകളാണ് ഒഴിവ് വരുന്നത്. ഇതില്‍ രണ്ട് സീറ്റില്‍ എല്‍ഡിഎഫിന് ജയിക്കാം. ഒരു സീറ്റ് സിപിഎം എടുക്കും എന്നുറപ്പാണ്.

രണ്ടാമത്തെ സീറ്റിനായി സിപിഐയും കേരള കോണ്‍ഗ്രസ് എമ്മും എന്‍സിപിയും ആര്‍ജെഡിയും അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ സിപിഐക്കായിരിക്കും സീറ്റിന് സാധ്യത. കോട്ടയത്തെ തോല്‍വിയുടെ സാഹചര്യത്തില്‍ പ്രത്യേകിച്ചും.

അതോടെ പാര്‍ട്ടി ചെയര്‍മാനായ ജോസ് കെ. മാണിക്ക് പദവിയൊന്നുമില്ലാത്ത അവസ്ഥയിലാകും. വ്യക്തിപരമായി അദേഹത്തിന് എന്തെങ്കിലും പദവി കിട്ടണമെങ്കില്‍ സിപിഎം മുന്നോട്ടു വച്ച ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനം സ്വീകരിക്കുകയോ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് വരെ കാത്തിരിക്കുകയോ വേണം. മാത്രമല്ല, മുന്നണിയിലെ കേരള കോണ്‍ഗ്രസ് എമ്മിന്റെ സ്ഥാനവും ചോദ്യം ചെയ്യപ്പെടും എന്നുറപ്പാണ്.

2021 ല്‍ 12 സീറ്റില്‍ മത്സരിച്ച കേരള കോണ്‍ഗ്രസ് എമ്മിന് അഞ്ച് സീറ്റില്‍ മാത്രമാണ് വിജയിക്കാനായത്. അതിനാല്‍ തന്നെ കേരള കോണ്‍ഗ്രസ് എം മുന്നണിയിലേക്ക് എത്തിയത് കൊണ്ട് വലിയ കാര്യമില്ല എന്ന വിലയിരുത്തലിലാണ് ഇടത് കേന്ദ്രങ്ങള്‍.

ഇതിനിടെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്ന് പുതുപ്പള്ളിയില്‍ നടന്ന ഉപതിരഞ്ഞെടുപ്പിലും പാര്‍ട്ടിക്ക് കാര്യമായ സ്വാധീനം ചെലുത്താനായില്ല. ഇനി അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ കോട്ടയത്ത് കാര്യമായ പ്രകടനം നടത്താനായില്ലെങ്കില്‍ കേരള കോണ്‍ഗ്രസിന്റെ ഇടത് മുന്നണിയിലെ ഭാവി തന്നെ കഷ്ടത്തിലാകും. പിന്നാലെ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കാര്യമായ വില പേശലിന് പോലും ശക്തിയില്ലാതാകും.

ഇന്ന് വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തില്‍ പോലും തോമസ് ചാഴിക്കാടന്‍ ഫ്രാന്‍സിസ് ജോര്‍ജിന് വെല്ലുവിളിയായില്ല. കഴിഞ്ഞ തവണ ഒരു ലക്ഷത്തിലധികം വോട്ടിന് ജയിച്ച തോമസ് ചാഴിക്കാടന്‍ 87,464 വോട്ടുകള്‍ക്കാണ് ഫ്രാന്‍സിസ് ജോര്‍ജിനോട് അടിയറവ് പറഞ്ഞത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.