കേന്ദ്രമന്ത്രിയാകുന്നതിൽ അനിശ്ചിതത്വം; നാല് സിനിമകള്‍ പൂര്‍ത്തിയാക്കാനുണ്ടെന്ന് സുരേഷ് ഗോപി; സമ്മര്‍ദ്ദവുമായി ബിജെപി നേതൃത്വം

കേന്ദ്രമന്ത്രിയാകുന്നതിൽ അനിശ്ചിതത്വം; നാല് സിനിമകള്‍ പൂര്‍ത്തിയാക്കാനുണ്ടെന്ന് സുരേഷ് ഗോപി; സമ്മര്‍ദ്ദവുമായി ബിജെപി നേതൃത്വം

തിരുവനന്തപുരം: കേന്ദ്രസർക്കാരിൽ മന്ത്രിയായി സുരേഷ് ഗോപി ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നതില്‍ അനിശ്ചിതത്വം. സുരേഷ് ഗോപി തിരുവനന്തപുരത്ത് തുടരുകയാണ്. ഉച്ചയ്ക്ക് 12.30 ന് ഡല്‍ഹിയിലേക്ക് തിരിക്കുമെന്നാണ് സൂചന. മന്ത്രിയാകുന്നതില്‍ തത്കാലമുള്ള അസൗകര്യം സുരേഷ് ഗോപി കേന്ദ്രനേതൃത്വത്തെ അറിയിച്ചിരുന്നു.

മമ്മൂട്ടി കമ്പനിയുടെ സിനിമ അടക്കം നാല് സിനിമകള്‍ പൂര്‍ത്തിയാക്കാനുണ്ടെന്ന് സുരേഷ് ഗോപി ബിജെപി കേന്ദ്രനേതൃത്വത്തെ അറിയിച്ചു. ക്യാബിനറ്റ് മന്ത്രിയായാല്‍ സിനിമ ചിത്രീകരണം മുടങ്ങും. അതിനാല്‍ സാവകാശം വേണമെന്നാണ് സുരേഷ് ഗോപി അറിയിച്ചിട്ടുള്ളത്. എന്നാല്‍ സുരേഷ് ഗോപി കേന്ദ്ര സര്‍ക്കാരില്‍ വേണമെന്നാണ് ബിജെപി കേന്ദ്രനേതൃത്വം ആഗ്രഹിക്കുന്നത്.

കേരളത്തിൽ നിന്നുള്ള ആദ്യ ബിജെപി ലോക്സഭാ അം​ഗമെന്ന നിലയിൽ സുരേഷ് ​ഗോപി കേന്ദ്രമന്ത്രിസഭയിൽ വേണമെന്ന് കേന്ദ്ര നേതൃത്വമാണ് നിർദേശിച്ചത്. രണ്ട് വർഷത്തേക്ക് സിനിമകളിൽ അഭിനയിക്കാൻ കരാർ ഒപ്പിട്ടെന്നും അതിന് കേന്ദ്രമന്ത്രി സ്ഥാനം തടസമാകുമോയെന്ന ആശങ്കയും സുരേഷ് ​ഗോപി നേതൃത്വത്തെ നേരത്തെയും അറിയിച്ചിരുന്നു. എന്നാൽ മോഡിക്കൊപ്പം ഞായറാഴ്ച തന്നെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കണമെന്ന് ദേശീയ നേതൃത്വം നിർദേശിക്കുകയായിരുന്നു. എന്നാൽ ചില ഇളവുകൾ തനിക്ക് അനുവദിക്കണമെന്നാണ് സുരേഷ് ഗോപി ആവശ്യപ്പെടുന്നതെന്നാണ് വിവരം.

മൂന്നാം മോഡി സർക്കാർ വൈകിട്ട് 7.15നാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നത്. രാഷ്ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിൽ ഏഴ് വിദേശ രാജ്യങ്ങളിലെ നേതാക്കൾ അടക്കം എണ്ണായിരത്തിലധികം പേർ പങ്കെടുക്കും. പത്മപുരസ്ക്കാര ജേതാക്കൾ, ശുചീകരണ തൊഴിലാളികൾ, സെൻട്രൽ വിസ്ത പദ്ധതിയുടെ നിർമാണത്തൊഴിലാളികൾ എന്നിവരും പങ്കെടുക്കും. കേരളത്തിൽ നിന്ന് ബിജെപിയുടെയും സഖ്യ കക്ഷികളുടെയും നേതാക്കളും ലോക്സഭാ സ്ഥാനാർഥികളും പങ്കെടുക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.