റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഉള്‍പ്പടെ പുത്തന്‍ ഉണര്‍വ്; ഭൂമി വിലയില്‍ നാലിരട്ടി വരെ വര്‍ധന

റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഉള്‍പ്പടെ പുത്തന്‍ ഉണര്‍വ്; ഭൂമി വിലയില്‍ നാലിരട്ടി വരെ വര്‍ധന

അമരാവതി: ആന്ധ്രാപ്രദേശില്‍ ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലെ ടിഡിപി സര്‍ക്കാര്‍ അധികാരത്തിലേറുന്നതോടെ സംസ്ഥാനത്തെ തലസ്ഥാന മാറ്റം വീണ്ടും ചര്‍ച്ചയാകുന്നു. അമരാവതിയാണ് വീണ്ടും തലസ്ഥാനമായി നിശ്ചയിച്ചിരിക്കുന്നത്. ഇവിടെയാണ് ചന്ദ്രബാബു നായിഡു സത്യപ്രതിജ്ഞ നിശ്ചയിച്ചിരിക്കുന്നതും.

ജൂണ്‍ 12 മുതല്‍ അമരാവതിയാണ് സംസ്ഥാനത്തിന്റെ ഔദ്യോഗിക തലസ്ഥാനം. ഇത്തവണ പ്രകടനപത്രികയില്‍ അമരാവതി തലസ്ഥാനമാക്കി വികസിപ്പിക്കുമെന്ന് നായിഡു പ്രഖ്യാപിച്ചിരുന്നു.

2034 ല്‍ ഒരു ലക്ഷം കോടി ചെലവില്‍ പദ്ധതി പൂര്‍ത്തിയാക്കാനും നിശ്ചയിച്ചു. നായിഡുവിന് ഭൂരിപക്ഷം ലഭിച്ചതിന് പിന്നാലെ അമരാവതിയിലെ ഭൂമി വില നാലിരട്ടിയോളം വര്‍ധിച്ചിട്ടുണ്ട്. 2014 ല്‍ ആണ് ആന്ധ്ര വിഭജിച്ച് തെലങ്കാന സംസ്ഥാനം രൂപീകരിച്ചത്. തലസ്ഥാനമായ ഹൈദരാബാദ് തെലങ്കാനയിലാണ് ഉള്‍പ്പെട്ടതെങ്കിലും 2024 വരെ പത്ത് വര്‍ഷത്തേക്ക് സംയുക്ത തലസ്ഥാനമായി നിലകൊണ്ടു. സംസ്ഥാന വിഭജന സമയത്ത് ആന്ധ്ര മുഖ്യമന്ത്രിയായിരുന്ന ചന്ദ്രബാബു നായിഡു വിജയവാഡ, ഗുണ്ടൂര്‍ ജില്ലകള്‍ക്കിടയിലെ അമരാവതിയെ ആന്ധ്രയുടെ തലസ്ഥാനമായി നിശ്ചയിച്ചു.

പുതിയ തലസ്ഥാന നിര്‍മാണത്തിനായി 29 ഗ്രാമങ്ങളില്‍ നിന്നായി 30,000 ഏക്കര്‍ സ്ഥലം ഏറ്റെടുക്കുയും ചെയ്തിരുന്നു. 2015 ഒക്ടോബര്‍ 22ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് തലസ്ഥാന നിര്‍മാണത്തിന് തറക്കല്ലിടുകയും ചെയ്തു. എന്നാല്‍ 2019 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയതോടെ അമരാവതി തലസ്ഥാന നിര്‍മാണം പൂര്‍ണമായി നിലച്ചു.

2019 ല്‍ മുഖ്യമന്ത്രിയായ ജഗന്‍ മോഹന്‍ റെഡ്ഡിക്ക് നായിഡുവിന്റെ അമരാവതിയോട് വലിയ താല്‍പര്യം ഇല്ലായിരുന്നു. തുടര്‍ന്ന് അമരാവതി, വിശാഖപട്ടണം, കര്‍ണൂല്‍ എന്നിങ്ങനെ 3 തലസ്ഥാന നഗരങ്ങള്‍ നിര്‍മ്മിക്കുമെന്ന് പ്രഖ്യാപിച്ചു. എന്നാല്‍ വിഷയം കോടതിയിലെത്തിയതിനെ തുടര്‍ന്ന് ഈ പദ്ധതി 2021 നവംബറില്‍ ഉപേക്ഷിക്കുകയായിരുന്നു. ഔദ്യോഗിക തലസ്ഥാനമായി അമരാവതി നിലവില്‍വരുമെന്ന് ഉറപ്പായതോടെ പ്രദേശത്തെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഉള്‍പ്പടെ പുത്തന്‍ ഉണര്‍വ് സംഭവിച്ചിരിക്കുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.