ഡാര്‍വിന്‍ : ലോകത്തില്‍ ഇതുവരെ രൂപകല്‍പ്പന ചെയതതില്‍ വെച്ചേറ്റവും വലിയ സൗരോര്‍ജ്ജപ ദ്ധതിക്ക് തുടക്കം. 22 ബില്യണ്‍ ഡോളര്‍ ചെലവ് പ്രതീക്ഷിക്കുന്ന സണ്‍ കേബിള്‍ പദ്ധതി പൂര്‍ത്തിയാകുന്നതോടെ സൗരോര്‍ജ്ജത്തിലൂടെ ഓസ്ട്രേലിയയില്‍ ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി സിംഗപ്പൂരിലേക്ക് പ്രവഹിക്കും. 10 ജിഗാ വാട്ട് വൈദ്യുതിയാണ് ഓസ്ട്രേലിയയില്‍ നിന്നും സിംഗപ്പൂരില്‍ എത്തുക.
സൗരോര്‍ജ്ജത്തില്‍ നിന്നും ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി സംഭരിച്ചുവെക്കാന്‍ വേണ്ടി ലോകത്തിലെ ഏറ്റവും വലിയ ബാറ്ററി പ്രൊജക്ടാണ് തയ്യാറാക്കുക. നിര്‍ദ്ദിഷ്ട സണ്‍ കേബിള്‍ പദ്ധതി പ്രവര്‍ത്തനക്ഷമമാകുന്നതോടെ ഒരു ബില്യണ്‍ ഡോളറിന്റെ പ്രതിവര്‍ഷ വൈദ്യുത ഉല്‍പ്പാദനം പ്രതീക്ഷിക്കുന്നു. 70 വര്‍ഷം വരെ മുടങ്ങാതെ വൈദ്യുതി നല്‍കാനും സണ്‍ കേബിള്‍ പദ്ധതിയിലൂടെ കഴിയും. 2023ല്‍ പദ്ധതിയുടെ ആദ്യ ഘട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കും.
2026 ല്‍ ഓസ്ട്രേലിയയിലെ ഡാര്‍വിനില്‍ ഉല്‍പ്പാദനം ആരംഭിക്കുകയും 2027ല്‍ സിംഗപ്പൂരിലേക്കു വൈദ്യുതി എത്തിക്കാനും കഴിയും. മുഖ്യമായും ഡാര്‍വിന്‍ തുറമുഖത്തു നിന്നായിരിക്കും സിംഗപ്പൂരിലേക്കുള്ള വൈദ്യുതി പ്രവഹിക്കുക. ഓസ്ട്രേലിയന്‍ നോര്‍ത്തേണ്‍ ടെറിറ്ററി ഗവണ്മന്റാണ് ഈ വന്‍ പദ്ധതിക്ക് ചുക്കാന്‍ പിടിക്കുന്നത്. കടലിനടിയിലൂടെ 3750 കിലോമീറ്ററോളം ദൂരത്തില്‍ ഇടുന്ന കേബിളിലൂടെ എത്തുന്ന വൈദ്യുതി ഓസ്ട്രേലിയന്‍ - ആസിയാന്‍ പവര്‍ ലിങ്കായി മാറും. ഇതിനുവേണ്ടി വിവിധ ഗ്രിഡുകളിലൂടെ വൈദ്യുതി വിതരണം ഏകോപിപ്പിക്കേണ്ടി വരും.
ഡാര്‍വിന്‍-കാതറീന്‍ ഗ്രിഡില്‍ നിന്നും മാത്രം 800 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദനം കണക്കാക്കുന്നു. ഡാര്‍വിനില്‍ മൂന്ന് ജിഗാവാട്ടിന്റെ വൈദ്യുതി ഉല്‍പ്പാദനം ആണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഇതില്‍ 2.2 ജിഗാവാട്ട് സിംഗപ്പൂരിലേക്കു നല്‍കാനാകും. സിംഗപ്പൂരിനു ആവശ്യമായ വൈദ്യുതിയുടെ 25 ശതമാനം വൈദ്യുതി ഇതിലൂടെ ലഭ്യമാക്കാനാകും. ഇതിനു വേണ്ടി ബാര്‍ക്ക്ലി റീജ്യണിലെ എലിയറ്റില്‍ 10 ജിഗാവാട്ട് പവര്‍ സ്റ്റേഷന്‍ സ്ഥാപിക്കുന്നുണ്ട്. ബാര്‍ക്ക്ലി, ഡാര്‍വിന്‍ പ്രദേശത്ത് നിരവധി പേര്‍ക്ക് തൊഴില്‍ നല്‍കുന്ന പദ്ധതിക്കുവേണ്ടി 350 ഓളം കേന്ദ്രങ്ങളായിരിക്കും വരുക.
ടെറിട്ടോറിയില്‍ ബെനഫിഷ്യല്‍ പ്ലാനില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന പദ്ധതിയിലൂടെ നോര്‍ത്തേണ്‍ റീജ്യണില്‍ മാത്രം 1500 ഓളം പേര്‍ക്ക് ജോലി നല്‍കാനാകും. സൗരോര്‍ജ്ജം ശേഖരിക്കുന്നതിന് തെക്ക് പടിഞ്ഞാറ് എലിയറ്റില്‍ 70 കിലോമീറ്ററോളം വരുന്ന പ്രധാന സൗരോര്‍ജ്ജ പാടം വിരിക്കേണ്ടതുണ്ട്. സണ്‍ കേബിള്‍ സി.ഇ.ഒ ഡേവിഡ് ഗ്രിഫിന്‍, നോര്‍ത്തേണ്‍ ടെറിറ്ററി ചീഫ് മിനിസ്റ്റര്‍ മൈക്കല്‍ ഗണ്ണര്‍ എന്നിവര്‍ പദ്ധതിക്ക് തുടക്കം കുറിച്ചുകൊണ്ട് പ്രോജക്ട് ഡെവലപ്പ്മെന്റ് എഗ്രിമെന്റ് (പി.ഡിഎ) ഒപ്പുവെച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.