ന്യൂഡൽഹി: പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനം ഈ മാസം 24 ന് ആരംഭിക്കും. ജൂലൈ മൂന്ന് വരെയാണ് സമ്മേളനം നടക്കുക. എട്ട് ദിവസം നീണ്ടു നിൽക്കുന്ന സമ്മേളനത്തിൽ ആദ്യ മൂന്ന് ദിവസങ്ങളിൽ പുതിയ എംപിമാരുടെ സത്യപ്രതിജ്ഞയും സ്പീക്കർ തിരഞ്ഞെടുപ്പും നടക്കും. അതേസമയം ജൂൺ 27 മുതൽ ജൂലൈ മൂന്ന് വരെ രാജ്യസഭ സമ്മേളനവും നടക്കും.
രാജ്യസഭയുടെ 264ാമത് സമ്മേളനമാണ് ഈ മാസം 27 മുതൽ ജൂലൈ മൂന്ന് വരെ നടക്കുക. ജൂൺ 27 ന് രാഷ്ട്രപതി ദ്രൗപതി മുർമു ഇരു സഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും. മൂന്നാം മോഡി സർക്കാരിൻ്റെ അടുത്ത അഞ്ച് വർഷത്തെ പ്രവർത്തനങ്ങളുടെ രൂപരേഖ അവതരിപ്പിക്കും.
ലോക്സഭ പ്രതിപക്ഷ നേതാവിനെ പ്രഖ്യാപിക്കുന്നതും ആദ്യ സമ്മേളനത്തിലാണ്. രാഹുൽ ഗാന്ധി ലോക്സഭ പ്രതിപക്ഷ നേതാവാകും എന്നാണ് കോൺഗ്രസിലെ തീരുമാനം. 2014, 2019 ലോക്സഭകളെ അപേക്ഷിച്ച് പ്രതിപക്ഷത്തിന് 234 എംപിമാരുടെ പിന്തുണയുള്ള സഭയാണ് ഇത്തവണത്തേത്. അതേസമയം ലോക്സഭ സ്പീക്കർ സ്ഥാനത്ത് ആര് എത്തും എന്ന് ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ് രാജ്യം. ജെഡിയു, ടിഡിപി പാർട്ടികൾ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും സ്പീക്കർ സ്ഥാനം ബിജെപി തന്നെ നിലനിർത്താനാണ് സാധ്യത.
പുതിയ അംഗങ്ങളെ സത്യപ്രതിജ്ഞ ചെയ്യിക്കൽ ഉൾപ്പെടെയുള്ള നടപടികൾക്ക് ലോക്‌സഭയിൽ അധ്യക്ഷത വഹിക്കാൻ മുതിർന്ന കോൺഗ്രസ് അംഗം കൊടിക്കുന്നിൽ സുരേഷ് പ്രോട്ടെം സ്പീക്കറായേക്കും. സഭയിലെ മുതിർന്ന അംഗത്തെ പ്രോട്ടെം സ്പീക്കറാക്കുന്നതാണ് കീഴ് വഴക്കം.
ഒമ്പത് വട്ടം എം.പിയായിരുന്ന ബിജെപി അംഗം മേനകാഗാന്ധി ഇക്കുറി തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. നിലവിൽ എട്ട് തവണ ലോക്‌സഭയിലെത്തിയ ബിജെപി അംഗം ഡോ. വീരേന്ദ്രകുമാർ, കൊടിക്കുന്നിൽ സുരേഷ് എന്നിവരാണ് സീനിയർ അംഗങ്ങൾ. ഡോ. വീരേന്ദ്ര കുമാർ മന്ത്രിയായി ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്തു. പ്രോട്ടെം സ്പീക്കർ രാഷ്ട്രപതിയുടെ മുന്നിൽ സത്യപ്രതിജ്ഞ ചെയ്ത ശേഷമാണ് ചുമതലയേൽക്കുന്നത്.
തുടർച്ചയായി രണ്ട് തവണ അധികാരത്തിൽ വന്ന ബിജെപിയുടെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമാണ് ഇത്തവണത്തേത്. ബിജെപിക്ക് ഒറ്റയ്ക്ക് 240- സീറ്റുകൾ മാത്രമാണ് ലഭിച്ചത്. സർക്കാർ രൂപവൽകരിക്കാൻ ആവശ്യമായ 272 സീറ്റിൻറെ കേവല ഭൂരിപക്ഷം എന്ന കടമ്പ ബിജെപിക്ക് കടക്കാനാകാതെ വന്നതോടെ സഖ്യ കക്ഷികളുടെ പിന്തുണ അനിവാര്യമാകുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.