വിമോചന സമരവും അങ്കമാലി രക്തസാക്ഷികളും

 വിമോചന സമരവും അങ്കമാലി രക്തസാക്ഷികളും

കേരള ചരിത്രത്തിലെ ഏറ്റവും പ്രമുഖ പ്രക്ഷോഭമായി ചരിത്രകാരന്മാര്‍ വിലയിരുത്തുന്ന വിമോചന സമരത്തിന് തീപ്പിടിപ്പിച്ച അങ്കമാലി വെടിവയ്പ്പിന് ഈ ജൂണ്‍ 13 ന് 65 വര്‍ഷം തികയുന്നു. വിമോചന സമരത്തിന്റെ ഭാഗമായി 1959 ജൂണ്‍ 13 ന് അങ്കമാലിയില്‍ നടന്ന വെടിവെപ് പ്രതിഷേധങ്ങള്‍ക്ക് ആക്കം കൂട്ടി. അങ്ങനെ അങ്കമാലി വിമോചന സമരത്തിന്റെ കേന്ദ്രമായി മാറി.

ജൂണ്‍ 13 ന് രാത്രി ഒമ്പതരയോടെയാണ് അങ്കമാലിയില്‍ വെടിവെയ്പ് നടന്നത്. ലാത്തിച്ചാര്‍ജിന് ശേഷം 32 റൗണ്ട് വെടിവച്ചു. അഞ്ച് പേര്‍ സംഭവ സ്ഥലത്തും രണ്ട് പേര്‍ ആശുപത്രിയിലും മരിച്ചു. 45 പേര്‍ക്ക് പരുക്കേറ്റു. വെടിവയ്പില്‍ കൊല്ലപ്പെട്ടവരെ അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രി മോര്‍ച്ചറിയില്‍ ആണ് സൂക്ഷിച്ചത്. ഏഴ് പേരാണ് അന്നു കൊല്ലപ്പെട്ടത്. കാലടി മാടശേരി ദേവസി, കൈപ്പട്ടൂര്‍ കോച്ചാപ്പിള്ളി പാപ്പച്ചന്‍, കൊറ്റമം കോലഞ്ചേരി പൗലോസ്, മുക്കടപ്പള്ളന്‍ വറീത്, കൊഴുക്കട്ട പുതുശേരി പൗലോ, ചെമ്പിശേരി വറീത്, കുരിപ്പറമ്പന്‍ വറീത് എന്നിവര്‍ സമരത്തിന്റെ രക്തസാക്ഷികളായി.

ജൂണ്‍ 14 ഞായറാഴ്ച - മൃതദേഹങ്ങള്‍ വന്‍ ജനക്കൂട്ടത്തിന്റെ അകമ്പടിയോടെ അങ്കമാലി സെന്റ് ജോര്‍ജ് സീറോ മലബാര്‍ ബസിലിക്കയിലെ സെമിത്തേരിയില്‍ സംസ്‌കരിച്ചു. അന്നത്തെ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാറേക്കാട്ടില്‍ സംസ്‌കാരച്ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. കേരളത്തിലെ ജനവികാരം വലിയ തോതില്‍ സര്‍ക്കാരിനെതിരെയാകാന്‍ ഈ സംഭവം കാരണമായി. വിമോചന സമരം ശക്തി ആര്‍ജിച്ചു.

''അങ്കമാലി കല്ലറയില്‍, ഞങ്ങടെ സോദരരുണ്ടെങ്കില്‍, ആ കല്ലറയാണേ കട്ടായം, പകരം ഞങ്ങള്‍ ചോദിക്കും''- കേരള സംസ്ഥാനം മുഴുവന്‍ രോഷാകുലമായ ഇത്തരം മുദ്രാവാക്യങ്ങള്‍ അലയടിച്ചു. അങ്കമാലി സെന്റ് ജോര്‍ജ് ഫൊറോന പള്ളിയും സെമിത്തേരിയും ചുരുങ്ങിയ കാലം കൊണ്ട് വിമോചന സമര പ്രവര്‍ത്തകരുടെ തീര്‍ഥാടന കേന്ദ്രം തന്നെയായി മാറി.

എന്‍എസ്എസ് നേതാവ് മന്നത്ത് പത്മനാഭന്‍ അങ്കമാലിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ജാഥ നടത്തി. 'അങ്കമാലി കല്ലറയില്‍ ഞങ്ങളുടെ സോദരരാണെങ്കില്‍' എന്ന മുദ്രാവാക്യം വിമോചന സമരത്തെ കുറിക്കുന്ന പ്രധാന വാക്കുകളിലൊന്നായി മാറി. ഈ വെടിവെയ്പ്പിനെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെടിവെപ്പുണ്ടായി. ജൂലൈ മൂന്നിന് പുതിയ തുറയിലെ വെടിവെപ്പില്‍ ഫ്ളോറി എന്ന ഗര്‍ഭിണി കൊല്ലപ്പെട്ടു. ഇതൊടെ സമരം ആളിപ്പടര്‍ന്നു. സമരം ആരംഭിച്ച് 51 -ാം ദിവസം ഇ.എം.എസ് സര്‍ക്കാരിനെ നെഹ്റു പിരിച്ചുവിട്ടു.

ഈ വെടിവെയ്പ്പിനെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെതിരായ രാഷ്ട്രീയ നീക്കത്തിനായി ഉപയോഗിച്ചു. മന്നത്ത് പത്മനാഭന്‍, പനമ്പള്ളി ഗോവിന്ദ മേനോന്‍, ഫാദര്‍ വടക്കന്‍ എന്നിവര്‍ അങ്കമാലിയിലെത്തി പ്രതിഷേധത്തിന് നേതൃത്വം നല്‍കി. ജൂണ്‍ 13 മുതല്‍ ജൂലൈ 31 വരെ കേരളമാകെ സമരാഗ്‌നി ആളിക്കത്തി. ഭരണകൂട ഭീകരത കമ്മ്യൂണിസത്തിന്റെ കരിനിഴലില്‍ എത്രകണ്ടു ബീഭത്സമാകും എന്നതിന്റെ തെളിവായിരുന്നു ഈ ഒന്നരമാസക്കാലം. 17 പേര്‍ പൊലീസ് വെടിവെയ്പില്‍ മരിച്ചു.

കൂടാതെ 21 രാഷ്ട്രീയ കൊലപാതകങ്ങള്‍ ഈ കാലയളവില്‍ നടന്നു. 139 സ്ഥലങ്ങളില്‍ നടന്ന ലാത്തിച്ചാര്‍ജില്‍ പതിനായിരത്തോളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
ഐക്യ കേരളത്തിന്റെ ചരിത്രത്തിലെ പ്രഥമ ജനകീയ പ്രക്ഷോഭമെന്ന ഖ്യാതി എന്തുകൊണ്ടും വിമോചന സമരത്തിനര്‍ഹമാണ്. 1957 ഏപ്രില്‍ 10 ന് അധികാരമേറ്റ ലോകത്തെ ആദ്യത്തെ ജനാധിപത്യ കമ്യൂണിസ്റ്റ് ഗവണ്‍മെന്റ്, ഒരു തരത്തില്‍ പറഞ്ഞാല്‍ പാര്‍ട്ടിയുടെ സെല്‍ ഭരണമാണ് നടത്തിയത്. ജനാധിപത്യത്തില്‍ ക്രമസമാധാന പാലനത്തിനുള്ള വ്യവസ്ഥാപിത മാര്‍ഗമായ പൊലീസ് സേനയുടെ നിയന്ത്രണം നാട്ടിലെ സഖാക്കള്‍ കയ്യടക്കി. ചെങ്കൊടിക്കു

വിപ്ലവാഭിവാദ്യമര്‍പ്പിക്കാത്തവന് നാട്ടില്‍ ജീവിക്കാനാവാത്ത അവസ്ഥയുണ്ടായി. വീണ്ടുവിചാരമില്ലാതെ തടവുകാരെ മുഴുവന്‍ വിട്ടയയ്ക്കുകയും കേസുകള്‍ പിന്‍വലിക്കുകയും ചെയ്തു. കൊലപാതകവും മോഷണവും നിത്യ സംഭവങ്ങളായി. പാര്‍ട്ടിക്കാരല്ലാത്തവരുടെ ജീവനും സ്വത്തിനും സംരക്ഷണമില്ലാതായി.

ഈ കാലഘട്ടത്തെക്കുറിച്ച് സമകാലികനായ ഒരു ചരിത്രകാരന്‍ നല്‍കുന്ന വിവരണം ഉദ്ധരണീയമാണ്: '28 മാസത്തെ ഭരണത്തിനിടയില്‍ ഏഴ് വെടിവെയ്പ് നടത്തുകയും 19 പേര്‍ കൊല്ലപ്പെടുകയും ചെയ്തു. കമ്മ്യൂണിസ്റ്റ് ഭരണകാലത്ത് 757 തൊഴില്‍ സമരങ്ങള്‍ ഉണ്ടാവുകയും 87 വ്യവസായ ശാലകള്‍ പൂട്ടിയിടുകയും 16735 ആളുകള്‍ തൊഴില്‍ രഹിതരായിത്തീരുകയും ചെയ്തു. നാലായിരം കുടുംബങ്ങളിലായി അധിവസിക്കുന്ന ഏതാണ്ട് ഇരുപതിനായിരത്തില്‍ പരം കര്‍ഷകരെ കുടിയിറക്ക് നടപടിക്ക് വിധേയരാക്കി'.

അന്ന് കമ്മ്യൂണിസ്റ്റുകാരുടെ ഭൂമി കൈയ്യേറ്റങ്ങള്‍ ആയിരത്തിലധികമായിരുന്നു. കമ്മ്യൂണിസ്റ്റുകാരുടെ പേരില്‍ ഉണ്ടായിരുന്ന 2050 ല്‍ പരം ക്രിമിനല്‍ കേസുകള്‍ പിന്‍വലിക്കപ്പെടുകയും സംസ്ഥാനത്ത് അക്രമം അഴിച്ചുവിടുകയും ചെയ്തു. 523 കൊലപാതകങ്ങളും 3913 ഭവന ഭേദങ്ങളും നടന്നു. ഇത് മുന്‍ വര്‍ഷത്തിന് 50 ശതമാനം വരെ കൂടുതലാണ്. രാഷ്ട്രീയ പകമൂലം 196 പേരെ കൊലപ്പെടുത്തി. രാഷ്ട്രീയവധ ശ്രമങ്ങളും കൈയ്യേറ്റങ്ങളും 193 ആണ്. 326 പ്രാവിശ്യം ലാത്തിച്ചാര്‍ജ് നടത്തുകയും 149847 പേരെ അറസ്റ്റ് ചെയ്ത് ഇരുമ്പഴികള്‍ക്കുള്ളില്‍ അടയ്ക്കുകയും ചെയ്തു. 60000 ല്‍ പരം സ്ത്രീകളെ അറസ്റ്റ് ചെയ്തു. സ്വന്തക്കാര്‍ക്കായി 300 രൂപയ്ക്കുമേല്‍ 255 ഉദ്യോഗങ്ങള്‍ സൃഷ്ടിച്ചു. കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ നിയമിച്ച കമ്മറ്റികളിലെ മൊത്തം എണ്ണം 9000 ആയിരുന്നു. അതില്‍ 7013 പേര്‍ കമ്മ്യൂണിസ്റ്റുകാരായിരുന്നു.

ക്രിസ്തീയ വിശ്വാസത്തില്‍ രക്തസാക്ഷിത്വത്തിന് ക്രിസ്തുവിന്റെ ബലിയോളം വിലയുണ്ട്. രാഷ്ട്രീയക്കാരെപ്പോലെ തലയെണ്ണി വിലയുറപ്പിച്ചു ചാവേറുകളാകുന്നവരല്ല ക്രിസ്ത്യന്‍ രക്തസാക്ഷികള്‍. രക്തസാക്ഷികള്‍ക്ക് വില പറയുന്ന പാര്‍ട്ടി സംസ്‌കാരത്തില്‍ വളര്‍ന്നവര്‍ക്ക് വിമോചന സമരത്തിലെ രക്തസാക്ഷികളെ മനസിലക്കാനാവാതെ പോയത് സ്വാഭാവികം.

പല രാഷ്ട്രീയക്കാരും സംഘടനകളും അന്നും പില്‍ക്കാലത്തും ഈ അങ്കമാലി വെടിവെയ്പ് സംഭവം കൊണ്ട് നേട്ടമേറെ ഉണ്ടാക്കിയെങ്കിലും രക്തസാക്ഷികളുടെയോ അന്ന് പ്രക്ഷോഭത്തില്‍ പരിക്കേറ്റവരുടെയോ കുടുംബങ്ങള്‍ക്ക് ഇവരില്‍ നിന്നൊന്നും കാര്യമായൊരു സഹായവും കരുതലും കിട്ടിയില്ല എന്നതാണ് ഈ രക്തസാക്ഷിത്വത്തിന്റെ വിരുദ്ധവശം. പലരും അങ്കമാലിക്കല്ലറകളെ മറന്നു. ഇന്ന് അങ്കമാലിയിലെ 'കേരള പ്രതികരണ വേദി'യാണ് ഈ രക്തസാക്ഷികളെ ഓര്‍ക്കുന്നത്. അങ്കമാലി ഇടവകക്കാരും വൈദികരും കല്ലറ ഗ്രാനൈറ്റ് കൊണ്ട് മനോഹരമാക്കി അവര്‍ക്ക് ആദരമര്‍പ്പിച്ചു. അങ്കമാലിയിലെ ജനങ്ങള്‍ക്ക് ഇവരെ മറക്കാനാകില്ലല്ലോ.

മലയും മനുഷ്യനുമുള്ള കാലത്തോളം മതവും ഉണ്ടാകും. മതത്തെ തമസ്്കരിച്ചു ഗളഹസ്തം ചെയ്യാനുള്ള പരിശ്രമമെല്ലാം വെറുതെയായിരുന്നെന്ന് റഷ്യയും ചൈനയും ക്യൂബയും പോളണ്ടുമൊക്കെ സാക്ഷ്യപ്പെടുത്തുന്നത് കമ്മ്യൂണിസം മറക്കരുത്. കാര്യ ലാഭത്തിനുള്ള ആള്‍ക്കൂട്ടമായി മാത്രം അനുയായികളെ പരിഗണിക്കുന്ന പ്രവണത ഇനിയും കമ്യൂണിസ്റ്റുകാര്‍ അവസാനിപ്പിക്കണം. അപ്പോള്‍ യഥാര്‍ത്ഥ വിമോചനത്തിന്റെ പ്രകാശം അങ്കമാലി കല്ലറയിന്‍ മേലും വീഴും. മാത്രമല്ല 1957 മോഡല്‍ ഭരണം നടത്തിയാല്‍ ഇനിയും വിമോചന സമരങ്ങളും ഉണ്ടാകും. ഇവിടെ ജനങ്ങളാണ് പരമാധികാരികള്‍, പാര്‍ട്ടികളല്ല. കമ്മ്യൂണിസ്റ്റ് ഭരണത്തില്‍ പാര്‍ട്ടിക്കാണ് പരമാധികാരം, ജനങ്ങള്‍ക്കല്ല എന്നോര്‍ക്കണം. ജനാധിപത്യത്തിന്റെ പേരില്‍ കമ്മ്യൂണിസ്റ്റുകള്‍ ഒഴുക്കുന്ന കണ്ണീര്‍ മുതലയുടേതിന് സമാനമാണ്.

ജീവനേക്കാളും വിശ്വാസത്തെ സ്‌നേഹിച്ചവര്‍ സ്വര്‍ഗത്തിനായി സ്വന്തമായതെല്ലാം ഉപേക്ഷിച്ചതാണ് രക്തസാക്ഷിത്വം. അതിന് വില നിശ്ചയിക്കുന്നതിന് പകരം അവരുടെ ചോരയില്‍ നിന്നും വിശ്വാസത്തിന്റെ ദീപനാളങ്ങള്‍ ഉയരുകയാണ് ചെയ്തത്. ആ ദീപനാളങ്ങളുടെ ജാജ്വല്യ ശോഭയിലാണ് ആദ്യത്തെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ കടപുഴകി വീണത്. കമ്മ്യൂണിസ്റ്റ് നിരീശ്വരവാദവുമായുള്ള സന്ധിയില്ലാ സമരമാണ് വിമോചന സമരത്തിലെ രക്തസാക്ഷികള്‍ക്ക് നല്‍കാവുന്ന അംഗീകാരം.

സര്‍ക്കാര്‍ നല്‍കിയ മൂവായിരം രൂപയുടെ സഹായ ധനം വേണ്ടെന്നുവച്ച ആ രക്തസാക്ഷികളുടെ കുടുംബാംഗങ്ങള്‍ ക്രിസ്തീയ രക്തസാക്ഷിത്വത്തിന്റെ അര്‍ത്ഥമറിഞ്ഞവരാണ്. വിമോചന സമരം വിജയിപ്പിച്ചതില്‍ വലിയ പങ്ക് അങ്കമാലിയിലെ രക്തസാക്ഷികള്‍ക്ക് ഉണ്ട്. ഈ രക്തസാക്ഷിത്വത്തിന് 2024 ജൂണ്‍ 13 ന് 65 വര്‍ഷം തികയുന്നു. ഈ വീര പുരുഷന്മാരുടെ ഓര്‍മ്മക്കായി ഒരു പിടി കണ്ണീര്‍ പൂക്കള്‍ അര്‍പ്പിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.