നീറ്റ് പരീക്ഷയുടെ ചോദ്യ പേപ്പര്‍ ചോര്‍ത്തി നല്‍കാന്‍ കൈമാറിയത് 30 ലക്ഷം രൂപ; 13 വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

നീറ്റ് പരീക്ഷയുടെ ചോദ്യ പേപ്പര്‍ ചോര്‍ത്തി നല്‍കാന്‍ കൈമാറിയത് 30 ലക്ഷം രൂപ; 13 വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റില്‍ നടന്ന ക്രമക്കേടുകള്‍ സംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ പുറത്ത്.

ചോര്‍ന്നുവെന്ന് ആരോപിക്കപ്പെടുന്ന നീറ്റ് പരീക്ഷ ചോദ്യ പേപ്പര്‍ ലഭിക്കാന്‍ വിദ്യാര്‍ഥികള്‍ മാഫിയകള്‍ക്ക് നല്‍കിയെന്ന് സംശയിക്കുന്ന ആറ് പോസ്റ്റ് ഡേറ്റഡ് ചെക്കുകളാണ് ബിഹാര്‍ പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം (ഇഒയു) കണ്ടെടുത്തത്. 2024 മെയ് അഞ്ചിനായിരുന്നു ഈ വര്‍ഷത്തെ നീറ്റ് പരീക്ഷ.

അന്വേഷണത്തില്‍ കണ്ടെടുത്ത ചെക്കുകളുടെ അക്കൗണ്ട് ഉടമകളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ശേഖരിച്ച് വരികയാണ്. നീറ്റ് യുജി 2024 പേപ്പര്‍ ചോര്‍ച്ച കേസുമായി ബന്ധപ്പെട്ട് നാല് വിദ്യാര്‍ഥികളെയും കുടുംബാംഗങ്ങളെയും കസ്റ്റഡിയിലെടുത്തിരുന്നു.

കൂടാതെ ബിഹാര്‍ സ്വദേശികളായ 13 പേരെ നേരത്തെ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു. മെയ് ഏഴിനായിരുന്നു അവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ബിഹാറില്‍ നിന്ന് ഏഴും ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്ന് ഓരോ വിദ്യാര്‍ഥികള്‍ക്കും ഇഒയു നോട്ടീസ് നല്‍കിയിട്ടുണ്ട്. 24 ലക്ഷത്തിലധികം വിദ്യാര്‍ഥികളായിരുന്നു രാജ്യത്തെ 4750 കേന്ദ്രങ്ങളിലായി പരീക്ഷയെഴുതിയത്.

ഇതിനകം അറസ്റ്റ് ചെയ്ത ബിഹാറില്‍ നിന്നുള്ള നാല് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള 13 പേര്‍ക്ക് പരീക്ഷ ചോദ്യ പേപ്പറും ഉത്തരങ്ങളും മെയ് അഞ്ചിന് മുന്‍പു തന്നെ ലഭിച്ചതായാണ് സംശയം. ഒരു ദിവസം മുന്‍പ് പട്നയ്ക്ക് സമീപമുള്ള 'സേഫ് ഹൗസില്‍' വച്ച് ലഭിച്ചിട്ടുണ്ടാകാം എന്നാണ് കരുതുന്നത്. ചോദ്യം ചെയ്യലില്‍ പരീക്ഷയ്ക്ക് മുന്നോടിയായി തങ്ങളുടെ രക്ഷിതാക്കള്‍ 30 ലക്ഷത്തിലധികം രൂപ നല്‍കിയതായി ഇവര്‍ വെളിപ്പെടുത്തി.

ബിഹാറിലെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളെ പട്നയിലെ രാമകൃഷ്ണ നഗറില്‍ വാടകയ്ക്ക് താമസിപ്പിച്ച് ചോദ്യ പേപ്പറുകളും ഉത്തരങ്ങളും നല്‍കി. വാടകയ്ക്കെടുത്ത സ്ഥലത്ത് പോലീസ് നടത്തിയ പരിശോധനയില്‍ മൊബൈല്‍ ഫോണുകളും അഡ്മിറ്റ് കാര്‍ഡുകളും മറ്റ് കുറ്റകരമായ രേഖകളും കണ്ടെടുത്തിട്ടുണ്ട്.

അതേസമയം, ചോര്‍ന്ന ചോദ്യ പേപ്പറും പരീക്ഷയ്ക്ക് ഉപയോഗിച്ചതും ഒന്നാണോ എന്നറിയാന്‍ രണ്ടും ഒത്തു നോക്കേണ്ടതുണ്ട്. എന്നാല്‍ പരീക്ഷ നടത്തിപ്പുകാരായ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി ബിഹാര്‍ പോലീസിന്റെ അപേക്ഷയോട് പ്രതികരിച്ചിട്ടില്ല.

ലോക്‌സഭാ തിരഞ്ഞെടുപ്പ് ദിവസമായ ജൂണ്‍ നാലിന് നീറ്റിന്റെ ഫലം പുറത്തു വന്നതിന് പിന്നാലെയും വലിയ ക്രമക്കേട് ആരോപണങ്ങളായിരുന്നു ഉയര്‍ന്നത്. പേപ്പര്‍ ചോര്‍ച്ചയും പരീക്ഷയുടെ സമഗ്രതയെക്കുറിച്ചുള്ള ആശങ്കയും കാരണം പുതിയ പരീക്ഷ ആവശ്യപ്പെട്ട് ഒരു കൂട്ടം വിദ്യാര്‍ഥികള്‍ സുപ്രീം കോടതിയെയും സമീപിച്ചിട്ടുണ്ട്.വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.