ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേയുടെ വിവിധ സേവനങ്ങളെ ജിഎസ്ടി പരിധിയില്‍ നിന്ന് ഒഴിവാക്കി. പ്ലാറ്റ്ഫോം ടിക്കറ്റ്, റെയില്‍വേ സ്റ്റേഷനുകളിലെ കാത്തിരിപ്പ് മുറി, വിശ്രമമുറി, ക്ലോക്ക് റൂം എന്നീ സേവനങ്ങളെയാണ് ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കിയത്. റെയില്‍വേ സ്റ്റേഷനുകളിലെ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ ഉപയോഗിക്കുന്നതിനും ഇനി മുതല്‍ ജിഎസ്ടി ഈടാക്കില്ല.
കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ അധ്യക്ഷതയില്‍ നടന്ന 53-ാം ജിഎസ്ടി കൗണ്‍സില്‍ മീറ്റിങിന് ശേഷമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സോളാര്‍ കുക്കറുകള്‍ക്ക് 12 ശതമാനം എന്ന ഏകീകൃത ജിഎസ്ടി നിരക്കാക്കി നിശ്ചയിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പുറത്ത് പ്രവര്‍ത്തിക്കുന്ന ഹോസ്റ്റലുകള്‍ക്കും ജിഎസ്ടി ഒഴിവാക്കി. മാസം 20,000 രൂപ വരെയുള്ള ഹോസ്റ്റല്‍ നിരക്കിനാണ് ജിഎസ്ടി ഒഴിവാക്കിയത്. ഇളവ് ലഭിക്കാന്‍ വിദ്യാര്‍ഥികള്‍ കുറഞ്ഞത് 90 ദിവസം ഹോസ്റ്റല്‍ സൗകര്യം ഉപയോഗിച്ചിരിക്കണമെന്ന് നിര്‍മല സീതാരാമന്‍ വ്യക്തമാക്കി.
ജിഎസ്ടി കൗണ്‍സിലിന്റെ അടുത്ത യോഗം ഓഗസ്റ്റ് പകുതിയോടെയോ അവസാനത്തോടെയോ നടക്കും. ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന് മുമ്പ് നിര്‍മലാ സീതാരാമന്റെ അധ്യക്ഷതയില്‍ സംസ്ഥാന ധനകാര്യമന്ത്രിമാരുടെ പ്രീ ബജറ്റ് ചര്‍ച്ചകളുടെ ഭാഗമായുള്ള യോഗവും നടന്നു. യോഗത്തില്‍ സില്‍വര്‍ലൈന്‍ പദ്ധതിക്ക് എത്രയും പെട്ടെന്ന് കേന്ദ്രം എല്ലാ അനുമതികളും ലഭ്യമാക്കണമെന്ന് കേരളം ആവശ്യപ്പെട്ടു.
കേരളത്തിന് 24,000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് അടുത്ത ബജറ്റില്‍ ഉള്‍പ്പെടുത്തി പ്രഖ്യാപിക്കണമെന്ന ആവശ്യവും ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ യോഗത്തില്‍ മുന്നോട്ടുവച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.