വയനാട്ടിലെ കടുവ ആക്രമണം; കന്നുകാലികളുടെ ജഡവുമായി നാട്ടുകാരുടെ പ്രതിഷേധം

വയനാട്ടിലെ കടുവ ആക്രമണം; കന്നുകാലികളുടെ ജഡവുമായി നാട്ടുകാരുടെ പ്രതിഷേധം

വയനാട്: വയനാട് കേണിച്ചിറയില്‍ ഇറങ്ങിയ കടുവയെ പിടികൂടണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ പ്രതിഷേധം. കടുവ കടിച്ചുകൊന്ന കന്നുകാലികളുടെ ജഡവുമായാണ് പ്രതിഷേധിക്കുന്നത്. സുല്‍ത്താന്‍ ബത്തേരി പനമരം റോഡ് ഉപരോധിച്ചുകൊണ്ടാണ് നാട്ടുകാരുടെ പ്രതിഷേധം.

കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഈ പ്രദേശത്തെ നാല് പശുക്കളെയാണ് കടുവ കടിച്ച് കൊന്നത്. തോല്‍പ്പെട്ടി-17 എന്ന പേരില്‍ വനം വകുപ്പ് അടയാളപ്പെടുത്തിയ കടുവയാണിതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കടുവയെ മയക്കുവെടിവച്ച് പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സ്ഥലത്തെ ഉദ്യോഗസ്ഥരുടെ അപര്യപ്തതയാണ് നാട്ടുകാരുടെ മറ്റൊരു പരാതി. രണ്ടു കൂടുകള്‍ നിലവില്‍ കടുവയെ പിടികൂടാനായി സ്ഥാപിച്ചിട്ടുണ്ടെങ്കിലും പ്രയോജനമില്ലെന്നും നാട്ടുകാര്‍ പറയുന്നു.

വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ചത്ത പശുക്കളുടെ ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. അതേസമയം പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്ന് കടുവയെ പിടികൂടുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍ അറിയിച്ചു. ഇതിനായി ആര്‍ആര്‍ടി സംഘത്തെ സ്ഥലത്തേക്ക് അയക്കും. സൗത്ത് വയനാട്ടില്‍ നാളെ മുഴുവന്‍ സമയ ഡിഎഫ്ഒയെ നിയമിക്കാനും തീരുമാനമായി. എന്നാല്‍ കടുവയെ പിടികൂടുന്നതുവരെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.