നഷ്ടപരിഹാരം നല്‍കില്ല; നമ്പി രാജേഷിന്റെ കുടുംബത്തെ കയ്യൊഴിഞ്ഞ് എയര്‍ ഇന്ത്യ

നഷ്ടപരിഹാരം നല്‍കില്ല; നമ്പി രാജേഷിന്റെ കുടുംബത്തെ കയ്യൊഴിഞ്ഞ് എയര്‍ ഇന്ത്യ

തിരുവനന്തപുരം: ക്യാബിന്‍ ക്രൂ അംഗങ്ങളുടെ സമരം മൂലം കുടുംബത്തെ ഒരു നോക്ക് കാണാനാകാതെ മസ്‌കറ്റില്‍ പ്രവാസി മലയാളി മരിച്ച സംഭവത്തില്‍ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാന്‍ ആകില്ലെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ്.

മസ്‌കറ്റില്‍ മരിച്ച കരമന സ്വദേശി നമ്പി രാജേഷിന്റെ കുടുംബത്തിനാണ് എയര്‍ലൈന്‍സ് അധികൃതരുടെ മറുപടി. എയര്‍ലൈന്‍സ് സമരം കാരണം നമ്പി രാജേഷിന്റെ ഭാര്യക്കും അമ്മയ്ക്കും വിദേശത്തേക്ക് പോകാന്‍ കഴിഞ്ഞിരുന്നില്ല. നമ്പി രാജേഷിന്റെ മരണത്തിന് ഉത്തരവാദിയല്ലെന്ന് കാട്ടിയാണ് വിമാന കമ്പനി കുടുംബത്തിന്റെ ആവശ്യം നിരാകരിച്ച് ഇ മെയില്‍ അയച്ചത്.

ആശുപത്രിയില്‍ അത്യാസന്ന നിലയിലായിരുന്ന നമ്പി രാജേഷിനടുത്തെത്താന്‍ ശ്രമിച്ച ഭാര്യയടക്കമുള്ളവര്‍ക്ക് അതിന് സാധിക്കാതിരുന്നത് എയര്‍ ഇന്ത്യാ എക്‌സ്പ്രസ് ജീവനക്കാരുടെ സമരം കാരണമായിരുന്നു. ഇക്കാര്യം ചൂണ്ടികാട്ടി നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ടാണ് കുടുംബം രംഗത്തെത്തിയത്.

നഷ്ടപരിഹാരം വേണമെന്ന് കാട്ടി കുടുംബം എയര്‍ ഇന്ത്യ എക്‌സ്പ്രസിന് മെയിലും അയച്ചിരുന്നു. ഈ മെയിലിനോടാണ് കമ്പനി അധികൃതര്‍ ഇപ്പോള്‍ പ്രതികരിച്ചിരിക്കുന്നത്.

മസ്‌കറ്റിലെ ജോലി സ്ഥലത്ത് കുഴഞ്ഞ് വീണ കരമന സ്വദേശിയായ രാജേഷിനെ ഇക്കഴിഞ്ഞ മെയ് മാസം ഏഴിനായിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നാലെ എട്ടിന് ഭര്‍ത്താവിനടുത്തേക്ക് പുറപ്പെടാന്‍ ഭാര്യ അമൃത വിമാനടിക്കറ്റെടുത്തെങ്കിലും എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാന ജീവനക്കാരുടെ സമരത്തെ തുടര്‍ന്ന് യാത്ര മുടങ്ങി.

വീണ്ടും ടിക്കറ്റെടുത്തെങ്കിലും സമരം മൂലം ആ സര്‍വീസും റദ്ദാക്കി. ഇതോടെ യാത്ര വീണ്ടും മുടങ്ങി. ഇതിനിടയില്‍ 13 ന് രാവിലെയാണ് രോഗം മൂര്‍ച്ഛിച്ച് രാജേഷ് മരിച്ചത്.

എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതരവും മനുഷ്യത്വ രഹിതവുമായ വീഴ്ചയെന്ന് ചൂണ്ടികാട്ടി നമ്പി രാജേഷിന്റെ ഭാര്യ അമൃത, മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും പ്രതിപക്ഷ നേതാവിനുമടക്കം നേരത്തെ പരാതി നല്‍കിയിരുന്നു. എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ഭാഗത്ത് നിന്ന് നഷ്ടപരിഹാരം ലഭ്യമാക്കാന്‍ ഇടപെടണമെന്നതടക്കമുള്ള കാര്യങ്ങളാണ് കുടുംബം ആവശ്യപ്പെട്ടത്.

ഇതനുസരിച്ച് മുഖ്യമന്ത്രിയടക്കമുള്ളവര്‍ വ്യോമയാന മന്ത്രിക്ക് കത്തയക്കുകയും ചെയ്തിരുന്നു. ഇതിനെല്ലാമൊടുവിലാണ് ഇപ്പോള്‍ നമ്പി രാജേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കില്ലെന്ന് വ്യക്തമാക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധികൃതര്‍ നമ്പി രാജേഷിന്റെ കുടുംബത്തിന് ഇ മെയില്‍ അയച്ചിരിക്കുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.