പ്ലസ് വണ്‍ സീറ്റ് പ്രശ്‌നം പരിഹരിക്കാന്‍ രണ്ടംഗ സമിതി; മലപ്പുറം, പാലക്കാട്, കാസര്‍കോഡ് ജില്ലകളില്‍ പ്രതിസന്ധിയെന്ന് മന്ത്രി

പ്ലസ് വണ്‍ സീറ്റ് പ്രശ്‌നം പരിഹരിക്കാന്‍ രണ്ടംഗ സമിതി; മലപ്പുറം, പാലക്കാട്, കാസര്‍കോഡ് ജില്ലകളില്‍ പ്രതിസന്ധിയെന്ന് മന്ത്രി

തിരുവനന്തപുരം: മലപ്പുറത്തെ പ്ലസ് വണ്‍ സീറ്റ് ക്ഷാമം പഠിക്കാന്‍ സര്‍ക്കാര്‍ രണ്ടംഗ സമിതിയെ നിയോഗിച്ചു. ഹയര്‍ സെക്കന്‍ഡറി ജോയിന്റ് ഡയറക്ടറും മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഡയറക്ടറുമാണ് അംഗങ്ങള്‍.

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കാന്‍ താല്‍ക്കാലിക ബാച്ച് അനുവദിക്കുമെന്നും വിദ്യാഭ്യാസ സംഘടനകളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. മലപ്പുറം, പാലക്കാട്, കാസര്‍കോഡ്  ജില്ലകളിലാണ് ഇത്തവണ സീറ്റ് പ്രതിസന്ധികളുള്ളതെന്ന് അദേഹം പറഞ്ഞു.

മലപ്പുറത്ത് മാത്രം 7,054 സീറ്റിന്റെ കുറവുണ്ട്. പാലക്കാട് 1757, കാസര്‍കോട് 250 സീറ്റും കുറവാണന്ന് മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പാലക്കാട് ജില്ലയില്‍ 1757 സീറ്റുകളുടെ കുറവുണ്ട്. സപ്ലിമെന്ററി അലോട്‌മെന്റോടെ ഇതിന് പരിഹാരം കണ്ടെത്തും.

നിലവില്‍ മലപ്പുറത്തിന്റെ സാഹചര്യം പരിഗണിച്ച് പുതിയ താല്‍ക്കാലിക ബാച്ച് അനുവദിക്കും. പ്ലസ് വണ്‍ പഠനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും പ്രവേശനം ഉറപ്പാക്കും. ഇതിനകം ക്ലാസ് നഷ്ടമാകുന്ന വിദ്യാര്‍ഥികള്‍ക്ക് ബ്രിഡ്ജ് കോഴ്സ് നല്‍കി പഠന വിടവ് നികത്താനുള്ള എല്ലാവിധ സംവിധാനങ്ങളും ഒരുക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബാച്ച് വര്‍ധനയില്‍ തീരുമാനമെടുക്കും. ജൂലൈ അഞ്ചിന് റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയിലെ ഏഴ് താലൂക്കുകളിലും സയന്‍സ് സീറ്റുകള്‍ അധികമാണ്. എന്നാല്‍ കൊമേഴ്സ്, ഹുമാനിറ്റീസ് സീറ്റുകള്‍ കുറവാണ്.

നിലമ്പൂര്‍, ഏറനാട്, പെരിന്തല്‍മണ്ണ, തിരൂര്‍, പൊന്നാനി, തിരൂരങ്ങാടി, കൊണ്ടോട്ടി എന്നി താലൂക്കുകളില്‍ സയന്‍സിന് 4,433 സീറ്റ് കൂടുതലാണ്. ഹുമാനിറ്റീസ് 3,816 സീറ്റും കൊമേഴ്സ് 3,405 സീറ്റും കുറവാണ്. കഴിഞ്ഞ വര്‍ഷം അഡ്മിഷന്‍ പൂര്‍ത്തീകരിച്ചപ്പോള്‍ മലപ്പുറം ജില്ലയില്‍ 4,952 സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുകയായിരുന്നുവെന്നും മന്ത്രി പറഞ്ഞു.

ഇപ്രാവശ്യം 53,762 പേര്‍ പ്രവേശനം നേടിക്കഴിഞ്ഞു. ഇനി സപ്ലിമെന്ററി അലോട്ട്മെന്റിനുള്ള അപേക്ഷ രണ്ടാം തിയതി ആരംഭിക്കും. അഞ്ചാം തിയതി വരെയാണ് അപേക്ഷിക്കാനാകുക. എട്ടിന് അലോട്ട്മെന്റ് ആരംഭിക്കും. ഒറ്റ ദിവസം കൊണ്ട് തീര്‍ക്കും.

ജൂലൈ 8,9 തിയതികളില്‍ അഡ്മിഷന്‍ നടക്കും. സപ്ലിമെന്ററി അലോട്ട്മെന്റ് കഴിഞ്ഞതിനു ശേഷം സ്‌കോള്‍ കേരള രജിസ്ട്രേഷന് അപേക്ഷ ക്ഷണിച്ചാല്‍ മതിയെന്ന വിദ്യാര്‍ഥി സംഘടനകളുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചതായും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.