വീണ്ടും മാലിന്യം നിറച്ച ബലൂണുകള്‍ അയച്ച് ഉത്തരകൊറിയ; ദക്ഷിണകൊറിയന്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിലച്ചു

വീണ്ടും മാലിന്യം നിറച്ച ബലൂണുകള്‍ അയച്ച് ഉത്തരകൊറിയ; ദക്ഷിണകൊറിയന്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിലച്ചു

സിയോള്‍: ഉത്തരകൊറിയ പറത്തിയ മാലിന്യ ബലൂണുകള്‍ വന്നു പതിച്ചതിനു പിന്നാലെ ദക്ഷിണകൊറിയയിലെ ഇഞ്ചിയോണ്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തടസപ്പെട്ടു. വിമാനത്താവളത്തില്‍ നിന്നുള്ള ടേക്ക് ഓഫിനെയും ലാന്‍ഡിങ്ങിനെയും ഇത് ബാധിച്ചതായി ഇഞ്ചിയോണ്‍ വിമാനത്താവള വക്താവ് അറിയിച്ചു.

ഉത്തരകൊറിയയുടെ ബലൂണുകളിലൊന്ന് പാസഞ്ചര്‍ ടെര്‍മിനലിന് സമീപത്താണ് വീണത്. രണ്ടും മൂന്നും ബലൂണുകള്‍ റണ്‍വേയുടെ സമീപത്തും വീണു. തുടര്‍ന്ന് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തുകയായിരുന്നു.

നിരവധി ബലൂണുകള്‍ വിമാനത്താവളത്തിന്റെ അതിര്‍ത്തിയില്‍ കണ്ടെത്തിയെന്നും വക്താവ് അറിയിച്ചു. ഇതാദ്യമായല്ല ഉത്തരകൊറിയയില്‍ നിന്നും 40 കിലോമീറ്റര്‍ മാത്രം അകലെയുള്ള ഇഞ്ചിയോണ്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ഇത്തരത്തില്‍ നിര്‍ത്തുന്നത്. ഇതിന് മുമ്പും ഉത്തരകൊറിയ അയച്ച ബലൂണുകള്‍ കാരണം വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തേണ്ടി വന്നിട്ടുണ്ട്.

ബുധനാഴ്ച പുലര്‍ച്ചെ 1.46 മുതല്‍ 4.44 വരെയാണ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിയത്. അതിന് ശേഷം റണ്‍വേകള്‍ തുറന്ന് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സാധാരണനിലയിലായെന്ന് അധികൃതര്‍ അറിയിച്ചു. പുലര്‍ച്ചെയായതിനാല്‍ വിമാനങ്ങള്‍ കുറവായതിനാല്‍ വലിയ പ്രശ്‌നമുണ്ടായില്ലെന്നാണ് സൂചന. ഇഞ്ചിയോണില്‍ ഇറങ്ങാനിരുന്ന എട്ട് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു ഇതില്‍ കാര്‍ഗോ വിമാനങ്ങളും ഉള്‍പ്പെടും. അതേസമയം, വിമാനത്താവളം തുറന്നുവെങ്കിലും വിമാനങ്ങള്‍ വൈകുന്നത് തുടരുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.