വാഷിങ്ടണ്‍: അടിസ്ഥാന പലിശ നിരക്ക് കുറച്ച് അമേരിക്കന്‍ കേന്ദ്ര ബാങ്ക്. പലിശ നിരക്കില്‍ കാല്‍ ശതമാനത്തിന്റെ കുറവാണ് യു.എസ് ഫെഡറല്‍ റിസര്‍വ് വരുത്തിയത്. ഇതോടെ പലിശ നിരക്ക് നാല് ശതമാനത്തിനും 4.25 ശതമാനത്തിനും ഇടയിലായി. ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജെറോം പവലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
സമ്പദ്‌വ്യവസ്ഥയ്ക്ക് കരുത്ത് പകര്‍ന്ന് ഈ വര്‍ഷം ആദ്യമായാണ് അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശനിരക്ക് കുറച്ചത്. ഈ വര്‍ഷം ഇനി രണ്ട് തവണ പലിശ കുറയ്ക്കുമെന്നും അദേഹം വ്യക്തമാക്കി. പലിശ നിരക്ക് വെട്ടിക്കുറച്ചത് തൊഴില്‍ മേഖലയിലെ കടുത്ത പ്രതിസന്ധി ഉള്‍പ്പെടെ നിലവില്‍ അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥ നേരിടുന്ന ആഘാതം പരിഹരിക്കാനുള്ള താല്‍കാലിക നടപടി മാത്രമാണെന്ന് ജെറോം പവല്‍ വ്യക്തമാക്കി. അമേരിക്കന്‍ ജനതയ്ക്ക് വാഹന, വ്യക്തിഗത, വിദ്യാഭ്യാസ വായ്പാ പലിശയും ക്രെഡിറ്റ് കാര്‍ഡ് പലിശയും കുറയാന്‍ സഹായിക്കുന്നതാണ് തീരുമാനം.
ഡൊണാള്‍ഡ് ട്രംപ് അധികാരത്തില്‍ വന്നതിന് ശേഷം കുടിയേറ്റം, നികുതി, മറ്റ് ട്രംപ് നയങ്ങള്‍ എന്നിവ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെയും പണപ്പെരുപ്പത്തെയും എങ്ങനെ സ്വാധീനിക്കുന്നുവെന്ന് വിലയിരുത്തുന്നതിന് വേണ്ടിയാണ് ഡിസംബര്‍ മുതല്‍ ഫെഡ് റിസര്‍വ് നിരക്കുകളില്‍ മാറ്റം വരുത്താതിരുന്നത്. ഇതിനെ ചൊല്ലി ട്രംപ് ജെറോം പവലിനെ അധിക്ഷേപിക്കുകയും സമ്മര്‍ദ്ദത്തിലാഴ്ത്തുകയും ചെയ്തിരുന്നു.
പലിശ കുറയുന്നതിന് ആനുപാതികമായി യുഎസ് ഗവണ്‍മെന്റിന്റെ കടപ്പത്ര ആദായ നിരക്കും (ട്രഷറി യീല്‍ഡ്) ഇടിയും. അതോടെ അതിലേക്കുള്ള നിക്ഷേപവും കുറയും. യുഎസ് കടപ്പത്രങ്ങളുടെ ഇടിവ് ഇന്ത്യയുള്‍പ്പെടെയുള്ള വികസ്വര രാജ്യങ്ങളിലേക്ക് വിദേശ നിക്ഷേപമൊഴുകാന്‍ സഹായിക്കും.
ഒന്നിനെതിരെ 11 വോട്ടിനാണ് ഫെഡറല്‍ ഓപ്പണ്‍ മാര്‍ക്കറ്റ് കമ്മിറ്റി പലിശ നിരക്ക് കുറയ്ക്കുന്നതിന് അംഗീകാരം നല്‍കിയത്. തൊഴില്‍ വളര്‍ച്ച കുറയുന്നതും തൊഴില്‍ സാധ്യതകള്‍ കുറയുന്നതും അടക്കമുള്ള വിഷയങ്ങള്‍ പരിഗണിച്ചാണ് സമ്പദ്‌വ്യവസ്ഥയ്ക്ക് കരുത്ത് പകരാന്‍ യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറച്ചത്. പലിശ നിരക്ക് കുറയ്ക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നു. ട്രംപിന്റെ സമ്മര്‍ദ്ദവും പലിശനിരക്ക് കുറയ്ക്കുന്നതില്‍ നിര്‍ണായകമായതായാണ് വിലയിരുത്തല്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.