ഗൂഗിള്‍ മാപ്പ് നോക്കി യാത്ര: കാര്‍ പാലത്തില്‍ നിന്നും പുഴയിലേക്ക് മറിഞ്ഞു; അഗ്നിശമന സേനയെത്തി യാത്രക്കാരെ രക്ഷിച്ചു

ഗൂഗിള്‍ മാപ്പ് നോക്കി യാത്ര: കാര്‍ പാലത്തില്‍ നിന്നും പുഴയിലേക്ക് മറിഞ്ഞു; അഗ്നിശമന സേനയെത്തി യാത്രക്കാരെ രക്ഷിച്ചു

കാസര്‍കോട്: ഗൂഗിള്‍ മാപ്പ് നോക്കി യാത്ര ചെയ്ത സംഘത്തിന്റെ കാര്‍ പാലത്തില്‍ നിന്നും പുഴയിലേക്ക് മറിഞ്ഞു. കാസര്‍കോട് ജില്ലയിലെ പള്ളഞ്ചി-പാണ്ടി റോഡില്‍ പള്ളഞ്ചി ഫോറസ്റ്റിലുള്ള കൈവരി ഇല്ലാത്ത പാലത്തില്‍ നിന്നാണ് കാര്‍ പുഴയിലേക്ക് വീണത്. ഇന്ന് രാവിലെ ആറ് മണിയോടെ ആയിരുന്നു അപകടം.

കാഞ്ഞങ്ങാട് നിന്ന് പുത്തൂരിലേക്ക് പോയ കാറാണ് അപകടത്തില്‍പ്പെട്ടത്. കാറിലുണ്ടായിരുന്ന പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ ഏഴാംമൈല്‍ സ്വദേശി തസ്രിഫ്, അമ്പലത്തറ സ്വദേശി അബ്ദുള്‍ റഷീദ് എന്നിവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.

രാത്രി പെയ്ത ശക്തമായ മഴയില്‍ പള്ളഞ്ചി പൈപ്പ് പാലത്തിന് മുകളിലൂടെയാണ് വെള്ളം ഒഴുകിക്കൊണ്ടിരുന്നത്. പാലമേതെന്ന് തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. അപകടത്തില്‍പ്പെട്ടയുടന്‍ യാത്രക്കാരിലൊരാള്‍ കാറിനകത്ത് നിന്ന് തന്നെ കുറ്റിക്കോല്‍ അഗ്‌നിരക്ഷാ സേനയെ വിവരമറിയിച്ചു.

ഇതിനിടയില്‍ ശക്തമായ ഒഴുക്കില്‍ കാര്‍ നീങ്ങിത്തുടങ്ങിയതോടെ ഗ്ലാസ് തുറന്ന് ഇരുവരും വെളിയിലെത്തുകയും നീന്തി പുഴയുടെ നടുവിലുള്ള മരത്തില്‍ പിടിച്ച് നില്‍ക്കുകയും ചെയ്തു.

പുഴയുടെ ഇരുകരയും സംരക്ഷിത വന മേഖലയാണ്. അഗ്‌നിരക്ഷാ സേനയുടെ വാഹനത്തിന്റെ സൈറണ്‍ കേട്ടാണ് പ്രദേശവാസികള്‍ വിവരമറിയുന്നത്. സേനയെത്തുമ്പോള്‍ പുഴയ്ക്ക് നടുവില്‍ മരത്തില്‍ പിടിച്ച് നില്‍ക്കുകയായിരുന്നു ഇരുവരും. നാട്ടുകാരുടെ സഹായത്തോടെ അഗ്‌നിരക്ഷാസേന അംഗങ്ങള്‍ അതിസാഹസികമായാണ് ഇരുവരെയും രക്ഷിച്ചത്.

അപ്പോഴേക്കും കാര്‍ നൂറ് മീറ്ററോളം ദൂരേക്ക് ഒഴുകിപ്പോയിരുന്നു. പരിക്കുകളില്ലാതെ യാത്രക്കാരെ രക്ഷിക്കാനായെന്ന് അഗ്‌നിരക്ഷാ സേന അറിയിച്ചു. വനഭൂമി വിട്ടുകൊടുക്കാത്തതിനാല്‍ മലയോര ഹൈവേയില്‍ നിര്‍മാണം തടസപ്പെട്ട സ്ഥലത്താണ് അപകടമുണ്ടായത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.