ആ കണക്കങ്ങ് തീര്‍ത്തു: ഇന്ത്യ ട്വന്റി-20 ലോകകപ്പ് ഫൈനലില്‍; ഇംഗ്ലണ്ടിന് 68 റണ്‍സിന്റെ തോല്‍വി

ആ കണക്കങ്ങ് തീര്‍ത്തു: ഇന്ത്യ ട്വന്റി-20 ലോകകപ്പ് ഫൈനലില്‍; ഇംഗ്ലണ്ടിന് 68 റണ്‍സിന്റെ തോല്‍വി

ഗയാന: ഇന്ത്യ ട്വന്റി-20 ലോകകപ്പ് ഫൈനലില്‍. ഇംഗ്ലണ്ടിനെ സെമിയില്‍ 68 റണ്‍സിന് വീഴ്ത്തിയാണ് ഇന്ത്യ പത്ത് വര്‍ഷത്തിന് ശേഷം ആദ്യമായി ഫൈനലില്‍ എത്തുന്നത്. 2022 സെമി ഫൈനല്‍ തോല്‍വിയുടെ കണക്ക് തീര്‍ക്കാനും രോഹിത് ശര്‍മക്കും സംഘത്തിനുമായി. അന്ന് സെമിയില്‍ 10 വിക്കറ്റിന് ഇന്ത്യയെ തോല്‍പിച്ചാണ് ഇംഗ്ലണ്ട് ഫൈനലിലെത്തുന്നതും പിന്നാലെ കിരീടം നേടിയതും.

ശനിയാഴ്ച നടക്കുന്ന ഫൈനലില്‍ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളികള്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ ഇംഗ്ലണ്ട് 16.4 ഓവറില്‍ 103 റണ്‍സിന് ഓള്‍ ഔട്ടായി. അക്ഷര്‍ പട്ടേലിന്റെയും കുല്‍ദീപ് യാദവിന്റെയും മൂന്നു വിക്കറ്റ് പ്രകടനമാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. അക്ഷര്‍ നാല് ഓവറില്‍ 23 റണ്‍സ് വഴങ്ങിയാണ് മൂന്നു മുന്‍നിര ബാറ്റര്‍മാരെ മടക്കിയത്. കുല്‍ദീപ് നാല് ഓവറില്‍ 19 റണ്‍സ് വഴങ്ങിയാണ് മൂന്ന് വിക്കറ്റെടുത്തത്. ജസ്പ്രീത് ബുംറ രണ്ടു വിക്കറ്റും നേടി.

രണ്ട് ഇംഗ്ലണ്ട് താരങ്ങള്‍ റണ്‍ ഔട്ടായി. ഇംഗ്ലണ്ടിനായി ഹാരി ബ്രൂക് (25), ക്യാപ്റ്റന്‍ ജോഷ് ബട്ലര്‍ (23), ജോഫ്ര ആര്‍ച്ചര്‍ (21) എന്നിവരാണ് പിടിച്ചു നിന്നത്. ലിയാം ലിവിങ്സ്റ്റന്‍ (11) ആണ് രണ്ടക്കം കടന്ന മറ്റൊരാള്‍. മറ്റെല്ലാവരും പെട്ടെന്ന് തന്നെ മടങ്ങി.

അപകടകാരിയായ ജോസ് ബട്ല്ലറെ മടക്കി അക്ഷര്‍ പട്ടേലാണ് ആദ്യ ബ്രേക്ക് ത്രൂ നല്‍കിയത്. 15 പന്തില്‍ 23 റണ്‍സെടുത്ത താരം വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്റെ കൈകകളിലെത്തി. തൊട്ടടുത്ത ഓവറില്‍ ജസ്പ്രീത് ബുംറ ഫില്‍ സാള്‍ട്ടിനെ ബൗള്‍ഡാക്കി. എട്ട് പന്തില്‍ അഞ്ച് റണ്‍സെടുത്താണ് താരം പുറത്തായത്. ജോണി ബെയര്‍‌സ്റ്റോ വന്നപോലെ മടങ്ങി. ഇതോടെ ഇംഗ്ലണ്ട് പ്രതിരോധത്തിലായി. 5.1 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 35 റണ്‍സ്.

തൊട്ടുപിന്നാലെ സാം കറണെ കുല്‍ദീപ് എല്‍.ബി.ഡബ്ല്യുവില്‍ കുരുക്കി. നാല് പന്തില്‍ രണ്ട് റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. 19 പന്തില്‍ 25 റണ്‍സെടുത്ത ഹാരി ബ്രൂക്കിനെ കുല്‍ദീപ് ബൗള്‍ഡാക്കി. ഒരു റണ്ണെടുത്ത ക്രൈസ് ജോര്‍ദാനും കുല്‍ദീപിന്റെ പന്തില്‍ പുറത്ത്. 16 പന്തില്‍ 11 റണ്‍സെടുത്ത ലിവിങ്സ്റ്റണും രണ്ടു പന്തില്‍ രണ്ടു റണ്‍സെടുത്ത ആദില്‍ റഷീദും റണ്‍ ഔട്ടായി.

15 പന്തില്‍ 21 റണ്‍സെടുത്ത ആര്‍ച്ചറെ ബുംറ എല്‍.ബി.ഡബ്ല്യുവില്‍ കുരുക്കി. മൂന്നു റണ്‍സുമായി റീസ് ടോപ്ലി പുറത്താകാതെ നിന്നു. അര്‍ധ സെഞ്ച്വറി നേടിയ രോഹിത് ശര്‍മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. നായകന്‍ 39 പന്തില്‍ 57 റണ്‍സ് നേടിയാണ് പുറത്തായത്. രണ്ട് സിക്‌സും നാല് ഫോറും അടങ്ങുന്നതാണ് ഇന്നിങ്‌സ്. താരത്തിന്റെ തുടര്‍ച്ചയായ അര്‍ധ സെഞ്ച്വറിയാണിത്. സൂപ്പര്‍ എട്ടില്‍ ഓസ്‌ട്രേലിയക്കെതിരെ 92 റണ്‍സെടുത്തിരുന്നു. സൂര്യകുമാര്‍ 36 പന്തില്‍ 47 റണ്‍സെടുത്തു. ഇരുവരും മൂന്നാം വിക്കറ്റില്‍ നേടിയ 70 റണ്‍സ് കൂട്ടുകെട്ടാണ് ഇന്ത്യയെ പൊരുതാനുള്ള സ്‌കോറില്‍ എത്തിച്ചത്.

മഴമൂലം വൈകിയാണ് മത്സരം തുടങ്ങിയത്. പിച്ചിലെ ഈര്‍പ്പം ഇന്ത്യയുടെ ബാറ്റിങ് ദുഷ്‌കരമാക്കി. സൂപ്പര്‍താരം വിരാട് കോഹ്‌ലി വീണ്ടും നിരാശപ്പെടുത്തി. ഒമ്പത് പന്തില്‍ ഒമ്പത് റണ്‍സെടുത്ത കോഹ്‌ലിയെ പേസര്‍ റീസ് ടോപ്‌ലി ബോള്‍ഡാക്കി. അധികം വൈകാതെ നാല് റണ്‍സെടുത്ത ഋഷഭ് പന്ത് സാം കറണിന്റെ പന്തില്‍ ജോണി ബെയര്‍‌സ്റ്റോക്ക് ക്യാച്ച് നല്‍കി മടങ്ങി. ഇന്ത്യ 5.2 ഓവറില്‍ രണ്ടു വിക്കറ്റിന് 40 റണ്‍സ്.

രോഹിത്തും സൂര്യകുമാറും ക്രീസില്‍ ഒന്നിച്ചതോടെ ടീമിന്റെ സ്‌കോറും കുതിച്ചു. ഇതിനിടെ വീണ്ടും മഴ പെയ്തതോടെ മത്സരം തടസപ്പെട്ടു. മത്സരം പുനരാരംഭിച്ചതോടെ രോഹിത്തും സൂര്യയും ഇന്ത്യന്‍ സ്‌കോര്‍ നൂറ് കടത്തി. പിന്നാലെ രോഹിത് ആദില്‍ റാഷിദിന്റെ പന്തില്‍ വമ്പനടിക്ക് ശ്രമിക്കുന്നതിനിടെ ബൗള്‍ഡായി. സൂര്യകുമാറിനെ ആര്‍ച്ചറുടെ പന്തില്‍ ക്രിസ് ജോര്‍ദാന്‍ ക്യാച്ചെടുത്താണ് പുറത്താക്കിയത്. 13 പന്തില്‍ 23 റണ്‍സെടുത്ത ഹാര്‍ദിക് പാണ്ഡ്യ ജോര്‍ദാന്റെ പന്തില്‍ സാം കറണിന് ക്യാച്ച് നല്‍കി മടങ്ങി. തുടര്‍ച്ചയായ രണ്ട് സിക്‌സുകള്‍ പറത്തിയ ശേഷമാണ് പാണ്ഡ്യ പുറത്തായത്. തൊട്ടടുത്ത പന്തില്‍ ശിവം ദുബെയെയും മടക്കി ജോര്‍ദന്‍ ഇന്ത്യയെ പ്രതിരോധത്തിലാക്കി.

വിക്കറ്റ് കീപ്പര്‍ ബട്‌ലര്‍ക്ക് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്. അക്‌സര്‍ പട്ടേല്‍ ആറ് പന്തില്‍ 10 റണ്‍സെടുത്തു. 17 റണ്‍സുമായി രവീന്ദ്ര ജഡേജയും ഒരു റണ്ണുമായി അര്‍ഷ്ദീപ് സിഹും പുറത്താകാതെ നിന്നു. ഇംഗ്ലണ്ടിനായി ക്രിസ് ജോര്‍ദാന്‍ മൂന്നു വിക്കറ്റ് വീഴ്ത്തി. റീസ് ടോപ്ലി, ആര്‍ച്ചര്‍, കറണ്‍, ആദില്‍ റാഷിദ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.

നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‌ലര്‍ ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.