പത്താം ക്ലാസ് കഴിഞ്ഞവര്‍ക്ക് എഴുതാനും വായിക്കാനുമറിയില്ലെന്ന സജി ചെറിയാന്റെ പരാമര്‍ശത്തിനെതിരെ വി. ശിവന്‍കുട്ടി

പത്താം ക്ലാസ് കഴിഞ്ഞവര്‍ക്ക് എഴുതാനും വായിക്കാനുമറിയില്ലെന്ന സജി ചെറിയാന്റെ പരാമര്‍ശത്തിനെതിരെ വി. ശിവന്‍കുട്ടി

തിരുവനന്തപുരം: കേരളത്തില്‍ എസ്എസ്എല്‍സി കഴിഞ്ഞ് ഉപരി പഠനത്തിനൊരുങ്ങുന്ന പല വിദ്യാര്‍ഥികള്‍ക്കും എഴുതാനും വായിക്കാനും അറിയില്ല എന്ന സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ പ്രസ്താവനയ്‌ക്കെതിരെ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി.

സജി ചെറിയാന്റെ നിരീക്ഷണം വസ്തുതാ വിരുദ്ധമാണെന്ന് ശിവന്‍കുട്ടി പറഞ്ഞു. കേരളത്തിലെ സ്‌കൂള്‍ വിദ്യാഭ്യാസ മേഖലയില്‍ പഠന നിലവാരം കൂടുതല്‍ മെച്ചപ്പെടുത്തണം എന്നുള്ളത് പൊതുസമൂഹം ഉള്‍ക്കൊള്ളുന്ന ആവശ്യമാണ്.

അതിനുള്ള കൂടുതല്‍ പദ്ധതികള്‍ പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എസ്‌സിഇആര്‍ടി അടക്കമുള്ള വിദ്യാഭ്യാസ ഏജന്‍സികള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

പ്രീപ്രൈമറി തലംതൊട്ട് പാഠ്യ പദ്ധതി പരിഷ്‌കരണം അടക്കമുള്ള കാര്യങ്ങള്‍ നടപ്പാക്കി വരികയാണ്. അധ്യാപകര്‍ക്ക് സമയാ സമയം പരിശീലനം ലഭ്യമാക്കുന്നുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടക്കമുള്ള നൂതന ശാസ്ത്ര, സാങ്കേതിക മേഖലകളില്‍ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പരിശീലനം നല്‍കുകയാണ്.

ഒന്നാം ക്ലാസ് പിന്നിടുന്ന വിദ്യാര്‍ഥി മലയാളം അക്ഷരമാല പഠിക്കുമെന്ന് ഉറപ്പാക്കുന്ന രീതിയിലുള്ള പാഠ്യ പദ്ധതി പദ്ധതി പരിഷ്‌കരണ പ്രവര്‍ത്തനങ്ങളാണ് നിലവില്‍ നടക്കുന്നത്. രാജ്യത്ത് ഏറ്റവും മികച്ച രീതിയില്‍ പ്രീ പ്രൈമറി, പ്രൈമറി, അപ്പര്‍ പ്രൈമറി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസം നടത്തുന്ന സംസ്ഥാനമാണ് കേരളം.

അക്കാദമിക മികവിന്റെ കാര്യത്തില്‍ കേരളം ഒരു വിട്ടുവീഴ്ചയും ചെയ്യില്ല. സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ അടക്കം കാര്യത്തില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വികസന സൂചികകളില്‍ കേരളം ഇപ്പോഴും പ്രഥമ ശ്രേണിയിലുണ്ടെന്നും ശിവന്‍കുട്ടി പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.