ആലപ്പുഴ: മാന്നാറിലെ കല വധക്കേസില്‍ വീണ്ടും നിര്‍ണായക വിവരങ്ങള്‍ പുറത്ത്. യുവതിയുടെ മൃതദേഹം സെപ്റ്റിക് ടാങ്കില്‍ നിന്ന് മാറ്റിയിരുന്നതായി അന്വേഷണ സംഘം സംശയിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. സംഭവ ശേഷം രണ്ട് തവണ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കിയിരുന്നു.
മൃതദേഹം ആദ്യം സെപ്റ്റിക് ടാങ്കില്‍ തള്ളിയ ഒന്നാംപ്രതി കൂട്ടുപ്രതികളറിയാതെ മൃതദേഹം ഇവിടെനിന്ന് മാറ്റിയോ എന്നതാണ് അന്വേഷണസംഘത്തിന്റെ സംശയം. അതിനാല്‍ തന്നെ ഒന്നാം പ്രതിയായ അനില്‍കുമാറിനെ ഇസ്രയേലില്‍ നിന്ന് നാട്ടിലെത്തിച്ചാലേ ഇക്കാര്യത്തില്‍ വ്യക്തത വരികയുള്ളു.
കലയെ കൊലപ്പെടുത്തി മൃതദേഹം സെപ്റ്റിക് ടാങ്കില്‍ തള്ളിയതായി അറസ്റ്റിലായ പ്രതികളിലൊരാളാണ് മൊഴി നല്‍കിയത്. ഇതനുസരിച്ചാണ് പൊലീസ് സംഘം അനില്‍കുമാറിന്റെ വീട്ടുവളപ്പിലെ സെപ്റ്റിക് ടാങ്ക് തുറന്ന് പരിശോധന നടത്തിയത്.
കഴിഞ്ഞ ദിവസം സെപ്റ്റിക് ടാങ്കില്‍ നടത്തിയ പരിശോധനയില്‍ മൃതദേഹാവശിഷ്ടങ്ങള്‍ എന്ന് സംശയിക്കുന്ന ചിലത് കിട്ടിയിരുന്നു. ടാങ്കില്‍ നിന്ന് ലോക്കറ്റ്, ക്ലിപ്, അടിവസ്ത്രത്തിന്റെ ഇലാസ്റ്റിക് എന്നിവ കിട്ടിയിരുന്നു. കൂട്ടുപ്രതികള്‍ക്കും സെപ്റ്റിക് ടാങ്കില്‍ മൃതദേഹം ഉപേക്ഷിച്ചതുവരെയുള്ള കാര്യങ്ങളേ അറിയൂ.
ലഭിച്ച തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുകയാണ്. അവ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ച് അതിന്റെ ഫലം വന്നശേഷം മാത്രമേ വിഷയത്തില്‍ കൂടുതല്‍ വ്യക്തത വരികയുള്ളൂ.
യുവതിയുടെ മൃതദേഹം ആറ്റില്‍ ഉപേക്ഷിക്കാമെന്നായിരുന്നു ആദ്യം പ്രതികള്‍ കരുതിയിരുന്നത്. എന്നാല്‍ സാഹചര്യം അനുകൂലമല്ലാത്തതിനാല്‍ തീരുമാനം മാറ്റുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
കേസില്‍ അനിലിന്റെ സഹോദരീ ഭര്‍ത്താവ് സോമരാജന്‍, ബന്ധുക്കളായ ജിനു ഗോപി, പ്രമോദ്, സന്തോഷ്, സുരേഷ്‌കുമാര്‍ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഇവരെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. അനിലിന്റെ സംശയരോഗമാണ് കൊലയ്ക്ക് കാരണമെന്നാണ് നിഗമനം.
15 വര്‍ഷം മുന്‍പാണ് ചെന്നിത്തല പായിക്കാട്ട് മീനത്തേതില്‍ ചെല്ലപ്പന്‍ - ചന്ദ്രിക ദമ്പതികളുടെ മകള്‍ കലയെ മാന്നാറില്‍ നിന്ന് കാണാതാകുന്നത്. അന്ന് മകന് ഒരു വയസ് മാത്രമായിരുന്നു. ചെന്നിത്തല ഇരമത്തൂര്‍ കിഴക്ക് കണ്ണമ്പള്ളില്‍ അനിലാണ് ഭര്‍ത്താവ്. കലയെ കാണാതായതിന് പിന്നാലെ ഇയാള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
കലയെ കണ്ടെത്താനെന്ന പേരില്‍ പ്രതി പലയിടത്തും ചുറ്റിക്കറങ്ങി. ഇതിനിടെ കുഞ്ഞിനെയും തന്നെയും ഉപേക്ഷിച്ച് കല മറ്റാര്‍ക്കോ ഒപ്പം ഒളിച്ചോടിയെന്നാണ് അനില്‍ പ്രചരിപ്പിച്ചിരുന്നു. പിന്നീട് അനില്‍ രണ്ടാമത് വിവാഹം കഴിച്ചു. അവരുടെ ഒപ്പമാണ് ഇപ്പോള്‍ കലയുടെ മകന്‍ താമസിക്കുന്നത്.
2009ല്‍ കാറില്‍ സഞ്ചരിക്കവേ, വലിയപെരുമ്പുഴ പാലത്തില്‍ വച്ചാണ് കലയെ കൊലപ്പെടുത്തിയതെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. ആയുധം ഉപയോഗിച്ചാണ് കൃത്യം നടത്തിയതെന്ന് സംശയിക്കുന്നുണ്ടെന്നാണ് പൊലീസിന്റെ കസ്റ്റഡി അപേക്ഷയിലുള്ളത്.
പ്രതികള്‍ക്കെതിരെ കൊലപാതകം കൂടാതെ തെളിവ് നശിപ്പിക്കല്‍ കുറ്റവും ചുമത്തിയിട്ടുണ്ട്. അനിലാണ് കേസിലെ ഒന്നാം പ്രതി. അനിലിനെ ഇതുവരെ ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ലെന്നും കണ്ടെത്തി നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയാണെന്നും പൊലീസ് പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.