60 ഭാഷകളിലേക്ക് നിമിഷങ്ങള്‍ക്കകം മൊഴി മാറ്റം: വായിക്കാം, കേള്‍ക്കാം; കാഴ്ച പരിമിതിയുള്ളവര്‍ക്ക് 'കീബോ' അനുഗ്രഹമാണ്

60 ഭാഷകളിലേക്ക് നിമിഷങ്ങള്‍ക്കകം മൊഴി മാറ്റം: വായിക്കാം, കേള്‍ക്കാം; കാഴ്ച പരിമിതിയുള്ളവര്‍ക്ക് 'കീബോ' അനുഗ്രഹമാണ്

കാസര്‍കോട്: ഇംഗ്ലീഷ് പുസ്തകത്തിന്റെ ഉള്ളടക്കം മലയാളത്തില്‍ കേള്‍ക്കണോ?.. അതിന് വഴിയുണ്ട്. അതാണ് നിര്‍മിത ബുദ്ധിയുടെ (എ.ഐ.) സഹായത്തോടെയുള്ള കീബോ.

കാഴ്ച വൈകല്യമുള്ള കുട്ടികള്‍ക്കായി കാസര്‍കോട് ഗവണ്‍മെന്റ് കോളജിലെ സെന്‍ട്രല്‍ ലൈബ്രറിയിലാണ് കീബോ സ്ഥാപിച്ചത്. കോളജിലെ മുന്‍ പ്രിന്‍സിപ്പല്‍ പ്രൊഫ. വി. ഗോപിനാഥാണ് കീബോ സ്ഥാപിക്കുന്നതിന് മുന്‍കൈയെടുത്തത്. സംസ്ഥാനത്തെ സര്‍ക്കാര്‍ കോളജുകളില്‍ ആദ്യമായാണ് ഈ സംവിധാനം.

ബ്രെയില്‍ ലിപിയില്‍ പുസ്തകം ലഭിക്കാതെ വിഷമിക്കുന്ന കാഴ്ച പരിമിതിയുള്ള കുട്ടികളെ വായനയുടെ ലോകത്തെത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. കുട്ടികളെ അവരുടെ ഇഷ്ട ഭാഷയില്‍ പുസ്തകങ്ങള്‍ വായിച്ചു കേള്‍പ്പിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. മറ്റു കുട്ടികള്‍ക്ക് ഇതിന്റെ സഹായത്തോടെ ഇഷ്ട ഭാഷയിലേക്ക് പുസ്തകങ്ങള്‍ പകര്‍ത്തി വായിക്കാനുമാകും.

മലയാളം, കന്നഡ, തമിഴ്, തെലുഗു, ബംഗാളി, ഉറുദു, മറാത്തി, പഞ്ചാബി, സംസ്‌കൃതം, ചൈനീസ് അടക്കമുള്ള 60 ഭാഷകള്‍ കീബോയിലുണ്ട്. നമുക്കാവശ്യമുള്ള പുസ്തകമെടുത്ത് പേജ് തുറന്ന് കീബോക്ക് കീഴില്‍ വെച്ചാല്‍ മതി. ഉള്ളടക്കം സ്‌കാന്‍ ചെയ്ത് നമ്മള്‍ ആവശ്യപ്പെടുന്ന ഭാഷയിലേക്ക് മൊഴി മാറ്റും.

അക്ഷര രൂപത്തില്‍ അത് കംപ്യൂട്ടര്‍ സ്‌ക്രീനില്‍ തെളിയും. ഉള്ളടക്കം വായിച്ചു കേള്‍ക്കാന്‍ കംപ്യൂട്ടര്‍ സ്‌ക്രീനില്‍ തെളിയുന്ന മൈക്കിന്റെ ചിഹ്നത്തില്‍ ക്ലിക്ക് ചെയ്താല്‍ മതി. പ്രിന്റ് ചെയ്തതിന് പുറമേ ആരുടെയെങ്കിലും കൈയക്ഷരത്തിലുള്ള നോട്ടുകളും കീബോയുടെ സഹായത്തില്‍ കേള്‍ക്കാന്‍ സാധിക്കും. വായന ഇഷ്ടപ്പെടുന്നവരെ ആയാസ രഹിതമായി ഉള്ളടക്കങ്ങളിലേക്ക് എത്തിക്കുന്നുവെന്നതാണ് പ്രത്യേകത.

നാല് വര്‍ഷ ബിരുദ കോഴ്‌സിന്റെ ആദ്യ ബാച്ച് പ്രവേശന ദിവസമാണ് കാസര്‍കോട് കോളജില്‍ കീബോ ലൈബ്രറി പ്രവര്‍ത്തിച്ചു തുടങ്ങിയത്. ഇപ്പോള്‍ എല്ലാ കുട്ടികളും കീബോ ഉപയോഗപ്പെടുത്തുന്നതായി ലൈബ്രേറിയന്‍ കെ.എന്‍. സതീഷ് പറഞ്ഞു

ലോക്സഭാ സന്‍സദ് ലൈബ്രറി, കൊല്‍ക്കട്ട രാജ്ഭവന്‍, ഐ.ഐ.ടി. ഡല്‍ഹി, ഐ.ഐ.എം, ഡല്‍ഹി, കേരള, ഗുജറാത്ത്, കര്‍ണാടക, ബെര്‍ഹാംപുര്‍, ത്രിപുര സര്‍വകലാശാലകളിലും കീബോ ഉപയോഗപ്പെടുത്തുന്നുണ്ട്.

കംപ്യൂട്ടറിനോടനുബന്ധിച്ചുള്ള പ്രതലം മാത്രമുപയോഗിച്ചാണ് കീബോ പ്രവര്‍ത്തിക്കുന്നത്. യാത്ര ചെയ്യുമ്പോള്‍ ബാഗില്‍ കൊണ്ടുപോകാന്‍ പറ്റുന്ന തരത്തിലുള്ള ഉപകരണമാണിത്. ആകെയുള്ളത് സ്‌കാനിങ് ലെന്‍സ് ഘടിപ്പിച്ച ഒരു കുഞ്ഞ് സ്റ്റാന്‍ഡ് മാത്രമാണ്. ഇത് ഡെസ്‌ക് ടോപിലോ ലാപ് ടോപിലോ ഘടിപ്പിച്ച് പ്രവര്‍ത്തിപ്പിക്കാം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.