ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷക്കെതിരെ വിവാദ പരാമര്‍ശം: മഹുവ മൊയ്ത്രക്കെതിരെ ഡല്‍ഹി പൊലീസ് കേസെടുത്തു

 ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷക്കെതിരെ വിവാദ പരാമര്‍ശം: മഹുവ മൊയ്ത്രക്കെതിരെ ഡല്‍ഹി പൊലീസ് കേസെടുത്തു

ന്യൂഡല്‍ഹി: ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മക്കെതിരെ എക്‌സില്‍ വിവാദ പരാമര്‍ശം നടത്തിയതിന് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്രക്കെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്. രേഖ ശര്‍മ നല്‍കിയ പരാതിയില്‍ ഭാരതീയ ന്യായ സംഹിതയിലെ (ബി.എന്‍.എസ്) സെക്ഷന്‍ 79 പ്രകാരം സ്ത്രീത്വത്തെ അപമാനിച്ചുവെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്.

ദേശീയ വനിതാ കമ്മീഷനും കഴിഞ്ഞ ദിവസം സ്വമേധയാ കേസെടുത്തിരുന്നു. സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമര്‍ശമാണ് മഹുവ നടത്തിയതെന്ന് കമ്മീഷന്‍ അഭിപ്രായപ്പെട്ടു. മഹുവ മൊയ്ത്രക്കെതിരെ ഉചിത നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് രേഖ ശര്‍മ ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ലക്കും കത്തയച്ചിട്ടുണ്ട്.

അതേസമയം കമ്മീഷന്‍ നടപടിയെ വെല്ലുവിളിച്ചും പരിഹസിച്ചും മഹുവ രംഗത്തെത്തിയിരുന്നു. അടിയന്തരമായി നടപടിയെടുക്കണമെന്ന് ഡല്‍ഹി പൊലീസിനോട് മഹുവ എക്‌സില്‍ കുറിച്ചു. മൂന്ന് ദിവസത്തിനുള്ളില്‍ അറസ്റ്റ് ചെയ്യണമെന്നുണ്ടെങ്കില്‍ താന്‍ ബംഗാളിലെ നാദിയയില്‍ ഉണ്ടെന്നും മഹുവ പോസ്റ്റില്‍ പറഞ്ഞു.

ബോസിന്റെ വസ്ത്രം താങ്ങി നടക്കുന്ന തിരക്കിലാണ് രേഖ ശര്‍മയെന്നാണ് മഹുവ എക്സില്‍ കമന്റിട്ടത്. ഹാഥ്‌റസ് ദുരന്ത സ്ഥലം സന്ദര്‍ശിക്കാന്‍ പോയ രേഖ ശര്‍മക്ക് ഒരാള്‍ കുട പിടിച്ചുകൊടുത്തതിലാണ് മഹുവ വിവാദ പരാമര്‍ശം നടത്തിയത്. പോസ്റ്റില്‍ നടപടി ആവശ്യപ്പെട്ട് രേഖ ശര്‍മ ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ലക്കും ഡല്‍ഹി പൊലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.