സിഡ്നി: ഓസ്‌ട്രേലിയയില്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ കടുത്ത മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നതായും അതു പരിഹരിക്കാന്‍ സര്‍വകലാശാലകള്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്തുന്നില്ലെന്നും പഠന റിപ്പോര്‍ട്ട്. സിഡ്നി യൂണിവേഴ്സിറ്റിയിലെയും ഡീക്കിന്‍ യൂണിവേഴ്സിറ്റിയിലെയും ഗവേഷകരുടെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് ഗുരുതരമായ കണ്ടെത്തലുള്ളത്. 37 സര്‍വ്വകലാശാലകള്‍ അവലോകനം ചെയ്തതില്‍ മൂന്ന് സര്‍വകലാശാലകളില്‍ മാത്രമാണ് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താന്‍ പദ്ധതികളുള്ളൂവെന്ന് സമിതി കണ്ടെത്തി. എസ്.ബി.എസ് ന്യൂസാണ് പഠന റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് വാര്‍ത്ത പുറത്തുവിട്ടത്.
ആഭ്യന്തര വിദ്യാര്‍ത്ഥികളെ അപേക്ഷിച്ച് വിദേശ വിദ്യാര്‍ത്ഥികളാണ് കൂടുതല്‍ മാനസിക സംഘര്‍ഷം അനുഭവിക്കുന്നത്. ഇവര്‍ക്ക് പിന്തുണ ലഭിക്കാനുള്ള സാധ്യതകളും കുറവാണ്. അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ മാനസികാരോഗ്യം വ്യക്തിഗത ഉത്തരവാദിത്തമെന്ന നിലയിലാണ് മിക്കവാറും സ്ഥാപനങ്ങള്‍ കാണുന്നതെന്നും സമിതി കുറ്റപ്പെടുത്തി.
കഴിഞ്ഞ ദശകത്തില്‍ (2009നും 2019-നും ഇടയില്‍) വിക്ടോറിയ സംസ്ഥാനത്ത് മാത്രം 47 അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തതായി ഒരു കൊറോണിയല്‍ റിപ്പോര്‍ട്ട് കണ്ടെത്തി. 2021-ലാണ് ഈ റിപ്പോര്‍ട്ട് പുറത്തുവന്നത്.
2018-ല്‍, 21 വയസുള്ള അന്താരാഷ്ട്ര വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതിനെ തുടര്‍ന്നാണ് കൊറോണിയല്‍ അന്വേഷണമുണ്ടായത്. വിക്ടോറിയയില്‍ പഠിക്കുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ സുരക്ഷയും ക്ഷേമവും സംബന്ധിച്ച് തനിക്ക് ആശങ്കകള്‍ ഉണ്ടെന്ന് കൊറോണര്‍ ഓഡ്രി ജാമിസണ്‍ കുറിച്ചു.
പുതിയ പഠന റിപ്പോര്‍ട്ടില്‍, അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ സാമൂഹികമായ ഒറ്റപ്പെടല്‍, തൊഴിലിലെ ചൂഷണം, പാര്‍പ്പിട പ്രതിസന്ധി, താങ്ങാനാകാത്ത ജീവിതച്ചെലവ്, സാമ്പത്തിക അരക്ഷിതാവസ്ഥ, വിവേചനം എന്നിവ അനുഭവിക്കുന്നവരാണെന്നും ഗവേഷകര്‍ അഭിപ്രായപ്പെട്ടു. മാനസിക സംഘര്‍ഷങ്ങള്‍ക്ക് സഹായം തേടാനും ഇവര്‍ മടിക്കുന്നു. ഭാഷാ പ്രതിസന്ധി, അപമാന ഭയം, ആരോഗ്യ നയങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മ എന്നിവ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ സഹായം തേടുന്നതില്‍ നിന്ന് തടയുന്നു.
അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് ഇംഗ്ലീഷ് പഠിക്കേണ്ടതിന്റെ ആവശ്യകതയും കുടുംബത്തിന്റെ അക്കാദമിക് പ്രതീക്ഷകള്‍ നിറവേറ്റാനുള്ള സമ്മര്‍ദവും മാനസിക സംഘര്‍ഷം വര്‍ദ്ധിപ്പിക്കുന്നു.
കൂടുതല്‍ സങ്കീര്‍ണമായ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്ന വിദ്യാര്‍ത്ഥികളെ തിരിച്ചറിയുന്നതിനോ പിന്തുണയ്ക്കുന്നതിനോ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സജ്ജരല്ലെന്ന് ഗവേഷണം റിപ്പോര്‍ട്ടില്‍ പറയുന്നു.
പല സര്‍വകലാശാലകളും ബജറ്റ് വെട്ടിക്കുറച്ചു. അതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇത്തരം സേവനങ്ങള്‍ ലഭ്യമാക്കുന്നതും കുറഞ്ഞു. അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ ക്ഷേമത്തിന് സഹായകമായ മാനസികാരോഗ്യ കൗണ്‍സിലിങ്, താമസം, ജോലി എന്നിവ ഉറപ്പാക്കുന്നത് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ നല്‍കുന്നതില്‍ നിന്ന് സര്‍വകലാശാലകളും പിന്‍വലിഞ്ഞു.
സര്‍വകലാശാലകള്‍ സമഗ്രമായ പിന്തുണ നല്‍കുന്നുവെന്ന് ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യമാണെന്ന് ഇന്റര്‍നാഷണല്‍ എഡ്യൂക്കേഷന്‍ അസോസിയേഷന്‍ ഓഫ് ഓസ്ട്രേലിയയുടെ സിഇഒ ഫില്‍ ഹണിവുഡ് പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.