തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം തുറമുഖത്തെത്തുന്ന ആദ്യ കണ്ടെയ്നര്‍ കപ്പല്‍ 'സാന്‍ ഫെര്‍ണാണ്ടോ'യ്ക്ക് ഗംഭീര സ്വീകരണമൊരുക്കും.
നാളെ തീരത്തെത്തുന്ന കപ്പലിന് മറ്റന്നാള്‍ രാവിലെ 10 ന് തുറമുഖത്ത് നടക്കുന്ന ചടങ്ങില്‍ ഔദ്യോഗിക സ്വീകരണം നല്‍കും. മുഖ്യമന്ത്രി പിണറായി വിജയനാണ് കപ്പലിനെ ഔദ്യോഗികമായി സ്വീകരിക്കുക. തുറമുഖ, സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ അധ്യക്ഷത വഹിക്കും. കേന്ദ്ര ഷിപ്പിങ് മന്ത്രി സര്‍ബാനന്ദ സോണോവാല്‍ മുഖ്യാതിഥിയാവും.
ചടങ്ങില്‍ മന്ത്രിമാരായ കെ. രാജന്‍, കെ.എന്‍ ബാലഗോപാല്‍, വി. ശിവന്‍കുട്ടി, സജി ചെറിയാന്‍, ജി.ആര്‍ അനില്‍, ശശി തരൂര്‍ എംപി, മേയര്‍ ആര്യാ രാജേന്ദ്രന്‍, എം. വിന്‍സെന്റ് എംഎല്‍എ, അദാനി പോര്‍ട്ട് സിഇഒ കരണ്‍ അദാനി, വിശിഷ്ട വ്യക്തികള്‍, ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.
ചൈനയിലെ സിയാമെന്‍ തുറമുഖത്ത് നിന്ന് പുറപ്പെട്ട സാന്‍ ഫെര്‍ണാണ്ടോ കപ്പലില്‍ നിന്നുള്ള 2000 കണ്ടെയ്നറുകള്‍ ട്രയല്‍ ഓപ്പറേഷന്റെ ഭാഗമായി വിഴിഞ്ഞത്ത് ഇറക്കും. കപ്പലിനുള്ളിലെ 400 കണ്ടെയ്നറുകളുടെ നീക്കങ്ങള്‍ക്കായി വിഴിഞ്ഞം തുറമുഖത്തെ സേവനം കപ്പല്‍ പ്രയോജനപ്പെടുത്തും. ഇതിന്റെ തുടര്‍ച്ചയായി വാണിജ്യ കപ്പലുകള്‍, കണ്ടെയ്നര്‍ കപ്പലുകള്‍ എന്നിവ എത്തിച്ചേരും.
ട്രയല്‍ ഓപ്പറേഷന്‍ രണ്ട് മുതല്‍ മൂന്നു മാസം വരെ തുടരും.ഈ സമയത്ത് തുറമുഖം വലിയ കപ്പലുകളുടെ പ്രവേശനത്തിന് സാക്ഷ്യം വഹിക്കും. ട്രയല്‍ പ്രവര്‍ത്തനം തുടങ്ങി ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഏകദേശം 400 മീറ്റര്‍ നീളമുള്ള വലിയ കണ്ടെയ്നര്‍ കപ്പല്‍ തുറമുഖത്തേക്ക് എത്തും. സെപ്റ്റംബറിലോ, ഒക്ടോബറിലോ കമ്മീഷനിങ് കഴിയുന്നതോടെ ലോകത്തെ മുന്‍നിര ഷിപ്പിങ് കമ്പനികള്‍ തുറമുഖത്ത് എത്തും.
വലിയ കപ്പലുകള്‍ തുറമുഖത്ത് കണ്ടയര്‍ ഇറക്കിയശേഷം തുറമുഖം വിട്ടുപോകും. പിന്നീട് ചെറിയ കപ്പലുകള്‍ വിഴിഞ്ഞത്ത് എത്തി ഈ കണ്ടെയ്നറുകള്‍ വിദേശത്തേക്കും രാജ്യത്തിന്റെ വിവിധ തുറമുഖങ്ങളിലേക്കും കൊണ്ടു പോകും. ഇതോടെ വിഴിഞ്ഞം തുറമുഖത്ത് ട്രാന്‍സ്ഷിപ്മെന്റ് പൂര്‍ണതോതില്‍ നടക്കും.
തുറമുഖ പ്രവര്‍ത്തനത്തിന് ആവശ്യമായ 32 ക്രെയിനുകളില്‍ 31 എണ്ണവും പ്രവര്‍ത്തന സജ്ജമായി. നാല് ടഗ്ഗുകള്‍ കമ്മീഷന്‍ ചെയ്തു. പൈലറ്റ് കം പട്രോള്‍ ബോട്ട്, നാവിഗേഷന്‍ എയ്ഡ്, പോര്‍ട്ട് ഓപ്പറേഷന്‍ ബില്‍ഡിങ്, 220 കെ.വി സബ് സ്റ്റേഷന്‍, 33 കെ.വി പോര്‍ട്ട് സബ് സ്റ്റേഷന്‍, ചുറ്റുമതില്‍, കണ്ടെയ്നര്‍ ബാക്കപ്പ് യാര്‍ഡ് എന്നിവയും പ്രവര്‍ത്തനയോഗ്യമായി.
എന്നാല്‍ ആദ്യ കപ്പലിന് സ്വീകരണം നല്‍കുന്ന പരിപാടിയില്‍ നിന്ന് തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് ജെ.നെറ്റോ വിട്ടു നില്‍ക്കും. വിഴിഞ്ഞം ഇന്റര്‍നാഷനല്‍ സീപോര്‍ട്ട് ലിമിറ്റഡ് പുറത്തിറക്കിയ നോട്ടിസില്‍ വിശിഷ്ട വ്യക്തികളുടെ പട്ടികയില്‍ ഡോ. തോമസ് ജെ.നെറ്റോയുടെ പേര് ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ ഔദ്യോഗികമായി ക്ഷണിക്കാത്തതിനാല്‍ അദേഹം പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് ബിഷപ്പ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു.
ഓള്‍ കേരള ബിഷപ്പ് കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കുന്നതിനായി ആര്‍ച്ച് ബിഷപ്പ് തോമസ് ജെ.നെറ്റോ നാളെ കൊച്ചിയിലേക്കു പോകും. പിന്നീട് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമേ അദേഹം തിരുവനന്തപുരത്തേക്കു തിരിച്ചെത്തുകയുള്ളൂ. ലത്തീന്‍ അതിരൂപത വികാരി ജനറല്‍ യൂജീന്‍ പെരേരയും ആര്‍ച്ച് ബിഷപ്പിനൊപ്പം കൊച്ചിക്ക് പോകും.
അതിനിടെ വിഴിഞ്ഞം തുറമുഖത്ത് മദര്‍ ഷിപ്പിനെ സ്വാഗതം ചെയ്യുന്ന ചടങ്ങിലേക്ക് പ്രതിപക്ഷ നേതാവിനെയും ഔദ്യോഗികമായി ക്ഷണിച്ചിട്ടില്ല. ഇത് പ്രതിഷേധാര്‍ഹമാണെന്ന് എം. വിന്‍സെന്റ് എംഎല്‍എ ഇന്ന് നിയമസഭയില്‍ പറഞ്ഞു.
എന്താണ് ഉണ്ടായത് എന്ന് പരിശോധിച്ച് തിരുത്താന്‍ ശ്രമിക്കുമെന്ന് മന്ത്രി സജി ചെറിയാന്‍ മറുപടിയില്‍ വ്യക്തമാക്കി. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ടുയര്‍ന്ന ചോദ്യോത്തര വേളയിലെ ചര്‍ച്ചകള്‍ക്കിടയിലാണ് ഈ വിഷയം ഉയര്‍ന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.