'ചര്‍ച്ച് ബില്ലിനെ ഭയക്കുന്നില്ല; ഒരുപാട് തവണ തീയില്‍ കൂടി കടന്നു പോയവരാണ് ഓര്‍ത്തഡോക്‌സ് സഭ': മാത്യൂസ് തൃതീയന്‍ കാതോലിക ബാവ

'ചര്‍ച്ച് ബില്ലിനെ ഭയക്കുന്നില്ല; ഒരുപാട് തവണ തീയില്‍ കൂടി കടന്നു പോയവരാണ് ഓര്‍ത്തഡോക്‌സ് സഭ': മാത്യൂസ് തൃതീയന്‍ കാതോലിക ബാവ

കോട്ടയം: സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവരാന്‍ പോകുന്ന ചര്‍ച്ച് ബില്‍ സഭ കാര്യമാക്കുന്നില്ലെന്ന് ഓര്‍ത്തഡോക്സ് സഭ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക ബാവ പറഞ്ഞു.

'ബില്ലിനെ പേടിക്കുന്നവരല്ല ഓര്‍ത്തഡോക്സ് സഭ. ഒരുപാട് തവണ തീയില്‍ കൂടി കടന്നു പോയവരാണ് . ഏത് മന്ത്രിസഭയോ, ഏത് സര്‍ക്കാരോ ബില്ല് കൊണ്ടുവന്നാലും സഭയ്ക്ക് യാതൊരു തരത്തിലുള്ള ഭയവുമില്ല. എല്ലാത്തിനെയും നേരിടാനുള്ള കരുത്ത് സഭയ്ക്കുണ്ട്.

ഓര്‍ത്തഡോക്സ് സഭയ്ക്ക് രാഷ്ട്രീയ സഹായമല്ല ആവശ്യം, സഭയ്ക്ക് വേണ്ടത് സ്വാതന്ത്ര്യമാണ്. സഭയുടെ ഭരണ ഘടനയും അത് അംഗീകരിക്കുറപ്പിച്ച സുപ്രീം കോടതി വിധിയും അംഗീകരിക്കാനും നടപ്പാക്കാനും തയ്യാറുള്ള ആരോടും സംസാരിക്കാന്‍ തയ്യാറാണ്. അത് അംഗീകരിക്കാത്ത ആരോടും സംസാരിക്കാന്‍ സഭയ്ക്ക് താല്‍പര്യവുമില്ല'- കാതോലിക ബാവ വ്യക്തമാക്കി.

രാജ്യത്തിന്റെ നിയമം അനുസരിക്കാന്‍ തയ്യാറല്ലാത്തവരുമായി യാതൊരു തരത്തിലുള്ള സഖ്യം ഉണ്ടാക്കുവാന്‍ ഓര്‍ത്തഡോക്സ് സഭയ്ക്ക് കഴിയില്ല. മുമ്പ് സഭ അതിനു തയ്യാറായപ്പോള്‍ പലവിധത്തിലുള്ള പീഡനങ്ങളും ആക്ഷേപങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. എല്ലാ സര്‍ക്കാരിന്റേയും കാലത്ത് പല ഉപസമിതികളും ഉണ്ടായിട്ടുണ്ട്.

പക്ഷേ, അങ്ങനെയുള്ള മധ്യസ്ഥതകളില്‍ നിന്നും മലങ്കര സഭയ്ക്ക് ഇതുവരെ പ്രയോജനം ഉണ്ടായില്ല. സുപ്രീം കോടതി വിധി അനുസരിക്കാന്‍ തയ്യാറില്ലാത്തവര്‍ എല്‍ഡിഎഫ് ആയാലും യുഡിഎഫ് ആയാലും ബിജെപി ആയാലും യാക്കോബായക്കാര്‍ ആയാലും അവരോട് സംസാരിക്കാന്‍ തയ്യാറില്ല എന്നത് മുന്‍ സഭ അധ്യക്ഷന്‍ പൗലോസ് ദ്വിതീയന്‍ ബാവ നല്‍കിയ സന്ദേശമാണന്നും അദേഹം വ്യക്തമാക്കി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.