ന്യൂഡല്‍ഹി: എസ്എഫ്‌ഐ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം നില്‍ക്കുന്ന പ്രസ്ഥാനമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ചില പാളിച്ചകള്‍ സംഭവിച്ചിട്ടുണ്ട്. അത് തിരുത്താന്‍ സാധിക്കണം. എല്ലാ കുറ്റവും സിപിഎമിന്റേത് എന്ന് പറയുന്നതല്ല സിപിഐ നിലപാടെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
പാര്‍ലമെന്റ് അംഗത്വം ഒഴിഞ്ഞതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ ഓള്‍ ഇന്ത്യ മലയാളി അസോസിയേഷന് നല്‍കിയ യാത്രയയപ്പില്‍ സംസാരിക്കുകയായിരുന്നു ബിനോയ് വിശ്വം.
ക്യാമ്പസുകള്‍ ആശയത്തിന്റെ വേദികള്‍ ആകണം. ശരിയുടേതാണ് ഇടതുപക്ഷത്തിന്റെ കാഴ്ചപ്പാട്. എസ്എഫ്‌ഐയുടെ ആശയം തനിക്ക് അറിയാം. വിദ്യാര്‍ഥികള്‍ക്കൊപ്പം നില്‍ക്കുന്ന ആശയമാണ് എസ്എഫ്‌ഐയുടേത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ സംവാദം നടക്കുന്നുണ്ട്. എഐഎസ്എഫ് ഒരു ക്യാമ്പസിലും എസ്എഫ്‌ഐയോട് ഏറ്റുമുട്ടാന്‍ പോകരുത്. എസ്എഫ്‌ഐയില്‍ ഇടതുപക്ഷ നിലപാടിലൂന്നിയ തിരുത്തല്‍ വരുത്തേണ്ടതുണ്ടെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.
ആയിരം നന്മ നമ്മളോടൊപ്പം ഉണ്ടെങ്കിലും ചില പാളിച്ചകള്‍ സംഭവിച്ചിട്ടുണ്ട്. അത് തിരുത്താന്‍ സാധിക്കണം. സിപിഎം മാത്രമല്ല തിരുത്തേണ്ടത് സിപിഐയും തിരുത്തണം. പിണറായി വിജയനുമായി തനിക്ക് തര്‍ക്കമുണ്ടെന്ന് ചിലര്‍ കരുതുന്നു. എന്നാല്‍ ചില വിഷയങ്ങളില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാകാമെന്നല്ലാതെ മുഖ്യമന്ത്രിയുമായി തനിക്ക് നല്ല ബന്ധമാണ്.
ആശയങ്ങള്‍ തമ്മിലാകണം ഏറ്റുമുട്ടേണ്ടത്. ആശയത്തില്‍ ഉറപ്പുണ്ടെങ്കില്‍ ആയുധം തപ്പി പോകേണ്ടി വരില്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.