പ്രവാസികളെ ലക്ഷ്യമിട്ട് സാമ്പത്തിക തട്ടിപ്പ്; നൂറ് പേരില്‍ നിന്നായി തട്ടിയെടുത്തത് പത്ത് കോടിയോളം രൂപ

 പ്രവാസികളെ ലക്ഷ്യമിട്ട് സാമ്പത്തിക തട്ടിപ്പ്; നൂറ് പേരില്‍ നിന്നായി തട്ടിയെടുത്തത് പത്ത് കോടിയോളം രൂപ

തൃശൂര്‍: സാമ്പത്തിക തട്ടിപ്പില്‍ പത്തുകോടി രൂപ നഷ്ടപ്പെട്ടെന്ന പരാതിയുമായി പ്രവാസികള്‍. പന്ത്രണ്ട് ശതമാനം പലിശ വാഗ്ദാനം ചെയ്ത് പ്രവാസികളില്‍ നിന്ന് നിക്ഷേപം സ്വീകരിച്ച് വഞ്ചിച്ചുവെന്നാണ് പരാതി. പ്രവാസി ഗ്രൂപ്പ് ഒഫ് കമ്പനീസിന്റെ പേരിലാണ് തട്ടിപ്പ് നടന്നത്.

നൂറ് പേരില്‍ നിന്നായി പത്ത് കോടി രൂപയാണ് തട്ടിയെടുത്തത്. ഒരു ലക്ഷം രൂപ മുതല്‍ 35 ലക്ഷം വരെ നഷ്ടപ്പെട്ടവരുണ്ട്. കഴിഞ്ഞ ഫെബ്രുവരി മുതല്‍ മുതലുമില്ല പലിശയുമില്ല എന്ന അവസ്ഥയാണെന്ന് ഇരയായ പ്രവാസികള്‍ പറയുന്നു. പരാതി നല്‍കിയിട്ടും കമ്പനി ഉടമകളെ പൊലീസ് സംരക്ഷിക്കുന്നുവെന്നും നിക്ഷേപകര്‍ ആരോപിക്കുന്നു.

വിദേശത്ത് ജോലി ചെയ്ത സമ്പാദ്യമാണ് നിക്ഷേപിച്ചതെന്നും തുടക്കത്തില്‍ പലിശ ലഭിച്ചിരുന്നുവെന്നും പിന്നീട് ഒരു വിവരവും ഇല്ലാതായെന്നും പരാതിക്കാര്‍ പറയുന്നു. വിധവകള്‍ക്ക് പെന്‍ഷന്‍ അടക്കമുള്ള പദ്ധതികള്‍ കണ്ടാണ് കമ്പനിയെ വിശ്വസിച്ചതെന്നും തട്ടിപ്പിരയായവര്‍ പറയുന്നു.

2018-2019 കാലത്താണ് ഇതില്‍ ചിലര്‍ പണം നിക്ഷേപിച്ചത്. കമ്പനിയ്ക്ക് ലൈസന്‍സ് ഇല്ലാതിരുന്ന സമയത്താണ് തങ്ങളില്‍ നിന്ന് പണം വാങ്ങിയതെന്നും ഇവര്‍ വ്യക്തമാക്കുന്നു. തൃശൂര്‍ ജില്ലയില്‍ സൈബര്‍ തട്ടിപ്പുകളും വ്യാപകമാവുന്നവെന്ന് പൊലീസ് വ്യക്തമാക്കുന്നു. ഈ വര്‍ഷം സിറ്റി-റൂറല്‍ പൊലീസ് പരിധികളിലായി ജനുവരി മുതല്‍ ജൂലൈ വരെ സൈബര്‍ തട്ടിപ്പിലൂടെ നഷ്ടപ്പെട്ടത് 32 കോടിയോളം രൂപയാണ്. രജിസ്റ്റര്‍ ചെയ്ത 314 കേസുകളില്‍ 27 കോടിയോളം രൂപ നഷ്ടപ്പെട്ടു. സിറ്റി പരിധിയില്‍ 190 കേസും റൂറല്‍ പരിധിയില്‍ 124 കേസും രജിസ്റ്റര്‍ ചെയ്തു. റൂറല്‍ പരിധിയില്‍ 19 പേര്‍ അറസ്റ്റിലായി.

കൂടാതെ റൂറല്‍ പരിധിയില്‍ ആയിരത്തിലേറെ പരാതികളും ലഭിച്ചിട്ടുണ്ട്. വ്യാജ ലിങ്കുകള്‍ അയച്ച് തെറ്റിദ്ധരിപ്പിച്ച് തട്ടിപ്പ് നടത്തുന്ന രീതിയും ഷെയര്‍മാര്‍ക്കറ്റ് പോലുള്ള വ്യാപാര തട്ടിപ്പുകളും വ്യാപകമാണ്. ഒടിപി ഷെയര്‍ ചെയ്ത് പണം തട്ടുന്ന ഒടിപി തട്ടിപ്പ് രീതിയിലൂടെ പണം നഷ്ടപെടുന്നവരും ഏറെയാണ്. അതിനിടെ വ്യാജ പൊലീസ് ഓഫീസര്‍ ചമഞ്ഞ് 16.41 ലക്ഷം തട്ടിയ സംഭവവുമുണ്ടായിട്ടുണ്ട്. ഇത്തരത്തില്‍ ഒരു വ്യക്തിക്ക് മാത്രമായി നഷ്ടമായത് 2.17 കോടിയാണ്. ഇതില്‍ തിരിച്ചെടുക്കപ്പെട്ട തുക 9.50 ലക്ഷം മാത്രമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.