നോവായി ജോയി; കണ്ണീരോടെ വിട നൽകി നാട്; മാരായമുട്ടത്തെ വീട്ടുവളപ്പില്‍ അന്ത്യവിശ്രമം

നോവായി ജോയി; കണ്ണീരോടെ വിട നൽകി നാട്; മാരായമുട്ടത്തെ വീട്ടുവളപ്പില്‍ അന്ത്യവിശ്രമം

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടില്‍ വീണു മരിച്ച ശുചീകരണത്തൊഴിലാളി ജോയിയുടെ മൃതദേഹം സംസ്കരിച്ചു. മാരായമുട്ടത്തെ ജോയിയുടെ വീട്ടുവളപ്പിലായിരുന്നു സംസ്‌കാര ചടങ്ങുകള്‍. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷമാണ് മൃതദേഹം ജോയിയുടെ സഹോദരന്റെ വസതിയില്‍ പൊതുദര്‍ശനത്തിന് വെച്ചത്. പത്ത് മിനിറ്റില്‍ താഴെയായിരുന്നു പൊതുദര്‍ശനം.

മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടായിരുന്നതിനാല്‍ ഇക്കാര്യത്തില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ നിര്‍ദേശവും ഉണ്ടായിരുന്നു. ജോയിയെ അവസാനമായി കാണാന്‍ നാട്ടുകാരടക്കം നിരവധി പേര്‍ എത്തിയിരുന്നു. തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ആര്യ രവീന്ദ്രന്‍, എംഎല്‍എ സി.കെ.ഹരീന്ദ്രന്‍ എന്നിവര്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് സംസ്‌കാര ചടങ്ങിനെത്തിയിരുന്നു.

46 മണിക്കൂർ നേരത്തെ തിരച്ചിലിനൊടുവിൽ തകരപ്പറമ്പ് വഞ്ചിയൂർ റോ‍ഡിലെ കനാലിൽ നിന്നുമാണ് ജോയിയുടെ മൃതദേഹം കണ്ടെത്തിയത്. ജീർണിച്ച അവസ്ഥയിലായിരുന്നു മൃതദേഹം. കഴിഞ്ഞ രണ്ട് ദിവസമായി ഫയർഫോഴ്സ്, എൻഡിആർഎഫ് സംഘങ്ങൾ റെയിൽവേയുടെ ഭാഗത്ത് തെരച്ചിൽ നടത്തിയിരുന്നെങ്കിലും ജോയിയെ കണ്ടെത്താനായിരുന്നില്ല. ഇന്ന് കൊച്ചിയിൽ നിന്നുള്ള നേവി സംഘവും സ്ഥലത്ത് തെരച്ചിലിനെത്തിയിരുന്നു. ഇന്നത്തെ തെരച്ചിൽ ആരംഭിക്കാനിരിക്കെയാണ് തകരപറമ്പ് ഭാഗത്ത് ഒരു മൃതദേഹം കനാലിൽ കണ്ടെത്തിയെന്ന വിവരം പുറത്ത് വന്നത്.

ശുചീകരണ തൊഴിലാളികളാണ് മാലിന്യങ്ങൾക്കിടയിൽ ഒരു മൃതദേഹം പൊങ്ങിക്കിടക്കുന്നുവെന്ന വിവരം പൊലീസിനെ അറിയിച്ചത്. ഉടൻ തന്നെ പൊലീസ് സംഘവും ജോയിയുടെ ബന്ധുക്കളും സ്ഥലത്തെത്തി. മൃതദേഹം ജോയിയുടേതെന്ന് സ്ഥിരീകരിക്കുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.