ബൈജൂസിനെ പാപ്പരായി പ്രഖ്യാപിക്കാന്‍ ദേശീയ കമ്പനികാര്യ ട്രൈബ്യൂണല്‍; നടപടി ബിസിസിഐയുടെ ഹര്‍ജിയില്‍

ബൈജൂസിനെ പാപ്പരായി പ്രഖ്യാപിക്കാന്‍ ദേശീയ കമ്പനികാര്യ ട്രൈബ്യൂണല്‍; നടപടി ബിസിസിഐയുടെ ഹര്‍ജിയില്‍

കൊച്ചി: രാജ്യത്തെ പ്രമുഖ ഓണ്‍ലൈന്‍ വിദ്യാഭ്യാസ സ്റ്റാര്‍ട്ടപ്പായ ബൈജൂസിനെ പാപ്പര്‍ കമ്പനിയായി പ്രഖ്യാപിക്കാനുള്ള നടപടികള്‍ ബംഗളൂരുവിലെ ദേശീയ കമ്പനികാര്യ ട്രൈബ്യൂണല്‍ ആരംഭിച്ചു. ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) നല്‍കിയ ഹര്‍ജിയിലാണ് നടപടി. ബിസിസിഐയ്ക്ക് സ്പോണ്‍സര്‍ഷിപ്പ് ഇനത്തില്‍ 158 കോടി രൂപയാണ് ബൈജൂസ് നല്‍കാനുള്ളത്.

മലയാളി സംരംഭകനായ ബൈജു രവീന്ദ്രന്റെ ഉടമസ്ഥതയിലുള്ള ബൈജൂസിന്റെ മാതൃ കമ്പനിയായ തിങ്ക് ആന്‍ഡ് ലേണിനെ പാപ്പരായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുന്ന ബിസിസിഐയുടെ ഹര്‍ജി ദേശീയ കമ്പനി ലോ ട്രൈബ്യൂണല്‍ (എന്‍സിഎല്‍ടി) കഴിഞ്ഞ ദിവസം അനുവദിച്ചിരുന്നു.

ഇതിന്റെ ഭാഗമായി ഇടക്കാല റെസലൂഷന്‍ പ്രൊഫഷണലായി പങ്കജ് ശ്രീവാസ്തവയെ ട്രൈബ്യൂണല്‍ നിയമിച്ചു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ജഴ്‌സി സ്‌പോണ്‍സര്‍ഷിപ്പിന്റെ പേരില്‍ ബിസിസിഐക്ക് പണം തിരികെ നല്‍കാനുണ്ടെന്നും എന്‍സിഎല്‍ടി കണ്ടെത്തിയിരുന്നു. ബിസിസിഐയുമായുള്ള തര്‍ക്കം ഒത്തുതീര്‍പ്പ് ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ അനുവദിക്കണമെന്ന ബൈജൂസിന്റെ ആവശ്യം ട്രൈബ്യൂണല്‍ തള്ളിയിരുന്നു.

നിലവില്‍ ബൈജൂസ് മൊറോട്ടോറിയത്തിന് കീഴിലായതിനാല്‍ പണം തിരിച്ചെടുക്കുന്നതിനുള്ള ജുഡീഷ്യല്‍ നടപടികളോ ആസ്തികളുടെ വില്‍പനയോ കരാറുകള്‍ റദ്ദാക്കുന്നതിനോ നിരോധനമുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ജഴ്സിയുടെ സ്‌പോണ്‍സര്‍ഷിപ്പ് കരാര്‍ 2019 ലാണ് ബിസിസിഐയും ബൈജൂസുമായി ഒപ്പുവെച്ചത്.

2022 വരെയാണ് കരാര്‍ കാലാവധി ഉണ്ടായിരുന്നതെങ്കിലും ബിസിസിഐ ഒരു വര്‍ഷം അധികമായി അനുവദിച്ചു. എന്നാല്‍ കരാര്‍ പുതുക്കുന്നതിന് താല്‍പര്യമില്ലെന്ന് ബൈജൂസ് 2023 ല്‍ ബിസിസിഐയെ അറിയിച്ചിരുന്നു




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.